NEWSWORLD

താലിബാൻ അധികാരം കൈയേറിയതോടെ വിദേശ നിക്ഷേപകർ പിൻവാങ്ങി ; അനാഥാലയങ്ങളിൽ ഭക്ഷണത്തിന് പോലും ക്ഷാമം നേരിടുന്ന അവസ്ഥ ; അഫ്ഗാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി

അഫ്ഗാനിലെ അനാഥാലയങ്ങൾ വലിയ തരത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. പണം ഇല്ലാത്തതിനാൽ അന്തേവാസികളായ കുട്ടികളുടെ ഭക്ഷണത്തിൽ പോലും മാറ്റം വരുത്തേണ്ടി വരുന്ന നിസ്സഹായാവസ്ഥയിലാണ് കാബൂളിലെ അനാഥാലയങ്ങൾ. പണമില്ലാത്തതിനാൽ ഓരോ ആഴ്ചയും കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ അളവ് വെട്ടിക്കുറയ്ക്കുകയാണെന്ന് കാബൂൾ അനാഥാലയത്തിലെ പ്രോഗ്രാം ഡയറക്ടർ അഹ്മദ് ഖലീൽ മായൻ വേദനയോടെ പറയുന്നു.

താലിബാൻ അഫ്ഗാനിസ്ഥന്റെ ഭരണം ഏറ്റെടുത്തതോടെ കഴിഞ്ഞ രണ്ട് മാസക്കാലമായി ദശലക്ഷക്കണക്കിന് ഡോളർ സഹായം പെട്ടെന്ന് ഇല്ലാതായെന്ന് അഹ്മദ് ഖലീൽ പറയുന്നു. മുമ്പ് താൻ നടത്തുന്ന പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന വിദേശികളും സ്വദേശികളുമായ ദാതാക്കൾ ഇന്നില്ലെന്ന് അദ്ദേഹം വേദനയോടെ പറയുകയാണ്. അവരുമായി ബന്ധപെടാൻ ശ്രമിക്കുകയാണ്. എല്ലാവരെയും ഇമെയിൽ വഴിയും ഫോൺ കോൾ വഴിയും ബന്ധപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ, അവരിൽ ഭൂരിഭാഗവും രാജ്യം വിട്ടുപോയി.

അവരാരും തന്നെ തനിക്ക് ഉത്തരം നൽകുന്നില്ല. വളരെ കുറച്ചു പണം മാത്രമാണ് കൈവശം ഉള്ളത്. അത് ഉപയോഗിച്ച് മനസില്ലാമനസോടെ കുറഞ്ഞ ഭക്ഷണം മാത്രം കുട്ടികൾക്ക് നൽകി അനാഥാലയങ്ങൾ പ്രവർത്തിക്കാൻ ശ്രമിക്കുകയാണ്. മൂന്ന് വയസ്സുമുതൽ പ്രായമുള്ള 130 ഓളം കുട്ടികൾ അനാഥാലയത്തിൽ ഉണ്ട്. ഒരു പതിറ്റാണ്ടിലേറെയായി ഇത് പ്രവർത്തിക്കുന്നു. കൂടാതെ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്കും മാതാപിതാക്കൾക്ക് കുട്ടികളെ നോൽക്കാൻ സാധികാത്ത സാഹചര്യം ഉള്ളവർക്കും അനാഥാലയം അഭയം നൽകുന്നുണ്ട്.

40 വർഷത്തിലേറെയായി രാജ്യത്തെ നശിപ്പിച്ച യുദ്ധങ്ങളിൽ പതിനായിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ട അഫ്ഗാനിസ്ഥാനിൽ ഇതുപോലുള്ള അനാഥാലയങ്ങൾ ഒരു വലിയ പങ്ക് വഹിക്കുന്നുന്നുണ്ട്. കടുത്ത ഇസ്ലാമിസ്റ്റ് താലിബാൻ പ്രസ്ഥാനം രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതുമുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ജീവകാരുണ്യ സംഘടനകളെയും സർക്കാർ ഇതര സംഘടനകളെയും സാധാരണ അഫ്ഗാനികളെയും ബാധിച്ചിരിക്കുന്നു. ജീവനക്കാർക്കും കുട്ടികൾക്കും ഭക്ഷണം വെട്ടിച്ചുരുക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. പഴവും മാംസവും ആഴ്ചയിൽ രണ്ടു തവണ കുട്ടികൾക്ക് നൽകിയിരുന്നു. ഇതുപോലും ഇന്ന് നൽകാൻ സാധിക്കുന്നില്ല.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ താലിബാൻ ഉദ്യോഗസ്ഥർ സഹായ സംഭാവനകൾ പുനരാരംഭിക്കാൻ പാശ്ചാത്യ സർക്കാരുകളോട് അഭ്യർത്ഥിക്കുകയും വിദേശത്തുള്ള 9 ബില്യൺ ഡോളറിലധികം അഫ്ഗാൻ സെൻട്രൽ ബാങ്ക് റിസർവുകളുടെ തടസ്സം നീക്കാൻ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തു. കടുത്ത മത തീവ്രമനോഭാവമുള്ളവരും മാറ്റ് രാജ്യങ്ങളിൽ അക്രമം നടത്താൻ മുൻകൈ എടുക്കുന്നവരുമായതു കൊണ്ട് താലിബാനെ അംഗീകരിക്കാൻ മറ്റ് രാജ്യങ്ങൾ വിസമ്മതിക്കുന്നു. വിദേശ രാജ്യങ്ങളിൽ പലരും അഫ്ഗാനിലെ നിലവിലെ പ്രശ്നങ്ങളിൽ താലിബാനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സ്ത്രീകൾക്ക് ജോലി ചെയ്യുവാനും, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കാനും മടി കാണിക്കുന്ന താലിബാൻ ഭരണകൂടത്തെ മറ്റ് രാജ്യങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്.

അഫഗാനിസ്ഥാനിലെ നിലവിലെ അവസ്ഥ ഇനിയും തുടർന്നാൽ അനാഥാലയങ്ങൾ തുടർന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കില്ലെന്നും അധികൃതർ ആശങ്കപ്പെടുന്നു. ധാരാളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയും അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിയും അഭയം നൽകിയും അനാഥരാക്കപ്പെടുന്നവർക്ക് കൈ താങ്ങാവുന്ന പ്രസ്ഥാനങ്ങൾ നിന്നുപോയാൽ വീണ്ടും ഈ കുട്ടികൾ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്നതാണ് സത്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close