Breaking NewsKERALANEWSTop News

പ്രേമചന്ദ്രന്റെ പിടിവാശി ജയിച്ചു; ആർ എസ് പി ഇനി എങ്ങും പോകില്ല; ഉഭയകക്ഷി ചര്‍ച്ചയില്‍ സംതൃപ്തരാണെന്ന് സംസ്ഥാന സെക്രട്ടറി എ എ അസീസ്; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ചിന്തിച്ച നേതാക്കള്‍ക്കെതിരെ പോലും നടപടി വരുമെന്ന് കോൺ​ഗ്രസ് നേതാക്കളും

തിരുവനന്തപുരം: പ്രേമചന്ദ്രൻ രചിച്ച തിരക്കഥ അനുസരിച്ച് ആർ എസ് പി വീണ്ടും യുഡിഎഫ് പാളയത്തിൽ തന്നെ. ആര്‍എസ്പി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പിലാണ് ഇന്ന് ചേർന്ന കോൺ​ഗ്രസ് – ആർ എസ് പി ഉഭയകക്ഷി യോ​ഗം പിരിഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ചിന്തിച്ച നേതാക്കള്‍ക്കെതിരെ പോലും നടപടി വരുമെന്ന് കോൺ​ഗ്രസ് നേതാക്കൾ ആർ എസ് പി നേതൃത്വത്തിന് ഉറപ്പു നൽകി. ഇന്ന് ചർച്ച നടക്കാനിരിക്കെ, ശനിയാഴ്ച്ച തന്നെ യുഡിഎഫ് യോ​ഗത്തിൽ പങ്കെടുക്കാൻ ആർ എസ് പി സംസ്ഥാന സമിതി യോ​ഗം തീരുമാനിച്ചിരുന്നു.

ചര്‍ച്ചയില്‍ സംതൃപ്തരാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചു. വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും ആര്‍എസ്പിനേതാക്കള്‍ പറഞ്ഞു. ആശങ്കപ്പെടുന്നതരത്തില്‍ ഒരു പ്രശ്‌നവും ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മിലില്ലെന്ന് സുധാകരന്‍ പറഞ്ഞു. ആര്‍എസ്പി നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചക്കുശേഷമാണ് സുധാകരന്റെ വിശദീകരണം. ആര്‍എസ്പി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചത് അല്ല ചിന്തിച്ച നേതാക്കള്‍ക്കെതിരെ പോലും നടപടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ്പി ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകുമെന്നും ബന്ധുവീട്ടിലെ പ്രശ്‌നങ്ങളില്‍ ഉണ്ടാകുന്ന ആശങ്കയാണ് ആര്‍എസ്പിക്ക് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ചവറയിലെ പ്രശ്‌നം മാത്രമല്ല രണ്ടു പാര്‍ട്ടികള്‍ തമ്മില്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ആർ എസ് പിയുടെ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി എ എ അസീസും ഷിബു ബേബിജോണും പരസ്യമായി മുന്നണി മാറ്റം സംബന്ധിച്ച് പ്രസ്താവനകൾ നടത്തിയെങ്കിലുംസിപിഎം സംസ്ഥാന നേതൃത്വം ആർ എസ് പിയുമായി ചർച്ചകൾക്ക് തയ്യാറായില്ല. യുഡിഎഫ് വിടുകയും എൽഡിഎഫിൽ ഇടംലഭിക്കാതെ വരികയും ചെയ്താൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകും എന്ന തിരിച്ചറിവിലാണ് തത്ക്കാലം യുഡിഎഫിൽ തുടരാൻ ആർ എസ് പി തീരുമാനിച്ചത്.

ഇന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ച വെറും പ്രഹസനം മാത്രമാണെന്ന് കോൺ​ഗ്രസിനും ആർ എസ് പിക്കും അറിയാം. വലിയ കലാപമുണ്ടാക്കിയ ശേഷം ഒന്നും മിണ്ടാതെ വീണ്ടും യുഡിഎഫ് പാളയത്തിൽ തുടരുന്നു എന്ന നാണക്കേട് ഒഴിവാക്കാനാണ് ഇന്നത്തെ ഉഭയകക്ഷി യോ​ഗം. അതേസമയം, വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ആർഎസ്പി പ്രവർത്തകരാണ് സിപിഎമ്മിലേക്കും സിപിഐയിലേക്കും ചേക്കേറുന്നത്. ആർ എസ് പിക്ക് ജനകീയാടിത്തറ ഇല്ലെന്ന തിരിച്ചറിവിലാണ് സിപിഎമ്മും മൗനം പാലിക്കുന്നത്. ഇടതുപക്ഷ മനസുള്ള പ്രവർത്തകർ ഇനിയും ആ പാർട്ടിയിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അവർ വരട്ടെ എന്നതാണ് സിപിഎം തന്ത്രം. ജനകീയ പിന്തുണയില്ലാത്ത നേതാക്കളെ ചുമക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ആർ എസ് പിയുടെ ഇടത് മുന്നണി പ്രവേശം അടഞ്ഞ അധ്യായമായത്.

അതേസമയം, ആർ എസ് പിയുടെ മുന്നണി മാറ്റം അടഞ്ഞ അധ്യായമല്ലെന്ന് കഴിഞ്ഞ ദിവസം എൻ കെ പ്രേമചന്ദ്രൻ മനോരമക്ക് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ കാലാവസ്ഥ മാറുന്നതിനനുസരിച്ച് പാർട്ടികളുടെ നിലപാടുകളും മാറാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പശ്ചിമ ബം​ഗാളിലെ ഇടത് – കോൺ​ഗ്രസ് സഖ്യമാണ് അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പരനാറി എന്ന് വിളിച്ചതിൽ വ്യക്തിപരമായി വിദ്വേഷമില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എംപി വ്യക്തമാക്കിയിരുന്നു. അതിനെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി മാത്രമേ താൻ കാണുന്നുള്ളൂ എന്നും അദ്ദഹം വ്യക്തമാക്കി. ആർ എസ് പിയുടെ ഇടത് മുന്നണി പ്രവേശനത്തിന് താൻ ഒരിക്കലും ഒരു തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ നിരന്തരമായ അവഗണനയും അവർ കാട്ടിയ അനീതിയും കണക്കിലെടുത്താണ് 2014ൽ ആർഎസ്പി ഇടതു മുന്നണി വിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി വിജയന്റെ പരനാറി പ്രയോ​ഗത്തെ താൻ അന്നും ഇന്നും രാഷ്ട്രീയമായിട്ടുതന്നെയാണ് കാണുന്നത് എന്ന് പ്രേമചന്ദ്രൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ആ പ്രസ്താവനക്ക് ശേഷം പിന്നീട് പലപ്പോഴും സൗഹൃദത്തോടെ സംസാരിച്ചെന്നും പ്രേമചന്ദ്രൻ പറയുന്നു. ഞങ്ങൾ രണ്ടും പൊതു രംഗത്ത് നിൽക്കുന്നതിനാൽ പിന്നീട് എത്രയോ തവണ കണ്ടു, സൗഹൃദത്തോടെ സംസാരിച്ചു. എന്റെ മകന്റെ കല്യാണത്തിന് അദ്ദേഹം വന്നു. ‍ഡൽഹിയിൽ അടുത്തയിടെ കുളിമുറിയിൽ വീണ് ആശുപത്രിയിൽ ആയിരുന്നപ്പോൾ എന്നെ വിളിച്ചു ക്ഷേമം അന്വേഷിച്ചു. വ്യക്തിപരമായ പകയും വിദ്വേഷവും ഒന്നുമില്ലെന്നും എല്ലാം രാഷ്ട്രീയം മാത്രമെന്നും പ്രേമചന്ദ്രൻ പറയുന്നു.

തത്ക്കാലം യുഡിഎഫ് വിടേണ്ടതില്ല എന്നാണ് ആർ എസ് പി കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇതിന് പിന്നിൽ എൻ കെ പ്രേമചന്ദ്രനാണ് എന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് പ്രേമചന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഇന്ന് രാവിലെയാണ് കോൺ​ഗ്രസ് – ആർ എസ് പി ഉഭയകക്ഷി ചർച്ച നടക്കുന്നത്. എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രേമചന്ദ്രൻ കോൺ​ഗ്രസ് നേതാക്കളുമായി സംസാരിച്ചു എന്നാണ് ആർ എസ് പി നേതാക്കൾ തന്നെ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ നാളത്തെ ചർച്ച വെറും പ്രഹസനം മാത്രമാണെന്നും അവർ ആരോപിക്കുന്നു. കോൺ​ഗ്രസ് താത്പര്യം സംരക്ഷിക്കുക മാത്രമാണ് പ്രേമചന്ദ്രൻ ചെയ്യുന്നത് എന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close