INDIANEWS

രോഹിണി വെടിവയ്പ്; ഗുണ്ടാനേതാവ് ഗോഗിക്ക് വെടിയേറ്റത് പതിനെട്ട് തവണ; ഇയാളുടെ എതിരാളികളുടെ ശരീരത്തില്‍ വെടിയേറ്റ 22 അടയാളങ്ങള്‍

ന്യൂഡല്‍ഹി: രോഹിണിയിലെ ജില്ലാ കോടതിയില്‍ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ഗുണ്ടാനേതാവ് ജിതേന്ദര്‍ മാന്‍ എന്ന ഗോഗിയുടെ ശരീരത്തില്‍ ഏറ്റത് പതിനെട്ട് വെടിയുണ്ടകളെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം ഇയാളെ ആക്രമിച്ചവര്‍ക്ക് നേരെ പൊലീസും വെടിയുതിര്‍ത്തു. ഇവരുടെ ശരീത്തില്‍ 22 വെടിയേറ്റ പാടുകളാണ് ഉണ്ടായിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം മാണ്ടോലി ജയിലിലെത്തി സുനില്‍ എന്ന തില്ലു താജ്പുരിയയെ ചോദ്യം ചെയ്തു. ഗോഗിയുടെ കൊലപാതകത്തിന്റെ സൂത്രധാരന്‍ ഇയാളാണെന്നാണ് കരുതുന്നത്. രണ്ട് മണിക്കൂറോളം പൊലീസ് ഇയാളെ ചോദ്യം ചെയ്തു.

എന്നാല്‍ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് തില്ലുവിന്റെ നിലപാട്. തന്റെ അനുയായികളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ കൊലപാതകത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലെന്നും അയാള്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഡല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വെള്ളിയാഴ്ചയാണ് അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് അക്രമികള്‍ കോടതിമുറിയില്‍ കടന്ന് ഗോഗിയെ ആക്രമിച്ചത്. പൊലീസ് പ്രത്യാക്രമണം നടത്തി ഇരുവരെയും തത്ക്ഷണം വധിച്ചു. മൗലാന മെഡിക്കല്‍ കോളജാശുപത്രിയില്‍ മൂന്നംഗ മെഡിക്കല്‍ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഗോഗിയുടെ ശരീരത്തില്‍ 18 വെടിയേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അക്രമികളിലൊരാളായ രാഹുലിന്റെ ശരീരത്തില്‍ നിന്ന് 19 വെടിയുണ്ടകളും ജഗ്ദീപ് എന്ന മറ്റേയാളുടെ ശരീരത്തില്‍ നിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെത്തി.

ഇവരെ കാറില്‍ കോടതിയില്‍ എത്തിച്ച രണ്ട് പേരെ പൊലീസ് സ്‌പെഷ്യല്‍ സെല്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഉമാംഗ് യാദവ്, വിനയ് മോട്ട എന്നിവരാണ് പിടിയിലായത്. ഇവരുടെ കാറും പിടിച്ചെടുത്തു. ഉമാംഗില്‍ നിന്ന് ഒരു തോക്ക് പൊലീസ് പിടിച്ചെടുത്തു. ലൈസന്‍സില്ലാത്ത തോക്ക് സൂക്ഷിച്ചിരുന്നതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോഗിയെ ഇല്ലാതാക്കാനായി തില്ലു നല്‍കിയതാണ് തനിക്ക് ഈ ആയുധമെന്ന് ഉമാംഗ് മൊഴി നല്‍കിയിട്ടുണ്ട്.

ആദ്യം അഞ്ച് പേര്‍ അഭിഭാഷകരായി നടിച്ച് കോടതിയില്‍ കടന്ന് ഗോഗിയെ വധിക്കാനായിരുന്നു പദ്ധതിയിട്ടത്. പിന്നീട് ജഡ്ജിക്ക് മുന്നില്‍ കീഴടങ്ങാനും ഇവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉമാംഗും വിനയും മറ്റൊരാളും അഭിഭാഷകരുടെ വസ്ത്രം ധരിക്കാത്തതിനാല്‍ അവസാന നിമിഷം രാഹുലും ജഗദീപും മാത്രം കോടതിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. പിന്നീട് ബാക്കിയുള്ളവര്‍ കാറില്‍ തന്നെ കോടതിയുടെ സമീപത്ത് നിലയുറപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ഒരാള്‍ കോടതിക്ക് സമീപത്ത് കൂടി നടക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇയാളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close