താരമായിരിക്കെ ബലാത്സംഗം ചെയ്തത് പ്രമുഖനുൾപ്പെടെ മൂന്നുപേർ; അയർലൻഡ് വനിതാ ഫുട്ബോളറുടെ വെളിപ്പെടുത്തൽ ഇങ്ങനെ..

ഡബ്ലിൻ: ഫുട്ബോൾ താരമായിരിക്കെ സുപ്രധാന വ്യക്തി തന്നെ ബലാത്സംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി റിപ്പബ്ലിക് ഓഫ് അയർലൻഡ് വനിതാ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലക. താൻ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയായിട്ടുണ്ടെന്നാണ് ട്വിറ്റർ കുറിപ്പിലൂടെ വെറ പാവു വെളിപ്പെടുത്തുന്നത്. ഫുട്ബോളിലെ സുപ്രധാന സ്ഥാനത്തുണ്ടായിരുന്ന വ്യക്തി ഉൾപ്പെടെ മൂന്നുപേർ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.
1984–1998 കാലഘട്ടത്തിൽ ഹോളണ്ടിനായി 89 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണു വെറ. ‘കഴിഞ്ഞ 35 വർഷമായി ഞാൻ ഒരു രഹസ്യം ഒളിച്ചുവച്ചിരുന്നു. ലോകത്തിൽനിന്ന്, എന്റെ കുടുംബാംഗങ്ങളിൽനിന്ന്, എന്റ സഹതാരങ്ങളിൽനിന്ന്, അങ്ങനെ എല്ലാവരിലും നിന്ന്. എന്നിൽനിന്നുതന്നെ ഇക്കാര്യം ഞാൻ ഇതുവരെ മറച്ചുവച്ചിരിക്കുകയായിരുന്നെന്നും അംഗീകരിക്കുന്നു.
യുവ താരമായിരിക്കെ, ഫുട്ബോളിലെ സുപ്രധാന സ്ഥാനത്തുണ്ടായിരുന്ന വ്യക്തിയിൽനിന്നു ബലാത്സംഗത്തിനു വിധേയയായ കാര്യം ഞാനുമായി ഏറ്റവും അടുത്തു നിൽക്കുന്ന ആളുകൾക്കു പോലും അറിവുണ്ടാകില്ല. പിന്നീട് മറ്റു 2 പേരിൽനിന്നുകൂടി ഞാൻ ലൈംഗികാതിക്രമത്തിന് ഇരയായി. ഈ സംഭവങ്ങൾ നടക്കുന്ന സമയത്ത് ഇവർ 3 പേരും ഡച്ച് ഫുട്ബോളിലെ ജീവനക്കാരായിരുന്നു’– വെറ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ.
വെറയ്ക്കു പിന്തുണയുമായി ഐറിഷ് ഫുട്ബോൾ അസോസിയേഷനും ഒട്ടേറെ ആരാധകരും രംഗത്തെത്തി. വെറയുടെ വെളിപ്പെടുത്തലിന്റെ വ്യാപ്തി പൂർണമായും മനസ്സിലാക്കുന്നെന്നും മുഖ്യ പരിശീലകയ്ക്കു പരിപൂർണ പിന്തുണ നൽകുന്നതായും അയർലൻഡ് ഫുട്ബോൾ അസോസിയേഷൻ വാർത്താക്കുറിപ്പിറക്കി.
അതേ സമയം, വെറയുടെ വെളിപ്പെടുത്തലിനു പിന്നാലെ കൃത്യമായ പ്രതികരണം നടത്താൻ വൈകിയതായി ഡച്ച് ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചു. ‘സുരക്ഷിതമായി അന്തരീക്ഷത്തിൽ വെറയ്ക്കു ജോലിചെയ്യാൻ സാധിച്ചില്ല എന്ന കാര്യം അംഗീകരിക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ടു വിഷയത്തിൽ അന്വേഷണം നടത്താൻ ഞങ്ങൾ സംയുക്തമായി തീരുമാനമെടുത്തിരിക്കുകയാണ്’– ഡച്ച് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.