Breaking NewsKERALANEWSTop News

പ്ലീനം പൊളിച്ച എൻ കെ പ്രേമചന്ദ്രൻ മേഖലാ യോ​ഗങ്ങളും പൊളിച്ചു; അണികൾ പാർട്ടി വിടുമ്പോൾ അധികാരം കൈവിടാതെ കൊല്ലം എംപിയും എ എ അസീസും; ആർഎസ്പിക്ക് ഇത് സ്വാഭാവിക മരണത്തിന്റെ നാളുകൾ

കൊല്ലം: ആർഎസ്പി പ്ലീനം പൊളിച്ച പ്രേമചന്ദ്രനും അസീസും മേഖലാ യോ​ഗങ്ങളും പൊളിച്ചു. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളും ജില്ലാ കമ്മിറ്റി അം​ഗങ്ങളും മണ്ഡലം ഭാരവാ​ഹികളും പങ്കെടുക്കുന്ന സമ്പൂർണ യോ​ഗം ആ​ഗസ്റ്റ് ഒമ്പതിന് കൊല്ലത്ത് വെച്ച് ചേരാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ പ്ലീനം നടത്തുന്നത് വേണ്ടെന്ന് വെച്ച് മൂന്ന് മേഖലകളിലായി പ്രവർത്തക യോ​ഗം ചേരാനായിരുന്നു തീരുമാനം. എന്നാൽ, അതും നടത്താൻ ആർഎസ്പി നേതൃത്വം തയ്യാറായില്ല. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതും തുടരുകയാണ്.

ഷിബു ബേബിജോൺ ആർഎസ്പി സംസ്ഥാന സെക്രട്ടറിയാകുമെന്നുമുള്ള ഭയമാണ് എ എ അസീസിനെയും എൻ കെ പ്രേമചന്ദ്രനെയും പാർട്ടി ജനറൽബോഡികൾ ചേരുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ഇതിൽ പാർട്ടി അണികൾക്കും വലിയ അസംതൃപ്തിയുണ്ട്. ഷിബു ബേബിജോൺ പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്നും യുഡിഎഫ് വിടണമെന്നുമാണ് പ്രവർത്തകർക്കിടയിലെ പൊതു വികാരം.

അതേസമയം, തെരഞ്ഞെടുപ്പ്​ തോൽവി മുന്നണിമാറ്റത്തിനുള്ള കാരണമല്ലെന്നാണ് ആർഎസ്പി സംസ്ഥാന സമിതിയിൽ ഉയർന്ന അഭിപ്രായം. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫി​​നെതിരെ പ്രവർത്തിച്ചവർക്ക്​ പദവികൾ നൽകുന്നത്​ മുന്നണിക്ക്​ ഗുണകരമല്ല. ഉറച്ച വിജയം പ്രതീക്ഷിച്ച ചവറയിൽ പോലും യു.ഡി.എഫിനെതിരെ പ്രവർത്തിച്ചയാളെയാണ്​ ഇപ്പോൾ മുന്നണി ചെയർമാനാക്കിയിരിക്കുന്നത്​. ഇത്​ മുന്നണിയുടെ കെട്ടുറപ്പിന്​ ഗുണംചെയ്യില്ല. ഇത്തരം നടപടികൾ തിരുത്തണമെന്ന്​ നേതൃത്വത്തോട്​ ആവശ്യപ്പെടാനും യോ​ഗം തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ തോൽവിയെപ്പറ്റി പഠിക്കാൻ പാർട്ടി കമ്മീഷനെയും നിയോ​ഗിച്ചിരുന്നു.

പാർട്ടി പ്ലീനം വിളിക്കണം എന്ന നിർദ്ദേശം ഷിബു ബേബിജോൺ മുന്നോട്ട് വെച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഭൂരിപക്ഷവും പ്രേമചന്ദ്രനൊപ്പമാണ്. എന്നാൽ, മണ്ഡലം സെക്രട്ടറിമാരും ജില്ലാ കമ്മിറ്റികളിലും ഭൂരിപക്ഷവും ഷിബുവിനെ പിന്തുണയ്ക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പാർട്ടി സമ്മേളനങ്ങൾ നീളും എന്നത് കൊണ്ടു തന്നെ പുനസംഘടനയും ഈ യോ​ഗത്തിൽ ഉണ്ടാകുമെന്നായിരുന്നു ഷിബു ബേബിജോണിന്റെ കണക്കുകൂട്ടൽ. ഇതോടെ പാർട്ടി സംസ്ഥാന സെക്രട്ടറിയാകാനും പിന്നീട് ഉചിതമായ സമയത്ത് ഇടത് ചേരിയിലേക്ക് മാറാനുമാണ് ഷിബു ബേബിജോൺ പദ്ധതിയിട്ടിരുന്നത്.

ഒരിക്കൽ കൊല്ലം ജില്ല ആർഎസ്പിയുടെ ചുവപ്പ് കോട്ടയായിരുന്നു.കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാമത്തെ കക്ഷിയും. എന്നാൽ ഇന്ന് ആർഎസ്പി എന്ന പ്രസ്ഥാനം അതിന്റെ സ്വാഭാവിക മരണത്തിലേക്കുള്ള യാത്രയിലാണ്. തുടർച്ചയായ രണ്ട് നിയമസഭകളിൽ ആർഎസ്പിക്ക് പ്രാതിനിധ്യമില്ലാത്ത അവസ്ഥയാണ്. ഇതോടെ, ഇടതുപക്ഷം വിടാനുള്ള നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നോ എന്ന ചർച്ചകളും പാർട്ടി അണികളിൽ സജീവമാകുകയാണ്.

തുടർച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംപൂജ്യരാകാനായിരുന്നു ആർസ്പിയുടെ വിധി. ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, മട്ടന്നൂർ മണ്ഡലങ്ങളിലാണ്‌ ആർഎസ്‌പി മത്സരിച്ചത്‌. കൊല്ലം ലോക്‌സഭാ സീറ്റിന്‌ അവകാശവാദം ഉന്നയിച്ച്‌ 2014ൽ ആണ്‌ ആർഎസ്‌പി എൽഡിഎഫ്‌ വിട്ടത്‌. തുടർന്ന്‌ കൊല്ലത്ത്‌ ഒറ്റയ്‌ക്കു മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്ന്‌ യുഡിഎഫ്‌ പക്ഷത്തായിരുന്ന ഷിബു ബേബിജോൺ ആർഎസ്‌പിയെ യുഡിഎഫിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു‌. ഇതിനിടെ കോവൂർ കുഞ്ഞുമോൻ രാജിവച്ച്‌ ആർഎസ്‌പി (എൽ) രൂപീകരിച്ച്‌ എൽഡിഎഫിനൊപ്പം നിന്നു. പിന്നീട്‌ ആർഎസ്‌പിയും ആർഎസ്‌പി ബിയും ലയിച്ചതോടെ പാർടി ഷിബു ബേബിജോണിന്റെയും എൻ കെ പ്രേമചന്ദ്രന്റെയും കൈപ്പിടിയിലായി. എ എ അസീസിനെ മത്സരരംഗത്തുനിന്ന്‌ മാറ്റിനിർത്തുന്നതിൽ വരെ കാര്യങ്ങളെത്തി.

ഇരവിപുരം സീറ്റ് സംസ്ഥാന സെക്രട്ടറി കൂടിയായ എ എ അസീസിൻറെ സീറ്റാണ്. എന്നാൽ ഇത്തവണ അസീസിനെ ഒഴിവാക്കി ബാബുദിവാകരനെ മത്സരിപ്പിച്ചു. ദയനീയ പരാജയമായിരുന്നു ഇക്കുറിയും ഇരവിപുരത്ത് ആർഎസ്പി സ്ഥാനാർത്ഥി ഏറ്റുവാങ്ങിയത്. ആർഎസ്‌പിക്കു നൽകിയ ആറ്റിങ്ങലും കയ്‌പമംഗലവും വിജയസാധ്യതയില്ലാത്ത സീറ്റുകളാണെന്നും മാറ്റിനൽകണമെന്നുമുള്ള ആവശ്യത്തെ തുടർന്ന്‌ പകരം നൽകിയത്‌ മട്ടന്നൂരായിരുന്നു. ഷിബു ബേബിജോൺ ചവറയിൽ തുടർച്ചയായി രണ്ടാംവട്ടവും തോറ്റത്‌ കനത്ത തിരിച്ചടിയായി.പാർട്ടി മത്സരിച്ചമണ്ഡലങ്ങളിൽ കോൺഗ്രസിൽ നിന്ന്കാര്യമായ പിന്തുണ ഉണ്ടായില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

പാളയത്തിൽ പട കാരണം ആണ് ആർ എസ് പിക്ക് എൽഡിഎഫിൽ കൊല്ലം സീറ്റ് നഷ്ടമായത്. തുടർന്ന് രാജ്യസഭയിലേക്ക് ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രനെ ഇടതുമുന്നണി അയച്ചു. തുടർന്ന് വി എസ് അച്യുതാനന്ദൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന പ്രേമചന്ദ്രന് വീണ്ടും എംഎൽഎ ആകാൻ കഴിഞ്ഞില്ല. അധികാര പദവികളിൽ ഇല്ലാതെ അഞ്ചു കൊല്ലം നിൽക്കേണ്ടി വരുന്നതിന്റെ അസാസ്ഥ്യം താങ്ങാനാകാതെയാണ് എംപി സ്ഥാനത്തിനുവേണ്ടി യുഡിഎഫിലേക്ക് ചാടിയതെന്ന് ഇപ്പോൾ ആർഎസ്പി കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ. കേരളത്തിൽ ആർ എസ് പി യുടെ പ്രവർത്തനം ഇങ്ങനെയാണു പോകുന്നതെങ്കിൽ പാർട്ടിയിൽ നിൽക്കുവാൻ തങ്ങളില്ലെന്ന നിലപാടിലാണ് കൊല്ലം അടക്കമുള്ള ജില്ലയിലെ നേതാക്കളും അണികളും, എൽഡിഎഫിനൊപ്പം നിൽക്കുമ്പോൾ പാർട്ടി പ്രവർത്തകർക്ക് വിലയ അംഗീകാരമാണ് കിട്ടിയിരുന്നത്. എന്നാൽ ഇന്നും തികച്ചും വ്യത്യസ്തമാണ്. കേവലം ഒരു വ്യക്തിക്ക് മാത്രംഎംപി സ്ഥാനം മതിയോയെന്ന ചോദ്യം അണികൾ ചോദിച്ചു തുടങ്ങി.

പാർട്ടി സംഘടന നാൾക്കുനാൾ ദുർബലമാകുന്നു എന്നതാണ് താഴേ തട്ടിലുള്ള നേതാക്കളെയും അണികളെയും അസ്വസ്ഥരാക്കുന്നത്. സംസ്ഥാന നേതൃത്വത്തിൽ ഷിബു ബേബിജോൺ അല്ലാതെ പ്രവർത്തകരുടെ മനസ്സറിഞ്ഞ് ഒപ്പം നിൽക്കുന്ന മറ്റൊരു നേതാവില്ല. കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് ജയിച്ച പ്രേമചന്ദ്രന് സ്വന്തം പ്രതിച്ഛായ മാത്രമാണ് വലുത്. മറ്റ് നേതാക്കളുടെ കാര്യവും വിഭിന്നമല്ല. ഇങ്ങനെ എത്രനാൾ തുടരാനാകും എന്നതാണ് ആർഎസ്പി അണികൾ നേതൃത്വത്തോട് ഉയർത്തുന്ന ചോദ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close