തിരുവനന്തപുരം: കാണാതായ നഴ്സിനെ കണ്ടെത്തി പൊലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ നഴ്സായ ഋതുഗാമിയെ അന്വേഷണ സംഘം കണ്ടെത്തി. സാമ്പത്തിക പരാധീനകളെ തുടർന്ന് മാറി നിൽക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഫോർട്ട് എസ് ഐ സജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കന്യാകുമാരിയിൽ നിന്നും ഇയാളെ കണ്ടെത്തിയത്.
വനിതാ സുഹൃത്തിനെ സഹായിക്കാൻ വേണ്ടി 8 ലക്ഷം രൂപയോളം ക്രെഡിറ്റ് കാർഡിൽ നിന്നും ഇയാൾ കടമെടുത്തിരുന്നു. എന്നാൽ യുവതി പണം തിരികെ നൽകിയില്ല. ഭാര്യയും വീട്ടിലുള്ള മറ്റാരും അറിയാതെയായിരുന്നു ഇയാൾ പണം യുവതിക്ക് നൽകിയത്. പണം ലഭിക്കാതെ വന്നതോടെ ഇയാൾ ആരോടും പറയാതെ തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും ട്രെയിനിൽ തൃശ്ശൂരേക്കും അവിടെ നിന്ന് ബെംഗളുരുവിലേക്കും പോയ ഋതുഗാമി പിന്നീട് കന്യാകുമാരിയിൽ എത്തുകയായിരുന്നു.
ഭർത്താവ് ഗൾഫിലുള്ള യുവതി ആരോഗ്യ വകുപ്പിലെ എൻആർഎച്ച്എമ്മിലെ നഴ്സായിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ ഇവർ പലപ്പോഴായി യുവാവിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയായിരുന്നു. പണം തിരികെ ലഭിക്കില്ലെന്ന സാഹചര്യം വന്നതോടെയാണ് ഇയാൾ നാടുവിടാൻ തീരുമാനിച്ചത്. യുവതിയും ഇപ്പോൾ ഫോർട്ട് പൊലീസ് സ്റ്റേഷനിലാണുള്ളത്.
വെള്ളിയാഴ്ചയാണ് ഋതുഗാമിയെ കാണാതാകുന്നത്. നാലാഞ്ചിറയിൽ ബൈക്ക് വെച്ച് ഇദ്ദേഹം നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. മൊബൈൽഫോണുകളുടെ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചത് കേശവദാസപുരമാണ്. രണ്ട് ഫോൺ നമ്പറുകളും ഓഫ് ചെയ്ത നിലയിലായിരുന്നു. എന്നാൽ, വനിതാ സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഋതുഗാമിയെ കണ്ടെത്തിയത്.
അയർലണ്ടിലേക്ക് പോകുന്നതിന് ഒരുക്കങ്ങളിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവർത്തകർ പറയുന്നു. സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് പൊലീസിന് കിട്ടിയിട്ടുരുന്നു.