NEWSWORLD

ലോകത്തെ അതിസമ്പന്നര്‍ ആരൊക്കെ എന്നറിയണോ; ബ്ലൂംബെര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട്‌ ഇതാ, മുകേഷ്‌ അംബാനി പട്ടികയില്‍ ആറാമന്‍; സാംസങ്‌ കുടുംബം പട്ടികയില്‍ നിന്ന്‌ പുറത്ത്‌


ന്യൂയോര്‍ക്ക്‌: ലോകത്തെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടിക ബ്ലൂംബെര്‍ഗ്‌ പുറത്ത്‌ വിട്ടു. വാള്‍മാര്‍ട്ടിന്റെ വാള്‍ട്ടണ്‍ കുടുംബമാണ്‌ പട്ടികയില്‍ ഒന്നാമതുള്ളത്‌. 28320 കോടി അമേരിക്കന്‍ ഡോളറാണ്‌ ഇവരുടെ ആസ്‌തി. ഇരുപത്തിയഞ്ച്‌ അതിസമ്പന്നരുടെ പട്ടികയാണ്‌ ബ്ലൂം ബെര്‍ഗ്‌ പുറത്ത്‌ വിട്ടിരിക്കുന്നത്‌.

വാള്‍മാര്‍്‌ട്ടിന്റെ അര്‍ക്കന്‍സാസ്‌ ഗ്രൂപ്പാണ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌ ഇടം പിടിച്ചിരിക്കുന്നത്‌. ഇവരുടെ വ്യവസായ ശൃംഖലയുടെ പകുതിയും അര്‍ക്കന്‍സാസിന്റെ നിയന്ത്രണത്തിലാണ്‌. തുടര്‍ച്ചയായ നാലാം വര്‍ഷമാണ്‌ പകരക്കാരില്ലാതെ ഇവര്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്നത്‌. 600 കോടി ഡോളറിന്റെ ഓഹരി ഇവര്‍ കഴിഞ്ഞ കൊല്ലം വിറ്റെങ്കിലും ഇവരുടെ വരുമാനത്തില്‍ 2300 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടായി.

മാര്‍സിന്റെ ഉടമകളാണ്‌ പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത്‌. 14190 കോടിഡോളറാണ്‌ ഇവരുടെ ആസ്‌തി.കോച്ച്‌ ഇന്‍ഡസ്‌ട്രീസിന്റെ കോച്ച്‌ കുടുംബമാണ്‌ മൂന്നാം സ്ഥാനക്കാര്‍. ഇവര്‍ക്ക്‌ ആകെ 12440 കോടിഡോളറിന്റെ ആസ്‌തിയുണ്ട്‌. നാലാം സ്ഥാനത്തുള്ള ഹെര്‍മസ്‌ കുടുംബത്തിന്റെ ആസ്‌തി 11160 കോടി ഡോളറാണ്‌. സൗദി രാജകുടുംബത്തിനാകട്ടെ 10000 കോടി ഡോളറിന്റെ ആസ്‌തിയുണ്ട്‌. ഇന്ത്യാക്കാരനായ മുകേഷ്‌ അംബാനി പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട്‌. 9370 കോടി ഡോളറാണ്‌ ഇദ്ദേഹത്തിന്റെ ആസ്‌തി.

മൂന്നാം തലമുറ സാങ്കേതികതയുടെയും വ്യോമയാനരംഗത്തിന്റെയും അതികായരായ ഫ്രാന്‍സിലെ ഡസാള്‍ട്ട്‌സും ന്യൂയോര്‍ക്ക്‌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കളുടെ ഉത്‌പാദകരായ എസ്റ്റീ ലൗഡറുമാണ്‌ പട്ടികയിലെ പുതുമുഖങ്ങള്‍.

സാംസങിന്റെ ഉടമസ്ഥരായ ദ ലീസാണ്‌ പട്ടികയില്‍ നിന്ന്‌ പുറത്തായ പ്രമുഖര്‍. ഇവരുടെ മുത്തച്ഛന്‍ ലീ കുന്‍ ഹിയുടെ മരണശേഷം 1100 കോടി അമേരിക്കന്‍ ഡോളര്‍ ഇവര്‍ക്ക്‌ നികുതി ഇനത്തില്‍ അടയ്‌ക്കേണ്ടി വന്നു. ഇതോടെയാണ്‌ ഇവര്‍ പട്ടികയില്‍ നിന്ന്‌ പുറത്തായത്‌.

കോവിഡ്‌ മഹാമാരി വന്‍ സാമ്പത്തിക അസമത്വമാണ്‌ ലോകത്ത്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഇത്‌ സമ്പത്തിന്റെ കേന്ദ്രീകരണം വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചു. ഇതിന്‌ പുറമെ ചില രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ കൊണ്ടു വന്ന നികുതി പരിഷ്‌കാരങ്ങളും പലര്‍ക്കും വിനയായി. അമേരിക്കയില്‍ പ്രസിഡന്റ്‌ ജോ ബൈഡനും ഡെമോക്രാറ്റുകളും സമ്പന്നരെ ലക്ഷ്യമിട്ട്‌ വിവിധ നികുതി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close