Breaking NewsINDIANEWSTop News

ബീഹാറിൽ പ്രതിസന്ധിയിലായത് കോൺ​ഗ്രസും കനയ്യ കുമാറും; കോൺ​ഗ്രസിന് കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്ന് ലാലുപ്രസാദ് യാദവ്; എഐസിസി ജനറൽ സെക്രട്ടറി ഭക്ത ചരൺ ദാസ് വിവേകശൂന്യനെന്നും ആർജെഡി നേതാവ്

ന്യൂഡൽഹി: ബീഹാറിൽ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന മുഖമാകാൻ മറുകണ്ടം ചാടിയ കനയ്യ കുമാറിന് കാലിടറുന്നു. ബീഹാറിലെ മുഖ്യ പ്രതിപക്ഷമായ ആർജെഡി, കോൺ​ഗ്രസിനെ തള്ളിപ്പറഞ്ഞതോടെ പ്രതിസന്ധിയിലായത് കോൺ​ഗ്രസിനൊപ്പം പഴയ എഐഎസ്എഫ് നേതാവ് കനയ്യ കുമാർ കൂടിയാണ്. ബീഹാറിൽ കോൺ​ഗ്രസിന് ശക്തി തെളിയിക്കണമെങ്കിൽ ആർ ജെ ഡിയുടെ പിന്തുണ കൂടിയേ തീരൂ. എന്നാൽ, കോൺ​ഗ്രസിന് സംസ്ഥാന രാഷ്ട്രീയത്തിൽ യാതൊരു പ്രാധാന്യവും ഇല്ലെന്ന് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് തുറന്നു പറഞ്ഞതോടെ വരുന്ന ഉപതെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ കോൺ​ഗ്രസ് നിർബന്ധിതമായിരിക്കുകയാണ്. താൻ പാർട്ടി മാറിയതിന് ശേഷം നട‌ക്കുന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് മുന്നേറ്റം ഉണ്ടാക്കേണ്ടത് കനയ്യ കുമാറിന്റെ നിലനിൽപ്പിന്റെ കൂ‌ടി പ്രശ്നമാണ്.

2020ൽ നടന്ന ബിഹാർ തിരഞ്ഞെടുപ്പിൽ ആർജെഡി നേതൃത്വം നൽകിയ മഹാസഖ്യത്തിന്റെ ഭാ​ഗമായി കുശേശ്വരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ഈ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെയാണ് കോൺ​ഗ്രസും ആർജെഡിയും തമ്മിൽ തെറ്റിയത്. കോൺഗ്രസിന് സീറ്റ് വിട്ടുനൽകാൻ ലാലുവിന്റെ പാർട്ടിയായ ആർ ജെ ഡി തയ്യാറായില്ല. ഒക്ടോബർ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും ആർ ജെ ഡിയും ജെ ഡി യുവിനെതിരെ മത്സരിക്കുന്നുണ്ട്.

ആർ ജെ ഡിയും ബിജെപിയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇതിനാൽ ബിഹാറിലെ 40 മണ്ഡലങ്ങളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി ഭക്ത ചരൺ ദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

കോൺഗ്രസ് മത്സരിച്ചാൽ തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റ് എന്തിന് അവർക്ക് കൊടുക്കണമെന്നാണ് ഇന്ന് ലാലു പ്രസാദ് യാദവ് ചോദിച്ചത്. ബിഹാർ തലസ്ഥാനമായ പാട്‌നയിലേക്ക് മടങ്ങുന്നതിനു മുമ്പായി ന്യൂഡൽഹിയിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ലാലു പ്രസാദ് യാദവ്.

ബിഹാർ കോൺഗ്രസിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ഭക്ത ചരൺ ദാസിനെ വിവേകശൂന്യനായ വ്യക്തിയെന്ന് വിളിച്ച ലാലു കോൺഗ്രസ് മത്സരിച്ചാൽ ചിലപ്പോൾ കെട്ടിവച്ച കാശ് പോലും തിരിച്ചു ലഭിക്കില്ലെന്ന് പറഞ്ഞു. ബിഹാറിലെ കുശേശ്വറിലും താരാപൂരിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺ​ഗ്രസും ആർജെഡിയും പരസ്പരം മത്സരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close