KERALANEWS

അടപടലം തകര്‍ന്ന് ആര്‍ എസ് പി; പിറവം മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും സിപിഐയിലേക്ക്

എറണാകുളം: ആര്‍എസ്പിയില്‍ വന്‍ പൊട്ടിത്തെറി. യുഡിഎഫില്‍ തുടരാന്‍ ആര്‍എസ്പി നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ പിറവം മണ്ഡലത്തിലെ മുഴുവന്‍ ആര്‍എസ്പിക്കാരും സിപിഐയില്‍ ചേരുന്നു. അടുത്ത മാസം പത്തിന് മുളന്തുരുത്തിയില്‍ ചേരുന്ന സമ്മേളനത്തില്‍ നൂറ്റമ്പതിലേറെ പേര്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ആര്‍എസ്പി നേതാവ് കെ എം ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു എന്നാണ് റിപ്പോര്‍ട്ട്.

ആർ എസ് പിയെ ഇടത് മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് സിപിഎമ്മിൽ രണ്ട അഭിപ്രായമായിരുന്നു നിലനിന്നിരുന്നത്. ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് തെറ്റ് തിരുത്തി വന്നാൽ ആർഎസ്പിയെ ഒപ്പം കൂട്ടാൻ തയ്യാറാണന്നും എൽഡിഎഫ് പൂർണ പിന്തുണയോടെ സ്വീകരിക്കുമെന്നും നേരത്തേ സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എംഎ ബേബി വ്യക്തമാക്കിയിരുന്നു.

ഇതോടെ ആർഎസ്പിയിലും സിപിഎമ്മിലും ആർഎസ്പിയുടെ മുന്നണിമാറ്റം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. യുഡിഎഫിൽ തുടരാം എന്നായിരുന്നു കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ ആർഎസ്പി എടുത്ത തീരുമാനം. ആർ എസ് പി നേതാക്കൾ പരസ്യമായി മുന്നണി മാറ്റം സംബന്ധിച്ച പ്രസ്താവനകൾ നടത്തിയിട്ടും സിപിഎം നേതൃത്വം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് യുഡിഎഫിൽ തുടരാൻ ആർഎസ്പി തീരുമാനിച്ചത്. എന്നാൽ, ആ യോ​ഗത്തിന് പിന്നാലെ സിപിഎമ്മിനും ആർഎസ്പിക്കും ഇടയിലെ മഞ്ഞുരുക്കാൻ പ്രേമചന്ദ്രൻ എംപി നടത്തിയ നീക്കങ്ങൾ ശ്രദ്ധേയമായിരുന്നു.

ആർ എസ് പിയുടെ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി എ എ അസീസും ഷിബു ബേബിജോണും പരസ്യമായി മുന്നണി മാറ്റം സംബന്ധിച്ച് പ്രസ്താവനകൾ നടത്തിയെങ്കിലുംസിപിഎം സംസ്ഥാന നേതൃത്വം ആർ എസ് പിയുമായി ചർച്ചകൾക്ക് തയ്യാറായില്ല. യുഡിഎഫ് വിടുകയും എൽഡിഎഫിൽ ഇടംലഭിക്കാതെ വരികയും ചെയ്താൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകും എന്ന തിരിച്ചറിവിലാണ് തത്ക്കാലം യുഡിഎഫിൽ തുടരാൻ ആർ എസ് പി തീരുമാനിച്ചത്.

ഇന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ച വെറും പ്രഹസനം മാത്രമാണെന്ന് കോൺ​ഗ്രസിനും ആർ എസ് പിക്കും അറിയാം. വലിയ കലാപമുണ്ടാക്കിയ ശേഷം ഒന്നും മിണ്ടാതെ വീണ്ടും യുഡിഎഫ് പാളയത്തിൽ തുടരുന്നു എന്ന നാണക്കേട് ഒഴിവാക്കാനാണ് ഇന്നത്തെ ഉഭയകക്ഷി യോ​ഗം. അതേസമയം, വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ആർഎസ്പി പ്രവർത്തകരാണ് സിപിഎമ്മിലേക്കും സിപിഐയിലേക്കും ചേക്കേറുന്നത്. ആർ എസ് പിക്ക് ജനകീയാടിത്തറ ഇല്ലെന്ന തിരിച്ചറിവിലാണ് സിപിഎമ്മും മൗനം പാലിക്കുന്നത്. ഇടതുപക്ഷ മനസുള്ള പ്രവർത്തകർ ഇനിയും ആ പാർട്ടിയിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അവർ വരട്ടെ എന്നതാണ് സിപിഎം തന്ത്രം. ജനകീയ പിന്തുണയില്ലാത്ത നേതാക്കളെ ചുമക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ആർ എസ് പിയുടെ ഇടത് മുന്നണി പ്രവേശം അടഞ്ഞ അധ്യായമായത്.

അതേസമയം, ആർ എസ് പിയുടെ മുന്നണി മാറ്റം അടഞ്ഞ അധ്യായമല്ലെന്ന് കഴിഞ്ഞ ദിവസം എൻ കെ പ്രേമചന്ദ്രൻ മനോരമക്ക് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ കാലാവസ്ഥ മാറുന്നതിനനുസരിച്ച് പാർട്ടികളുടെ നിലപാടുകളും മാറാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പശ്ചിമ ബം​ഗാളിലെ ഇടത് – കോൺ​ഗ്രസ് സഖ്യമാണ് അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പരനാറി എന്ന് വിളിച്ചതിൽ വ്യക്തിപരമായി വിദ്വേഷമില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എംപി വ്യക്തമാക്കിയിരുന്നു. അതിനെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി മാത്രമേ താൻ കാണുന്നുള്ളൂ എന്നും അദ്ദഹം വ്യക്തമാക്കി. ആർ എസ് പിയുടെ ഇടത് മുന്നണി പ്രവേശനത്തിന് താൻ ഒരിക്കലും ഒരു തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ നിരന്തരമായ അവഗണനയും അവർ കാട്ടിയ അനീതിയും കണക്കിലെടുത്താണ് 2014ൽ ആർഎസ്പി ഇടതു മുന്നണി വിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close