സ്വന്തം വീട്ടിലേക്കൊതുങ്ങി ഉദ്ധവ് താക്കറെ; പാർട്ടിയും പദവിയും നഷ്ടമാകുമെന്നുറപ്പ്; വിമത ക്യാമ്പിലെ എംഎൽഎമാരുടെ എണ്ണം 50 കടക്കും

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന പൂർണമായും ഇല്ലാതാകുന്നു. വിമത നേതാവ് ഏക്നാഥ് ഷിൻഡെക്കൊപ്പം ബഹുഭൂരിപക്ഷം ശിവസേന എംഎൽഎമാരും ചേർന്നു. ഇന്ന് ഉച്ചയോടെ വിമത പക്ഷത്തെ എംഎൽഎമാരുടെ എണ്ണം 50 കവിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ഇന്നലെ രാത്രി രണ്ടുപേർ വന്നതടക്കം നിലവിൽ 47 എംഎൽഎമാർ ഹോട്ടലിലുണ്ട്. മൂന്ന് എംഎൽഎമാർ കൂടി സൂറത്തിൽ നിന്ന് ഗുവാഹട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. ഹോട്ടലിലുള്ള 47 എംഎൽഎമാരിൽ 37 പേർ ശിവസേനയിൽ നിന്നുള്ളവരാണ്. ബാക്കി പ്രഹാർ സംഗതൻ പാർട്ടിയുടേയും സ്വതന്ത്ര എംഎൽഎമാരുമാണ്.
ശിവസേനയിലെ 40 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് ഏക്നാഥ് ഷിന്ദേ അവകാശപ്പെട്ടു. ആകെ 55 എംഎൽഎമാരാണ് മഹാരാഷ്ട്ര നിയമസഭയിൽ ശിവസേനക്കുള്ളത്. കൂടാതെ പാർട്ടിയുടെ ബഹുഭൂരിപക്ഷം എംപിമാരും താക്കറെ കുടുംബത്തെ ഉപേക്ഷിച്ചിട്ടുണ്ട്. 19 ലോക്സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരുമാണ് ശിവസേനക്കുള്ളത്. ഇവരിൽ മിക്കവരും ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പാർട്ടി സാമാജികർ ഒന്നടങ്കം കൈവിട്ടതിന് പിന്നാലെ ഉദ്ധവ് താക്കറെ ശിവസേനയുടെ ജില്ലാ മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ എത്രപേർ പങ്കെടുക്കുമെന്നതും അവരുടെ നിലപാടുകളും നിർണായകമാകും. ഷിൻഡെയും വിമതരും ശിവസേനയുടെ പാർട്ടി ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച് നീക്കങ്ങൾ നടത്താനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് ഉദ്ധവിന്റെ യോഗം. ഇന്നലെ രാത്രി സോണൽ മേധാവിമാരുടെ യോഗം വിളിച്ചിരുന്നു അദ്ദേഹം.
ഇതിനിടെ താനെ മുനിസിപ്പൽ കോർപ്പറേഷനിലെ ശിവസേനയുടെ 60 കൗൺസിലർമാർ ഷിന്ദേയ്ക്ക് പിന്തുണയർപ്പിച്ചതായും വിവരമുണ്ട്. ‘ഞങ്ങളുടെ നിലപാടിൽ വിശ്വാസമുള്ളവർ ഞങ്ങളോടൊപ്പം ചേരും. ബാലാസാഹെബ് താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് ഇഷ്ടപ്പെടുന്നവർ വരും’ ഏക്നാഥ് ഷിൻഡെ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിമതർ ശിവസേന വിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.