Breaking NewsKERALANEWSTop News

മുന്നണിമാറ്റം ആർ എസ് പിയിൽ കീറാമുട്ടിയാകുന്നു; നിലവിൽ കോൺ​ഗ്രസുമായി പ്രശ്നങ്ങളൊന്നുമില്ല; ആദ്യം സിപിഎം മുന്നണിയിലേക്ക് സ്വാ​ഗതം ചെയ്യട്ടേയെന്നും പ്രേമചന്ദ്രൻ വിഭാ​ഗം; തിങ്കളാഴ്ച്ച ചേരുന്ന സംസ്ഥാന കമ്മിറ്റി കലുഷിതമാകും

കൊല്ലം: തിങ്കളാഴ്ച്ച ചേരുന്ന ആർ എസ് പി സംസ്ഥാന കമ്മിറ്റി കലുഷിതമാകുമെന്ന് റിപ്പോർട്ടുകൾ. പാർട്ടി യുഡിഎഫ് വിടണമെന്ന ആവശ്യം ഷിബു ബേബിജോണിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അണികളും ഉയർത്തുമ്പോൾ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് എൻ കെ പ്രേമചന്ദ്രൻ വിഭാ​ഗം. ആർ എസ് പി യുഡിഎഫ് വിടണമെന്നും ഇടതു മുന്നണിയുടെ ഭാ​ഗമാകണമെന്നുമാണ് പാർട്ടിയിൽ ഉയരുന്ന ആവശ്യം. എന്നാൽ, നിലവിൽ യുഡിഎഫിനുള്ളിൽ ആർ എസ് പിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന നിലപാടിലാണ് എൻ കെ പ്രേമചന്ദ്രൻ. ആർ എസ് പി മുന്നണി നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ച എല്ലാ പരാതികൾക്കും പരിഹാരം കണ്ടെന്നും പ്രേമചന്ദ്രൻ വിഭാ​ഗം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആർ എസ് പി ഉയർത്തിയ പരാതികൾ കോൺ​ഗ്രസ് നേതൃത്വം ​ഗൗരവത്തോടെ തന്നെയാണ് എടുത്തതെന്ന നിലപാടിലാണ് എൻ കെ പ്രേമചന്ദ്രൻ. കഴിഞ്ഞ ദിവസം ചവറയിലെ യുഡിഎഫ് ചെയർമാനെ മാറ്റിയത് പോലും ഇതിന്റെ ഭാ​ഗമായാണ് എന്നാണ് പ്രേമചന്ദ്രൻ വാദിക്കുന്നത്. ഇനി അഥവാ യുഡിഎഫ് വിടണമെങ്കിൽ, ഇ‌ടത് മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎം ഔദ്യോ​ഗികമായി ക്ഷണിക്കണമെന്നും പ്രേമചന്ദ്രൻ വിഭാ​ഗം പറയുന്നു. സംസ്ഥാന കമ്മിറ്റിയിലും പ്രേമചന്ദ്രനും കൂട്ടരും ഈ നിലപാട് തന്നെ സ്വീകരിച്ചാൽ ആർ എസ് പിയിൽ വലിയ പ്രശ്നങ്ങൾക്കാകും വഴി വെക്കുക.

ഇടത് മുന്നണിയിലേക്ക് പാർട്ടി എത്തുന്നത് തടയാനാണ് എൻ കെ പ്രേമചന്ദ്രൻ കരുക്കൾ നീക്കുന്നത്. ഇതിനായി ആർഎസ്പിയുടെ പരാതികൾ എത്രയും വേ​ഗം പരിഹരിക്കണമെന്ന നിർദ്ദേശമാണ് പ്രേമചന്ദ്രൻ കോൺ​ഗ്രസ് നേതൃത്വത്തിന് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായാണ് യുഡിഎഫ് ചവറ നിയോജകമണ്ഡലം ചെയർമാനെ മാറ്റാൻ കോൺ​ഗ്രസ് തയ്യാറായാത് എന്നാണ് ലഭിക്കുന്ന വിവരം. ചവറ അരവിയെ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റുക വഴി ഷിബു ബേബിജോണിന്റെ അസംതൃപ്തി കുറയ്ക്കാനാകും എന്ന കണക്കുകൂട്ടലിലാണ് കോൺ​ഗ്രസും എൻ കെ പ്രേമചന്ദ്രനും.

തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന പ്രാദേശിക നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആർഎസ്‍പിയുടെ ആവശ്യം. എന്നാൽ ഏതെങ്കിലും പ്രത്യേക നേതാവിൻറെ പേരെടുത്ത് പരാതി നൽകിയിട്ടില്ലെന്ന കാരണത്താൽ ഏതെങ്കിലും നേതാവിനെതിരെ നടപടി എടുക്കാനാകില്ല എന്നായിരുന്നു കോൺ​ഗ്രസിന്റെ നിലപാട്. എന്നാൽ, കഴിഞ്ഞ ദിവസം ഇനി യുഡിഎഫ് യോ​ഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ആർഎസ്പി തീരുമാനിച്ചതോടെ എൻ കെ പ്രേമചന്ദ്രൻ അപകടം മണത്തു. ഇതിന് പിന്നാലെ കോൺ​ഗ്രസ് സംസ്ഥാന ജില്ലാ നേതൃത്വങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിരമായി യുഡിഎഫ് ചെയർമാനെ മാറ്റി തീരുമാനിക്കുകയായിരുന്നു. ചവറ അരവിയെ ഒഴിവാക്കി കോലത്ത് വേണുഗോപാൽ ആണ് പുതിയ ചെയർമാൻ.

കോൺ​ഗ്രസ് പാളയം പൂർണമായും വിടുന്നു എന്ന സൂചന നൽകിയാണ് ഷിബു ബേബിജോൺ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോൺഗ്രസിനെ തകർക്കുന്ന നിലപാടിൽ നിന്നും നേതാക്കൾ പിന്തിരിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺ​ഗ്രസ് മുങ്ങുകയല്ല, നേതാക്കൾ മുക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ്് യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം.

യുഡിഎഫ് യോ​ഗങ്ങളിൽ ഇനി പങ്കെടുക്കേണ്ടതില്ലെന്ന് ആർ എസ് പി തീരുമാനിച്ചതോടെ പാർട്ടി ഇടത് പാളയത്തിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചതായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാൻ മുന്നണി മാറ്റം മാത്രമേ വഴിയുള്ളൂ എന്ന തിരിച്ചറിവ് വന്നതോടെയാണ് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസും പ്രേമചന്ദ്രനെ കൈവിട്ട് ഷിബു ബേബിജോണിന്റെ നിലപാടിനൊപ്പം ചേർന്നത്. അതേസമയം, ഇടത് മുന്നണിയിലേക്ക് തിരിച്ചെത്തുന്നതിന് കൊല്ലം എംപി കൂടിയായ എൻ കെ പ്രേമചന്ദ്രന് വലിയ താത്പര്യമില്ല. തന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാകുമെന്ന തിരിച്ചറിവിൽ പ്രേമചന്ദ്രൻ കോൺ​ഗ്രസ് നേതൃത്വവുമായി ബന്ധപ്പെടുകയും ആർഎസ്പി ഔദ്യോ​ഗികമായി ഉന്നയിച്ച പരാതികൾക്ക് പരിഹാരം കാണാൻ ആവശ്യപ്പെടുകയുമായിരുന്നു.

ആർഎസ്പി യുഡിഎഫ് വിട്ടാൽ ഉറപ്പായും ഇടത് മുന്നണിയിൽ എത്തുമെന്ന് പ്രേമചന്ദ്രന് നന്നായി അറിയാം. ദേശീയ നേതൃത്വത്തിന്റെ നിലപാടും ഇടത് ഐക്യവും മാർക്സിസ്റ്റ് പാർട്ടികളുടെ പുനരേകീകരണവുമാണ്. അതുകൊണ്ട് തന്നെ യുഡിഎഫ് പാളയം വിട്ടാൽ ഇടത് മുന്നണിയിലേക്ക് പാർട്ടി എത്താൻ പിന്നീട് വലിയ താമസമില്ല. ഇടത് മുന്നണിയിൽ ഒരു പാർട്ടിക്കും പ്രത്യേകിച്ച് സിപിഎമ്മിന് തന്നോട് മമതയില്ലെന്ന് മറ്റാരെക്കാളും നന്നായി പ്രേമചന്ദ്രനും തിരിച്ചറിയുന്നുണ്ട്. അതിനാലാണ് യുഡിഎഫ് ബന്ധം അവസാനിപ്പിക്കാനുള്ള പാർട്ടി തീരുമാനത്തെ തിരുത്താൻ പ്രേമചന്ദ്രൻ കളത്തിലിറങ്ങിയത്.

ആർഎസ്‌പിയുടെ ശക്തമായ കേന്ദ്രമായിരുന്നു ഒരുകാലത്ത്‌ കൊല്ലം ജില്ല.ചവറയിലും കുന്നത്തൂരിലും ജനങ്ങൾക്ക്‌ ഇടതുമുന്നണിയെന്നാൽ ആർഎസ്‌പി ആയിരുന്നു. പിന്നീട്‌ മുന്നണിയോട്‌ ഇടഞ്ഞ്‌ പാർട്ടി വലതുപാളയത്തിൽ എത്തിയെങ്കിലും ആർഎസ്‌പിയുടെ ചെങ്കൊടിക്കൊപ്പം തന്നെ ഇവിടുത്തെ ജനങ്ങൾ നില കൊണ്ടു.

എന്നാൽ കാര്യങ്ങൾ മാറിമറിയാൻ ഏറെ സമയം വേണ്ടി വന്നില്ല. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ പാർട്ടി പിളർക്കുന്നതിലേക്ക്‌ കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചു. കുന്നത്തൂരിലെ ജനപ്രതിനിധി വീണ്ടും ഇടതുപാളയത്തിലേക്ക്‌ ചേക്കേറി. പ്രത്യയശാസ്‌ത്രപരമായി വലത്‌ പക്ഷത്ത്‌ തുടരാനാകില്ലെന്ന്‌ ശേഷിച്ചവരും ചിന്തിച്ച്‌ തുടങ്ങി. പാർട്ടിയിലെ രണ്ട്‌ പ്രബലൻമാർ തമ്മിലുള്ള ശക്തിപരീക്ഷണത്തിലേക്കാണ്‌ ഇത്‌ ചെന്നെത്തിയത്‌.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്‌ പ്രതിഫലിച്ചു. ഫലമോ പാർട്ടിയുടെ ഈറ്റില്ലത്തിൽ തന്നെ നേരിടേണ്ടി വന്ന പരാജയമായിരുന്നു. പരാജയം നേരിടേണ്ടി വന്നതാകട്ടെ പാർട്ടിയിലെ അതികായൻമാരിൽ ഒരാൾക്ക്‌ തന്നെ എന്നതും പരാജയത്തിന്റെ ആഴം വർദ്ധിപ്പിച്ചു. തോൽക്കേണ്ടി വന്നതാകട്ടെ വെറുമൊരു പയ്യനോട്‌ എന്നതും എടുത്ത്‌ പറയേണ്ടതുണ്ട്‌.കോളജ്‌ വിദ്യാഭ്യാസകാലത്ത്‌ പോലും രാഷ്ട്രീയം എന്താണെന്നറിയാൻ മെനക്കെടാത്തൊരു പയ്യനോട്‌ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്‌ ബേബി ജോൺ എന്ന മഹാമേരുവിന്റെ തണലിൽ വളർന്ന്‌ രാഷ്ട്രീയം എന്തെന്ന്‌ കണ്ടും അറിഞ്ഞും വളർന്ന ഷിബുബേബിജോൺ എന്ന രാഷ്ട്രീയക്കാരന്‌ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഈ പരാജയത്തിന്‌ യുഡിഎഫിലെ ചക്കളത്തി പോരാട്ടങ്ങളും കാരണമായെന്ന്‌ പാർട്ടി വിലയിരുത്തി. ഈ തോൽവി കൂടി ആയപ്പോൾ മുന്നണി വിടുക എന്ന പാർട്ടിക്കുള്ളിലെ കുശുകുശുപ്പുകൾ അൽപ്പം ഉച്ചത്തിൽ തന്നെ പുറത്ത്‌ വന്ന്‌ തുടങ്ങി. പലഭാഗത്ത്‌ നിന്നും അനുകൂല സ്വരങ്ങൾ ഉയർന്നതോടെ അത്‌ തന്നെ നല്ലത്‌ എന്ന തീരുമാനത്തിലേക്ക്‌ നേതാക്കളും എത്തി. ഇതിന്റെ ഭാഗമായി യുഡിഎഫിനെതിരെ പല പരസ്യപ്രതികരണങ്ങളും നേതാക്കളുടെ ഭാഗത്ത്‌ നിന്നുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിൽ അടപടലം തോറ്റ്‌ നിൽക്കുന്ന യുഡിഎഫിന്‌ മുന്നണിയിൽ നിന്ന്‌ ഒരു പാർട്ടി വിട്ടുപോകുക എന്നത്‌ ചിന്തിക്കാൻ പോകും ആകില്ല.

ഇതിനിടെയാണ്‌ കോൺഗ്രസിന്റെ പുതിയ ജില്ലാ അധ്യക്ഷൻമാരെ നിയോഗിച്ചത്‌. അത്‌ പാർട്ടിക്കുള്ളിൽ ഉണ്ടാക്കിയിട്ടുള്ള പ്രശ്‌നങ്ങളും ചെറുതല്ല. ഇതോടെ ആർഎസ്‌പിക്ക്‌ മുന്നിൽ അടിയറവ്‌ പറയാൻ മുന്നണി തീരുമാനിച്ചു എന്ന്‌ വേണം കരുതാൻ. അതിന്റെ ഭാഗമായാകണം കഴിഞ്ഞ ദിവസം യുഡിഎഫ്‌ ചവറ മണ്ഡലം കമ്മിറ്റിയുടെ ചെയർമാനെ തത്സ്‌ഥാനത്ത്‌ നിന്ന്‌ നീക്കിയത്‌. ചവറ അരവിയെ മാറ്റി പകരം കോലത്ത്‌ വേണുഗോപാലിനെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌.

ആർഎസ്‌പിയുടെ ഷിബുബേബിജോൺ 1096 വോട്ടിനാണ്‌ ഇടതുമുന്നണി സ്വതന്ത്രനായി മത്സരിച്ച സുജിത്‌ വിജയൻപിള്ളയോട്‌ പരാജയപ്പെട്ടത്‌. തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിൽ നിന്ന്‌ വിട്ടുനിന്ന നേതാക്കൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന്‌ ആർഎസ്‌പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരുടെയും പേര്‌ എടുത്ത്‌ പറഞ്ഞ്‌ പരാതി നൽകിയിട്ടില്ലെന്നായിരുന്നു മുന്നണിനേതൃത്വത്തിന്റെ വിശദീകരണം. എന്നിട്ടും ചെയർമാനെ തന്നെ നീക്കി അനുനയ ശ്രമങ്ങൾ നടത്തുകയാണ്‌ ഇവർ.

പാർട്ടി യുഡിഎഫ് വിട്ട് ഇടതു മുന്നണിക്കൊപ്പം ചേരണമെന്നാണ് ആർഎസ്പിയിലെ വലിയൊരു വിഭാ​ഗം നേതാക്കളും പ്രവർത്തകരും ആവശ്യപ്പെടുന്നത്. എന്നാൽ, അതിന് എൻ കെ പ്രേമചന്ദ്രനും സംഘത്തിനും താത്പര്യമില്ലാത്തതാണ് ആർഎസ്പിക്കുള്ളിൽ വിഭാ​ഗീയത രൂക്ഷമാക്കിയത്. ഇതിനിടെ, ആർഎസ്പി പ്ലീനം പൊളിച്ച പ്രേമചന്ദ്രനും അസീസും മേഖലാ യോ​ഗങ്ങളും പൊളിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളും ജില്ലാ കമ്മിറ്റി അം​ഗങ്ങളും മണ്ഡലം ഭാരവാ​ഹികളും പങ്കെടുക്കുന്ന സമ്പൂർണ യോ​ഗം ആ​ഗസ്റ്റ് ഒമ്പതിന് കൊല്ലത്ത് വെച്ച് ചേരാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ പ്ലീനം നടത്തുന്നത് വേണ്ടെന്ന് വെച്ച് മൂന്ന് മേഖലകളിലായി പ്രവർത്തക യോ​ഗം ചേരാനായിരുന്നു തീരുമാനം. എന്നാൽ, അതും നടത്താൻ ആർഎസ്പി നേതൃത്വം തയ്യാറായില്ല. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതും തുടരുകയാണ്.

ഷിബു ബേബിജോൺ ആർഎസ്പി സംസ്ഥാന സെക്രട്ടറിയാകുമെന്നുമുള്ള ഭയമാണ് എ എ അസീസിനെയും എൻ കെ പ്രേമചന്ദ്രനെയും പാർട്ടി ജനറൽബോഡികൾ ചേരുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് എന്നായിരുന്നു പ്രവർത്തകരിൽ ഒരു വിഭാ​ഗം ആരോപിച്ചിരുന്നത്. ഇതിൽ പാർട്ടി അണികൾക്കും വലിയ അസംതൃപ്തിയുണ്ട്. ഷിബു ബേബിജോൺ പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്നും യുഡിഎഫ് വിടണമെന്നുമാണ് പ്രവർത്തകർക്കിടയിലെ പൊതു വികാരം.

പാർട്ടി പ്ലീനം വിളിക്കണം എന്ന നിർദ്ദേശം ഷിബു ബേബിജോൺ മുന്നോട്ട് വെച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഭൂരിപക്ഷവും പ്രേമചന്ദ്രനൊപ്പമാണ്. എന്നാൽ, മണ്ഡലം സെക്രട്ടറിമാരും ജില്ലാ കമ്മിറ്റികളിലും ഭൂരിപക്ഷവും ഷിബുവിനെ പിന്തുണയ്ക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പാർട്ടി സമ്മേളനങ്ങൾ നീളും എന്നത് കൊണ്ടു തന്നെ പുനസംഘടനയും ഈ യോ​ഗത്തിൽ ഉണ്ടാകുമെന്നായിരുന്നു ഷിബു ബേബിജോണിന്റെ കണക്കുകൂട്ടൽ. ഇതോടെ പാർട്ടി സംസ്ഥാന സെക്രട്ടറിയാകാനും പിന്നീട് ഉചിതമായ സമയത്ത് ഇടത് ചേരിയിലേക്ക് മാറാനുമാണ് ഷിബു ബേബിജോൺ പദ്ധതിയിട്ടിരുന്നത്.

തുടർച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംപൂജ്യരാകാനായിരുന്നു ആർസ്പിയുടെ വിധി. ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, മട്ടന്നൂർ മണ്ഡലങ്ങളിലാണ്‌ ആർഎസ്‌പി മത്സരിച്ചത്‌. കൊല്ലം ലോക്‌സഭാ സീറ്റിന്‌ അവകാശവാദം ഉന്നയിച്ച്‌ 2014ൽ ആണ്‌ ആർഎസ്‌പി എൽഡിഎഫ്‌ വിട്ടത്‌. തുടർന്ന്‌ കൊല്ലത്ത്‌ ഒറ്റയ്‌ക്കു മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്ന്‌ യുഡിഎഫ്‌ പക്ഷത്തായിരുന്ന ഷിബു ബേബിജോൺ ആർഎസ്‌പിയെ യുഡിഎഫിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു‌. ഇതിനിടെ കോവൂർ കുഞ്ഞുമോൻ രാജിവച്ച്‌ ആർഎസ്‌പി (എൽ) രൂപീകരിച്ച്‌ എൽഡിഎഫിനൊപ്പം നിന്നു. പിന്നീട്‌ ആർഎസ്‌പിയും ആർഎസ്‌പി ബിയും ലയിച്ചതോടെ പാർടി ഷിബു ബേബിജോണിന്റെയും എൻ കെ പ്രേമചന്ദ്രന്റെയും കൈപ്പിടിയിലായി. എ എ അസീസിനെ മത്സരരംഗത്തുനിന്ന്‌ മാറ്റിനിർത്തുന്നതിൽ വരെ കാര്യങ്ങളെത്തി.

ഇരവിപുരം സീറ്റ് സംസ്ഥാന സെക്രട്ടറി കൂടിയായ എ എ അസീസിൻറെ സീറ്റാണ്. എന്നാൽ ഇത്തവണ അസീസിനെ ഒഴിവാക്കി ബാബുദിവാകരനെ മത്സരിപ്പിച്ചു. ദയനീയ പരാജയമായിരുന്നു ഇക്കുറിയും ഇരവിപുരത്ത് ആർഎസ്പി സ്ഥാനാർത്ഥി ഏറ്റുവാങ്ങിയത്. ആർഎസ്‌പിക്കു നൽകിയ ആറ്റിങ്ങലും കയ്‌പമംഗലവും വിജയസാധ്യതയില്ലാത്ത സീറ്റുകളാണെന്നും മാറ്റിനൽകണമെന്നുമുള്ള ആവശ്യത്തെ തുടർന്ന്‌ പകരം നൽകിയത്‌ മട്ടന്നൂരായിരുന്നു. ഷിബു ബേബിജോൺ ചവറയിൽ തുടർച്ചയായി രണ്ടാംവട്ടവും തോറ്റത്‌ കനത്ത തിരിച്ചടിയായി.പാർട്ടി മത്സരിച്ചമണ്ഡലങ്ങളിൽ കോൺഗ്രസിൽ നിന്ന്കാര്യമായ പിന്തുണ ഉണ്ടായില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

പാളയത്തിൽ പട കാരണം ആണ് ആർ എസ് പിക്ക് എൽഡിഎഫിൽ കൊല്ലം സീറ്റ് നഷ്ടമായത്. തുടർന്ന് രാജ്യസഭയിലേക്ക് ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രനെ ഇടതുമുന്നണി അയച്ചു. തുടർന്ന് വി എസ് അച്യുതാനന്ദൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന പ്രേമചന്ദ്രന് വീണ്ടും എംഎൽഎ ആകാൻ കഴിഞ്ഞില്ല. അധികാര പദവികളിൽ ഇല്ലാതെ അഞ്ചു കൊല്ലം നിൽക്കേണ്ടി വരുന്നതിന്റെ അസാസ്ഥ്യം താങ്ങാനാകാതെയാണ് എംപി സ്ഥാനത്തിനുവേണ്ടി യുഡിഎഫിലേക്ക് ചാടിയതെന്ന് ഇപ്പോൾ ആർഎസ്പി കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ. കേരളത്തിൽ ആർ എസ് പി യുടെ പ്രവർത്തനം ഇങ്ങനെയാണു പോകുന്നതെങ്കിൽ പാർട്ടിയിൽ നിൽക്കുവാൻ തങ്ങളില്ലെന്ന നിലപാടിലാണ് കൊല്ലം അടക്കമുള്ള ജില്ലയിലെ നേതാക്കളും അണികളും, എൽഡിഎഫിനൊപ്പം നിൽക്കുമ്പോൾ പാർട്ടി പ്രവർത്തകർക്ക് വിലയ അംഗീകാരമാണ് കിട്ടിയിരുന്നത്. എന്നാൽ ഇന്നും തികച്ചും വ്യത്യസ്തമാണ്. കേവലം ഒരു വ്യക്തിക്ക് മാത്രംഎംപി സ്ഥാനം മതിയോയെന്ന ചോദ്യം അണികൾ ചോദിച്ചു തുടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close