INSIGHTTop News

പുഞ്ചിരിയിൽ ക്രൗര്യം ഒളിപ്പിച്ച നടൻ

ക്രൂരന്മാരായ ഭീതിപ്പെടുത്തുന്ന മുഖഭാവമുള്ള വില്ലന്മാർ മലയാള സിനിമയിൽ അരങ്ങു വാണിരുന്ന കാലത്താണ് ഇൻ ഹരിഹർ നഗർ എന്ന സിനിമ റിലീസ് ആകുന്നത്. തമാശ പടമാണെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത ഒരു വില്ലന്റെ ജനനവും അവിടെ ഉണ്ടായി. ആരും ഒരിക്കലും അങ്ങനൊരു സിനിമയിൽ പ്രതീക്ഷിക്കാത്ത വില്ലൻ, ജോൺ ഹോനായി. ആ കഥാപാത്രത്തെ അവിസ്മരണീയം ആക്കിയതാകട്ടെ വില്ലന്മാരുടെ സ്ഥിരം ക്രൗര്യമുഖഭാവം ഒന്നുമില്ലാത്ത ഒരു ചെറുപ്പക്കാരൻ. ആ കഥാപാത്രമാണ് എക്കാലവും മലയാളിക്ക് റിസബാവ.

1966 സെപ്റ്റംബർ 24ന് കൊച്ചിയിലെ തോപ്പുംപടിയിലാണ് റിസബാവ ജനിക്കുന്നത്. നാടകങ്ങളിലൂടെയാണ് അദ്ദേഹം കലാജീവിതം ആരംഭിക്കുന്നത്. സ്വാതി തിരുനാൾ എന്ന നാടകത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചതോട് കൂടിയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആ വേഷം ആദ്യം ചെയ്യാനിരുന്ന സായ് കുമാറിന് സിദ്ദിഖ് ലാലുമാരുടെ റാംജി റാവു സ്പീക്കിങ്ങിൽ വേഷം കിട്ടിയപ്പോൾ ആണ് റിസബാവക്ക് ഈ അവസരം ലഭിക്കുന്നത്. പിന്നീട് സിനിമയിൽ അദ്ദേഹത്തിന് അവസരങ്ങൾ കിട്ടി തുടങ്ങി.

1984ൽ വിഷുപക്ഷി എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും അത് പുറത്തിറങ്ങുന്നില്ല. പിന്നീട് 1990ൽ ഷാജി കൈലാസിന്റെ ഡോക്ടർ പശുപതിയിൽ പപ്പൻ എന്ന ശ്രദ്ധേയമായ വേഷത്തിലൂടെ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നു. എങ്കിലും സിനിമയിൽ ചുവടുറപ്പിക്കുന്നത് അതേ വർഷം പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലൂടെയാണ്. മലയാളി ഒരിക്കലും മറക്കാത്ത ജോൺ ഹോനായി എന്ന വില്ലനായി ജീവിക്കുകയായിരുന്നു അദ്ദേഹം. ചെമ്പൻ മുടിയും കണ്ണാടയും കോട്ടും ഇട്ട വില്ലനെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ഒരുവിരൽത്തുമ്പിൽ എന്നെയും മറുവിരൽത്തുമ്പിൽ ആൻഡ്രൂസിനെയും എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ ഡയലോഗ് ഉദ്വേഗത്തോടെയാണ് ഓരോരുത്തരും കേട്ടത്‌. പതിഞ്ഞ ഗംഭീര്യത്തോടെയുള്ള ശബ്ദം അദ്ദേഹത്തെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി. സിദ്ദിഖ് ലാലുമാരുടെ തന്നെ ചിത്രത്തിൽ ഇദ്ദേഹത്തിനും സായ് കുമാറിന് പിന്നാലെ മികച്ച വേഷം ലഭിച്ചത് തികച്ചും അവിചാരിതവും യാദൃശ്ചികവുമാണ്.

പിന്നീട് നിരവധി ചിത്രങ്ങളിൽ വില്ലനായും സ്വഭാവ നടനായും അദ്ദേഹം അഭിനയിച്ചു. ആനവാൽ മോതിരം, കാബൂളിവാല, ആയിരപ്പറ തുടങ്ങി കോഹിനൂർ, വൺ എന്നിങ്ങനെ നൂറ്റമ്പതോളം ചിത്രങ്ങൾ. ഇതിനൊപ്പം ജനപ്രിയമായ പല സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. അവസാനമായി അഭിനയിച്ചത് നിവിൻ പോളി എബ്രിഡ് ഷൈൻ ചിത്രമായ മഹാവീര്യരിലാണ്.

അഭിനേതാവ് എന്നതിനൊപ്പം മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. തലൈവാസൽ വിജയ്, അനുപം ഖേർ എന്നിങ്ങനെയുള്ള മികച്ച താരങ്ങൾക്ക് അദ്ദേഹം ശബ്ദം കൊടുത്തു. 2012ൽ പുറത്തിറങ്ങിയ കർമയോഗി എന്ന ചിത്രത്തിൽ തലൈവാസൽ വിജയ്ക്ക് ശബ്ദം നൽകിയതിന് കേരള സംസ്ഥാന അവാർഡ് ലഭിച്ചു.

2014ൽ ഇദ്ദേഹത്തിനെതിരെ ചെക്ക് ബൗണ്സ് ആയതുമായി സംബന്ധിച്ച ഒരു കേസ് ഉണ്ടായിരുന്നു. പിന്നീട് പണം നൽകി അദ്ദേഹം അതിൽ നിന്ന് ഒഴിവായി.

ഏതായാലും എക്കാലവും മലയാളി ചിരിക്കുന്ന മുഖഭാവമുള്ള സുന്ദരനായ വില്ലനായി ആയിരിക്കും ഇദ്ദേഹത്തെ ഓർമിക്കുക. മലയാളിയുടെ വില്ലൻ സങ്കൽപ്പങ്ങൾക്ക് പുതിയ രൂപഭാവങ്ങൾ നൽകിയ പുഞ്ചിരിയിൽ ക്രൗര്യഭാവങ്ങളെ ഒളിപ്പിച്ച നടന്, റിസബാവക്ക് ആദരാഞ്ജലികൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close