KERALANEWSTop News

രാജിവെക്കില്ല; പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്; ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്; മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്ന് കൂടിക്കാഴ്ച്ചക്കു ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രാജിവെക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് അറിയിക്കാനാണ് ക്ലിഫ് ഹൗസിലേക്ക് വന്നതെന്നും മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല താന്‍ എത്തിയതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഫോണിലൂടെയും വിഷയത്തില്‍ മുഖ്യമന്ത്രിയോട് ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ടു പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്.

എന്നാൽ പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രശ്നം ഉന്നയിക്കുന്നതിനൊപ്പം സഭയ്ക്ക് പുറത്തും പ്രതിഷേധം കടുപ്പിക്കും. വീണ്ടും ഫോൺ സംഭാഷണത്തിൽ എ കെ ശശീന്ദ്രൻ കുടുങ്ങുമ്പോൾ മന്ത്രി മാത്രമല്ല സർക്കാരും ഒപ്പം വെട്ടിലായി.

സിപിഎം കരുതലോടെയാണ് പ്രശ്നത്തിൽ പ്രതികരിച്ചത്. എൻസിപി അന്വേഷണ കമ്മീഷനെ വച്ച സാഹചര്യത്തിൽ ആ പാർട്ടി നിലപാട് എടുക്കും വരെ കാത്തിരിക്കാമെന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്. പരാതിക്കാരിയും കുടുംബവും മന്ത്രിക്കെതിരെ കൂടുതൽ ആരോപണം ഉന്നയിച്ചത് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. സ്ത്രീസുരക്ഷ വലിയ ചർച്ചയാകുകയും സ്ത്രീകളിൽ നിന്ന് പരാതി വീട്ടിലെത്തി സ്വീകരിക്കാൻ പുതിയ പദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പീഡന പരാതി നല്ല നിലയിൽ തീ‍ർക്കണമെന്ന മന്ത്രി എ കെ ശശീന്ദ്രന്‍റെ ഫോൺ സംഭാഷണം പുറത്താകുന്നത്.

പാർട്ടിയിലെ ആഭ്യന്തര പ്രശ്നം തീർക്കാനുള്ള ഇടപെടൽ എന്നാണ് മന്ത്രിയുടെ പ്രതിരോധം. എന്നാൽ പൊലീസ് കേസെടുക്കാൻ പോലും തയ്യാറാകുന്നില്ലെന്ന പരാതി ഉയർന്ന സംഭവത്തിലാണ് തീർപ്പാക്കാനുള്ള മന്ത്രിയുടെ ഇടപെടൽ എന്നത് സ്ഥിതി ഗുരുതരമാക്കുന്നു. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ പ്രതിപക്ഷം രാജി ആവശ്യം ശക്തമാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close