KERALANEWS

നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കാൻ ശുപാർശ; നടപടി സമയം ലംഘിച്ച് ഹോട്ടലിൽ മദ്യം നൽകിയതിനെ തുടർന്ന്

കൊച്ചി: കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്‍റെ ബാർ ലൈസൻസ് റദ്ദാക്കാൻ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ ശുപാർശ ചെയ്തു. ഒക്ടോബർ 31 ന് സമയം ലംഘിച്ച് ഹോട്ടലിൽ മദ്യം നൽകിയെന്നാണ് എക്സൈസ് കണ്ടെത്തല്‍. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

സമയം ലംഘിച്ച് മദ്യം നല്‍കിയതിന് 23ാം തീയതിയും ഹോട്ടലിനെതിരെ കേസെടുത്തിരുന്നു. ഈ കുറ്റം വീണ്ടും ആവര്‍ത്തിച്ചുവെന്നാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ടോ എന്നതും എക്സൈസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, മോഡലുകളുടെ മരണത്തില്‍ നിര്‍ണായ തെളിവായ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താനുളള ശ്രമവും ഇതുവരെ വിജയം കണ്ടില്ല. കൊച്ചിയിൽ കാറപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ മരിച്ച സംഭവത്തിൽ നിർണായക തെളിവായ ഹാർഡ് ഡിസ്ക് ലഭിച്ചെന്നും തിരികെ കായലിൽ കളഞ്ഞെന്നും മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തൽ. തിങ്കളാഴ്ചയാണ് സംഭവം. ഹാർഡ് ഡിസ്ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലിൽ സ്കൂബ ഡൈവിങ് സംഘത്തെ ഇറക്കി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. കിട്ടിയ ഹാർഡ് ഡിസ്ക് തിരികെ കായലിൽ ഇട്ടതായി തൊഴിലാളികൾ പറഞ്ഞു.

കൊല്ലപ്പെട്ട മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്ജന ഷാജൻ എന്നിവർ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞെന്നായിരുന്നു ഹോട്ടൽ ജീവനക്കാരുടെ മൊഴി. ഹോട്ടൽ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിർദേശപ്രകാരമാണ് ഇതു ചെയ്തതെന്നും ജീവനക്കാർ മൊഴി നൽകിയിരുന്നു.

ഡിജെ പാര്‍ട്ടി നടന്ന നമ്പർ 18 ഹോട്ടലിലെ ജീവനക്കാര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഹാർഡ് ഡിസ്ക് കണ്ടെത്താനായി കായലിലെ തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം 12 മണിയോടെ കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍, മെല്‍വിന് എന്നിവരുമായി അന്വേഷണം സഘം പാലത്തിലെത്തി. തുടര്‍ന്ന പ്രതികള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാർക്ക് ചെയ്തു. തുടര്‍ന്ന് ഫയര്‍ ആന്‍റ് റസ്ക്യൂ സർവ്വീസസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ കായലിലിറങ്ങി. വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. തിരച്ചിൽ ഇന്നലെയും തുടർന്നിരുന്നു.

ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ ഹോട്ടലല്‍ ഉടമ റോയി വയലാട്ട്, ഇവരുടെ കാര്‍ ചേസ് ചെയ്ത സൈജു എന്നിവര്‍ യുവതികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പാർട്ടി നടന്ന റൂഫ് ടോപ്പിലെയും പാർക്കിംഗ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്ക് ഊരി മാറ്റി, ബ്ലാങ്ക് ഡിസ്ക് ഘടിപ്പിച്ച നിലയിലായിരുന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്‍റെ നിർദ്ദേശപ്രകാരം കായലില്‍ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്‍റെയും മെല്‍വിന്‍റെയും മൊഴി. എന്നാല്‍ ഈ മൊഴികള്‍ പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

നമ്പര്‍ 18 ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്‍റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാ‍ർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിന്‍റെ കുടുംബത്തിന്‍റെ നിലപാട്. ഇതിനിടെ മരിച്ച പെൺകുട്ടികളുടെ വാഹനത്തെ മുൻപും ആരെങ്കിലും പിന്തുടർന്നിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം മോഡലുകളുടെ മരണത്തിനു പിന്നിലെ ചുരുളുകളോരോന്നായി അഴിയുമ്പോൾ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ ഒക്ടോബർ 28ന് വൻതോതിൽ രാസലഹരി എത്തിയതായി വിവരം. രഹസ്യവിവരത്തെ തുടർന്നു സംയുക്ത റെയ്ഡിനു കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റും പദ്ധതിയിട്ട ദിവസത്തിന്റെ തലേന്നായിരുന്നു മിസ് കേരള മത്സര വിജയികളായ മോഡലുകൾ പങ്കെടുത്ത പാർട്ടി. ഈ ദിവസങ്ങളിൽ, ഇപ്പോൾ ഒളിവിൽ കഴിയുന്ന സൈജു തങ്കച്ചന്റെ തുടർച്ചയായ സാന്നിധ്യം ഹോട്ടലിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്.

മാസങ്ങൾക്കു മുൻപ് നിശാപാർട്ടിക്കിടയിൽ ഇതേ ഹോട്ടലിൽ കസ്റ്റംസും എക്സൈസും പരിശോധന നടത്തിയെങ്കിലും വിവരം ചോർന്നതിനെ തുടർന്നു ലഹരി ഇടപാടുകാർ രക്ഷപ്പെട്ടതിനാൽ ഇക്കുറി പഴുതടച്ച റെയിഡിനാണ് വല വിരിച്ചിരുന്നത്. കൊച്ചിയിൽ കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന്റെ കരിമ്പട്ടികയിലുള്ള 5 ഹോട്ടലുകളിൽ ഒന്നാണു നമ്പർ 18.

മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ സൈജു തങ്കച്ചനെക്കുറിച്ച് ഇപ്പോഴും വിവരമില്ല. സംഭവ ദിവസം രാത്രി മോഡലുകളെ കാറിൽ പിൻതുടർന്ന സൈജുവാണ് അപകടത്തിൽ ഇവർ കൊല്ലപ്പെട്ട വിവരം മിനിറ്റുകൾക്കുള്ളിൽ ഹോട്ടലുടമയെയും ജീവനക്കാരെയും അറിയിച്ചത്. ഇതേ തുടർന്നാണു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് നിർദേശം നൽകിയത്.

ഭയപ്പെടുത്തുന്ന രീതിയിൽ സൈജുവിന്റെ കാർ പിൻതുടർന്നതാണു വേഗം വർധിപ്പിച്ചു കാർ അപകടത്തിൽപെടാൻ ഇടയാക്കിയതെന്നു പരുക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവർ അബ്ദുൽ റഹ്മാൻ മൊഴി നൽകിയിട്ടുണ്ട്.

മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചൻ ആളത്ര നിസ്സാരക്കാരനല്ല. ഇയാൾ കൊച്ചിയിലെ ലഹരി കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ബെംഗളൂരുവിൽനിന്നു സ്ഥിരമായി കേരളത്തിലേക്കു രാസലഹരിമരുന്നു കടത്തുന്ന സംഘത്തിന്റെ കൊച്ചിയിലെ വിതരണക്കാരനാണു സൈജുവെന്നാണ് ആരോപണം.

കോഴിക്കോട് കേന്ദ്രീകരിച്ചു കേരളത്തിലേക്കു ലഹരിയെത്തിക്കുന്ന റാക്കറ്റിലെ കണ്ണിയാണു സൈജു തങ്കച്ചനെന്നും ആരോപണമുണ്ട്. ഇതിനു തെളിവായി സൈജുവിന്റെ ഫോൺ സംഭാഷണങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. സൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

2021 മേയിൽ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടുകളെ സംബന്ധിച്ചു സംസ്ഥാന ഡിജിപിക്കു ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിലും സൈജുവിന്റെ ചിത്രവും നമ്പർ 18 കേന്ദ്രീകരിച്ചു നടക്കുന്ന ഇടപാടുകളും ഉൾപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ പല ഹോട്ടലുകളിലും നിശാപാർട്ടിയിൽ ലഹരി അനുവദിച്ചിരുന്നില്ല. ഇത്തരം പാർട്ടികൾക്കു ശേഷം ചെറുസംഘങ്ങളായി പിരിഞ്ഞു സമീപത്തെ മറ്റിടങ്ങളിൽ തുടരുന്ന ലഹരി പാർട്ടികളിലാണ് (ആഫ്റ്റർ പാർട്ടി) രാസലഹരി ലഭ്യമാക്കിയിരുന്നത്.

നിശാപാർട്ടിക്കു ശേഷം അതേ ഹോട്ടലിലെ മുറികളിൽ ആഫ്റ്റർ പാർട്ടിക്ക് സൗകര്യം ലഭ്യമാക്കിയിരുന്നതാണ് നമ്പർ 18 ഹോട്ടലിന്റെ പ്രത്യേകത. കോവിഡ് ലോക്ഡൗൺ കാലത്തു വളരെ പെട്ടെന്നാണ് ഇവിടത്തെ ‘ക്ലബ് 18’ പാർട്ടി കൂട്ടായ്മയിലേക്കു യുവാക്കൾ ഒഴുകിയെത്താൻ തുടങ്ങിയത്. അപകടദിവസം രാത്രി ചില ‘വിഐപി’കൾ മാത്രം പങ്കെടുക്കുന്ന ആഫ്റ്റർ പാർട്ടിയിലേക്കു മിസ് കേരള മോഡലുകളെ സൈജു ക്ഷണിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

അൻസി കബീറും അഞ്ജന ഷാജനും ഈ ക്ഷണം അവഗണിച്ച് 2 സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ വിട്ടുപോയതിൽ ക്ഷുഭിതനായ സൈജു കാറിൽ ഇവരെ പിന്തുടർന്നതായാണു പോലീസിന്റെ നിഗമനം. കുണ്ടന്നൂരിനും വൈറ്റിലയ്ക്കും ഇടയിൽ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയ സൈജു വിലകൂടിയ ലഹരിപദാർഥങ്ങൾ വാഗ്ദാനം ചെയ്ത് വീട്ടിലേക്കും ക്ഷണിച്ചതായി അപകടത്തിൽ രക്ഷപ്പെട്ട ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.

ഹോട്ടൽ മുതൽ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് വരെ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ ഇവരുടെ മരണ വിവരം അപ്പോൾ തന്നെ റോയിയെയും ജീവനക്കാരെയും ഫോണിൽ അറിയിച്ചിരുന്നു. ഇതിനു ശേഷമാണു പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ ജീവനക്കാർക്കു നിർദ്ദേശം ലഭിച്ചതെന്നാണു നിഗമനം. ഈ നീക്കത്തിലാണു പോലീസ് ഗൂഢാലോചന കാണുന്നത്.

നമ്പർ 18 ഹോട്ടലിനു ഉന്നതരുമായുള്ള ബന്ധം അന്വേഷണത്തിലുടനീളം നിഴലിക്കുന്നുണ്ട്. ഇനി ഈ കേസും കൈമറിഞ്ഞ് അന്വേഷണം എൻസിബിയിലേക്ക് എത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എൻസിബി എത്തിയാൽ സിനിമയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഗൂഢാലോചനയും തെളിയും. മുംബൈയിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് വഴിയൊരുക്കിയ സമീർ വാങ്കഡെയെ പോലൊരു ഉദ്യോഗസ്ഥൻ അന്വേഷിച്ചാലേ ഈ മരണത്തിലെ മയക്കുമരുന്ന് മാഫിയയെ കണ്ടെത്താൻ കഴിയൂവെന്നതാണ് വസ്തുത.

കേസിൽ സൈജു തങ്കച്ചൻ, ഹോട്ടലുടമ റോയ് ജോസഫ് എന്നിവരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട മോഡലുകളുടെ അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രിക്ക് ഉടൻ പരാതി നൽകും. ലഭ്യമായ വിവരങ്ങൾ മുഴുവൻ സംസ്ഥാന പൊലീസിനു കൈമാറിയിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണു മുഖ്യമന്ത്രിയെ കാണാൻ ബന്ധുക്കൾ ശ്രമിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close