KERALANEWSTrending

കല്ലടയാറിന്റെ ആഴങ്ങളിൽ നിന്നും രേവതിയെ കണ്ടെടുക്കുമ്പോഴും ജീവന്റെ തുടിപ്പുകൾ ബാക്കിയുണ്ടായിരുന്നു; മരണം സംഭവിച്ചത് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ; സ്ത്രീധന മരണങ്ങൾ തുടർക്കഥയാകുമ്പോൾ നടുക്കം മാറാതെ നാട്

കൊല്ലം: നാട്ടുകാരും പൊലീസും ഉണർന്ന് പ്രവർത്തിച്ചിട്ടും കല്ലടയാറ്റിൽ ചാടിയ യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കടപുഴ പാലത്തിൽ നിന്നും കിഴക്കേകല്ലട നിലമേൽ സൈജു ഭവനിൽ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണൻ കല്ലടയാറ്റിലേക്ക് ചാടുമ്പോൾ പാലത്തിന്റെ കിഴക്കേ കരയിൽ കിഴക്കേ കല്ലട പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. യുവതി ചാടുന്നത് കണ്ട് വഴിയരികിൽ കച്ചവടം നടത്തിക്കൊണ്ടിരുന്ന സ്ത്രീകൾ നിലവിളിച്ചു. ഇതോടെ പൊലീസ് ഓടിയെത്തി കടപുഴ ടൂറിസത്തിന്റെ ശിക്കാര ബോട്ടിൽ യുവതിയെ കരക്കെത്തിച്ചു. കരക്കെത്തിക്കുമ്പോഴും രേവതിക്ക് ജീവനുണ്ടായിരുന്നു. എന്നാൽ, ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് യുവതി മരിച്ചത്.

കടപുഴ പാലത്തിന് കിഴക്കുവശം കിഴക്കേകല്ലട എസ്‌ഐ ബി അനീഷ് വാഹന പരിശോധന നടത്തുമ്പോഴാണ് റോഡരികില്‍ മുട്ടവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ ഒരു പെണ്‍കുട്ടി പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയതായി വിളിച്ചുകൂവിയത്. ഉടനെ താഴെ എത്തിയ എസ്‌ഐ അനീഷും സംഘവും വള്ളം ഇറക്കി താഴെ എത്തി നല്ല ഒഴുക്കും ആഴവുമുള്ള ഭാഗത്ത് ആയിട്ടും യുവതിയെ കണ്ടെത്തി. രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു എസ്ഐയും സഘവും എന്നാല്‍ മരണം സംഭവിച്ചു. താലിയിലെ സൈജു എന്ന പേരുവച്ച് സമൂഹമാധ്യമത്തില്‍ പടം നല്‍കി അന്വേഷിച്ചതോടെയാണ് രേവതിയാണ് മരിച്ചതെന്ന് മനസിലായത്.

രേവതി കൃഷ്ണൻ ആത്മഹത്യ ചെയ്തത് വിവാഹ വേളയിൽ സ്വർണം കുറഞ്ഞുപോയെന്ന ഭർതൃ വീട്ടുകാരുടെ കുറ്റപ്പെടുത്തലിനെ തുടർന്നെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മരണത്തെക്കുറിച്ച് രേവതിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ. നിര്‍ധനകുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി.

കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്രപവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം. ഇങ്ങനെ ഭര്‍ത്തൃവീട്ടില്‍ രേവതിക്കുണ്ടായ മാനസീക ബുദ്ധിമുട്ട് പൊലീസിനോട് വിശദമായി നല്‍കിയിട്ടുണ്ട്.

‘നിങ്ങളുടെ അച്ഛന് കൂടുതൽ പണമുള്ള പെണ്ണിനെയാണ് ആവശ്യം, അതുകൊണ്ട് ഞാൻ പോകുന്നു’ വിദേശത്തുള്ള ഭർത്താവിനു ഇങ്ങനെ വാട്‌സ്‌ ആപ്പ്‌ സന്ദേശം അയച്ച ശേഷമാണ് വീടുവിട്ടിറങ്ങിയ യുവതി ആറ്റിലേക്കു ചാടിയത്. സന്ദേശം കിട്ടിയതിന് പിന്നാലെ സൈജു ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും രേവതി ഫോൺ എടുത്തില്ല. ഉടൻ തന്നെ കൈതക്കോട്ടുള്ള രേവതിയുടെ മാതാവിനെവിളിച്ചുവിവരം പറഞ്ഞു. മാതാവ് ഫോണ്‍ വിളിച്ചിട്ട് ബെല്‍ അടിച്ചതേയുള്ളു. അവർ ഓട്ടോറിക്ഷ വിളിച്ച് കിഴക്കേ കല്ലട സൈജുവിന്റെ വീട്ടിലെത്തി എന്നാല്‍ ഫോണ്‍ വച്ചിരിക്കു്ന്നതാണ് കണ്ടത്. പരിസരത്ത് കാണാതെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ആറ്റില്‍ ചാടിയ വിവരമറിയുന്നത്.

കൈതക്കോട് ചെറുപൊയ്ക കുഴിവിള വീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകൾ രേവതിയും സൈജുവും കഴിഞ്ഞ വർഷം ആഗസ്ത്‌ 30നാണ്‌ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുശേഷം സൈജു ജോലിസ്ഥലത്തേക്ക് തിരികെപ്പോയിരുന്നു. തുടർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് സൈജുവിന്റെ അച്ഛൻ ബാലൻ രേവതിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി രേവതിയുടെ ബന്ധുക്കൾ പറഞ്ഞു. രേവതിയുടെ മൊബൈൽ ഫോണും ഡയറിയും സൈജുവിന്റെ വീട്ടിൽനിന്ന് കിഴക്കേകല്ലട പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കിഴക്കേ കല്ലട പൊലീസ് അന്വേഷണം തുടങ്ങി. ഭര്‍തൃപിതാവ് അര്‍ബുദരോഗത്തിന് ചികില്‍സയിലാണ്. സമൂഹമാധ്യമത്തില്‍ അടക്കം പൊലീസ് പരിശോധന നടത്തുന്നുണ്ട്. പോരുവഴിയില്‍ വിസ്മയ, കുന്നത്തൂരില്‍ ധന്യദാസ്, ഇപ്പോള്‍ രേവതീകൃഷ്ണന്‍ അടുത്തടുത്ത സമയങ്ങളില്‍ നടന്ന മരണങ്ങള്‍ ജനത്തെ നടുക്കിയിരിക്കയാണ്. 23കാരിയുടെ മൃതദേഹം ഇന്ന് വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ശനിയാഴ്ച സൈജു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്കരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close