KERALANEWSTrending

വഴിയരികിലെ കൊടിമരങ്ങൾ നിയമ വിരുദ്ധം; ഇത്തരക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതി നിർദേശം

കൊച്ചി: വഴിയരികിലെ കൊടിമരങ്ങൾ നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി സർക്കാർ. എല്ലാ പാർട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം ഇത്തരക്കാർക്കെതിരെ എന്തുകൊണ്ടാണ് നിയമപരമായ നടപടിയെടുക്കാത്തതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. നിയമവിരുദ്ധമാണെന്ന ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിൽ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് കോടതിയുടെ നിർദേശം.

ഇക്കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരുമെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. നിയമം തെറ്റിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ നയം രൂപീകരിക്കാൻ മൂന്ന് മാസത്തെ സമയവും സർക്കാർ ചോദിച്ചു. ഇത്രയും സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

നിലവിൽ പാതയോരങ്ങളിലുള്ള അനധികൃത കൊടിമരങ്ങൾ നീക്കാൻ അതത് ജില്ലാ കലക്ടർമാർക്ക് ഹൈക്കോടതി നിർദേശം നൽകി. ഭൂസംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാണ് ആവശ്യം. നേരത്തെ പാതയോരങ്ങളിലെ കൊടിമരങ്ങൾക്കെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ആര് പറഞ്ഞാലും കേരളം നന്നാകില്ലെന്നായിരുന്നു വിമർശനം. തിരുവനന്തപുരം വരെ യാത്ര ചെയ്യുമ്പോൾ പാതയുടെ ഇരുവശത്തും അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു.

ഇത്തരത്തിൽ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. പത്ത് ദിവസത്തിനകം ഇവ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിന് ശേഷം വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം വീണ്ടും ഉയർത്തിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close