Breaking NewsKERALANEWSTop News

ആർ എസ് പി പ്രവർത്തകരുടെ വികാരത്തെ കൊന്നു തള്ളി പ്രേമചന്ദ്രൻ; പാർട്ടിയുടെ ഇടത് മുന്നണി പ്രവേശനത്തിന് തടയിട്ടത് സ്വന്തം ഭാവി സുരക്ഷിതമാക്കാൻ; നാളത്തെ ഉഭയകക്ഷി ചർച്ചയും പ്രഹസനം

കൊല്ലം: ആർ എസ് പിയെ പൂർണമായും കൈപ്പിടിയിലൊതുക്കി എൻ കെ പ്രേമചന്ദ്രൻ. ഷിബു ബേബിജോൺ സംസ്ഥാന സെക്രട്ടറി എ എ അസീസിനെ ഒപ്പം കൂട്ടിയപ്പോൾ, സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം നേതാക്കളെയും തനിക്കൊപ്പം നിർത്തി വിലപേശാൻ പ്രേമചന്ദ്രന് കഴിഞ്ഞു. സംസ്ഥാന സമിതി കൂടുന്നതിന് രണ്ട് ദിവസം മുമ്പ് കോൺ​ഗ്രസ് നേതൃത്വത്തെ കൊണ്ട് ആർ എസ് പിയുടെ ആവശ്യങ്ങൾ അം​ഗീകരിപ്പിക്കാനും പ്രേമചന്ദ്രന് കഴിഞ്ഞതോടെ കൊല്ലം എം പി നിശ്ചയിക്കുന്നിടത്തേക്ക് ആർ എസ് പി എത്തുകയായിരുന്നു. ആർ എസ് പി, യുഡിഎഫ് വിടുമെന്ന പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അണികൾ പക്ഷേ കണ്ടത് യുഡിഎഫിൽ ഉറച്ചു നിൽക്കാനുള്ള നേതൃത്വത്തിന്റെ പ്രഖ്യാപനമായിരുന്നു. കേരള കിസിഞ്ചർ എന്നറിയപ്പെട്ടിരുന്ന ആർ എസ് പി നേതാവ് ബേബിജോണിന്റെ മകനും മാനസ പുത്രനും തമ്മിൽ പാർട്ടിക്കുള്ളിൽ നടത്തിയ അധികാര വടംവലിയിലും വിജയം അങ്ങനെ ബേബിജോണിന്റെ മാനസപുത്രനായിരുന്ന പ്രേമചന്ദ്രനായി.

ആർ എസ് പിയെ ഇടതു മുന്നണിയുടെ ഭാ​ഗമാക്കാനുള്ള ഷിബു ബേബിജോണിന്റെ നീക്കങ്ങളെയാണ് പ്രേമചന്ദ്രൻ വെട്ടിയത്. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അം​ഗങ്ങളെയും തന്റെ നിലപാട് ബോധ്യപ്പെടുത്തൻ പ്രേമചന്ദ്രന് കഴിഞ്ഞു. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഉല്ലാസ് കോവൂരും കൊല്ലം ജില്ലാ പഞ്ചായത്ത് അം​ഗം സി പി സുധീഷ് കുമാറും ഉൾപ്പെടെയുള്ളവർ യുഡിഎഫ് വിടാൻ വിമുഖത പ്രകടിപ്പിച്ചിരുന്നു. പാർട്ടിക്കുള്ള ജനപ്രതിനിധികൾ എല്ലാവരും പ്രേമചന്ദ്രന് പിന്തുണ അറിയിച്ചതോടെ ഷിബു ബേബിജോണും വഴങ്ങുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആർ എസ് പി ഉയർത്തിയ പരാതികൾ കോൺ​ഗ്രസ് നേതൃത്വം ​ഗൗരവത്തോടെ തന്നെയാണ് എടുത്തതെന്ന നിലപാടിലാണ് എൻ കെ പ്രേമചന്ദ്രൻ. കഴിഞ്ഞ ദിവസം ചവറയിലെ യുഡിഎഫ് ചെയർമാനെ മാറ്റിയത് പോലും ഇതിന്റെ ഭാ​ഗമായാണ് എന്നാണ് പ്രേമചന്ദ്രൻ വാദിക്കുന്നത്.

അതിനിടെ, പാർട്ടി പിളർത്തുമെന്ന വാർത്തകളെ ഷിബു ബേബിജോൺ തള്ളിയതായാണ് റിപ്പോർട്ടുകൾ. ഒരിക്കൽ കൂടി താൻ ആർ എസ് പി പിളർത്തില്ലെന്ന നിലപാട് തന്റെ വിശ്വസ്തരുമായി ഷിബു ബേബിജോൺ പങ്കുവെച്ചു. ഒരിക്കൽ പാർട്ടി പിളർന്നത് പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുക മാത്രമാണ് ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇടത് മുന്നണിയിലേക്ക് പാർട്ടി എത്തുന്നത് തടയാനാണ് എൻ കെ പ്രേമചന്ദ്രൻ കരുക്കൾ നീക്കിയത്. ഇതിനായി ആർഎസ്പിയുടെ പരാതികൾ എത്രയും വേ​ഗം പരിഹരിക്കണമെന്ന നിർദ്ദേശമാണ് പ്രേമചന്ദ്രൻ കോൺ​ഗ്രസ് നേതൃത്വത്തിന് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായാണ് യുഡിഎഫ് ചവറ നിയോജകമണ്ഡലം ചെയർമാനെ മാറ്റാൻ കോൺ​ഗ്രസ് തയ്യാറായാത് എന്നാണ് ലഭിക്കുന്ന വിവരം. ചവറ അരവിയെ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റുക വഴി ഷിബു ബേബിജോണിന്റെ അസംതൃപ്തി കുറയ്ക്കാനാകും എന്ന കണക്കുകൂട്ടലിലാണ് കോൺ​ഗ്രസും എൻ കെ പ്രേമചന്ദ്രനും.

തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന പ്രാദേശിക നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആർഎസ്‍പിയുടെ ആവശ്യം. എന്നാൽ ഏതെങ്കിലും പ്രത്യേക നേതാവിൻറെ പേരെടുത്ത് പരാതി നൽകിയിട്ടില്ലെന്ന കാരണത്താൽ ഏതെങ്കിലും നേതാവിനെതിരെ നടപടി എടുക്കാനാകില്ല എന്നായിരുന്നു കോൺ​ഗ്രസിന്റെ നിലപാട്. എന്നാൽ, കഴിഞ്ഞ ദിവസം ഇനി യുഡിഎഫ് യോ​ഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ആർഎസ്പി തീരുമാനിച്ചതോടെ എൻ കെ പ്രേമചന്ദ്രൻ അപകടം മണത്തു. ഇതിന് പിന്നാലെ കോൺ​ഗ്രസ് സംസ്ഥാന ജില്ലാ നേതൃത്വങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിരമായി യുഡിഎഫ് ചെയർമാനെ മാറ്റി തീരുമാനിക്കുകയായിരുന്നു. ചവറ അരവിയെ ഒഴിവാക്കി കോലത്ത് വേണുഗോപാൽ ആണ് പുതിയ ചെയർമാൻ.

ഉഭയകക്ഷി ചർച്ച നാളെ

നാളെ രാവിലെ കോൺ​ഗ്രസ് – ആർ എസ് പി ഉഭയകക്ഷി ചർച്ച നടക്കും. എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രേമചന്ദ്രൻ കോൺ​ഗ്രസ് നേതാക്കളുമായി സംസാരിച്ചു എന്നാണ് ആർ എസ് പി നേതാക്കൾ തന്നെ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ നാളത്തെ ചർച്ച വെറും പ്രഹസനം മാത്രമാണെന്നും അവർ ആരോപിക്കുന്നു. കോൺ​ഗ്രസ് താത്പര്യം സംരക്ഷിക്കുക മാത്രമാണ് പ്രേമചന്ദ്രൻ ചെയ്യുന്നത് എന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.

ചർച്ചയുടെ അടിസ്ഥാനത്തിൽ,​ ഉച്ചകഴിഞ്ഞ് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാനാണ് ഇന്നലെ ചേർന്ന ആർ.എസ്.പി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് ആർ.എസ്.പി എന്ന് പിന്നീട് സംസ്ഥാനസെക്രട്ടറി എ.എ. അസീസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ തോൽവി സ്വാഭാവികമാണ്. തോറ്റാലുടൻ മുന്നണി വിടുക എന്ന വഞ്ചനാപരമായ സമീപനം പാർട്ടിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകിയതാണെന്നും അസീസ് വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ വിമർശനങ്ങളുണ്ട്. ഇത്തരം കാര്യങ്ങൾ മൂടിവച്ച് പോകുന്നത് ശരിയല്ല. യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസും അവരുടെ തർക്കങ്ങൾ പരിഹരിക്കണം. ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കണം. യു.ഡി.എഫിൽ വന്ന ശേഷം ഞങ്ങൾക്ക് രണ്ട് സംവരണ സീറ്റുകളാണ് നൽകിയത്. ആറ്റിങ്ങലിൽ ഞങ്ങൾക്ക് കാര്യമായ സ്വാധീനമില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ആറ്റിങ്ങൽ സാദ്ധ്യതയുള്ള മണ്ഡലമാണെന്നാണ് മുന്നണി നേതൃത്വം പറഞ്ഞത്. കയ്‌പമംഗലത്തിന് പകരം മറ്റൊരു സീറ്റ് ചോദിച്ചപ്പോൾ അതിനേക്കാൾ കയ്‌പുള്ള മട്ടന്നൂരാണ് നൽകിയത്. ചവറയിൽ ഒരു കാരണവശാലും തോൽക്കാൻ പാടില്ലാത്തതായിരുന്നു. അവിടെ സംഘടനാചുമതലയിൽ വീഴ്ചകളുണ്ടായി. നയിച്ച പ്രധാന കക്ഷിയുടെ വീഴ്ചയാണ് മുഖ്യമെന്ന് യു.ഡി.എഫിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടിക്കുണ്ടായ തിക്താനുഭവങ്ങൾ ആവർത്തിക്കരുത്. പാർട്ടിയുള്ള സ്ഥലങ്ങളിലെങ്കിലും സഹകരണ ബാങ്കുകളിലെ ഭരണസമിതികളിലും മറ്റും പ്രാതിനിദ്ധ്യം വേണം. പ്രാദേശികതലത്തിൽ യു.ഡി.എഫ് സംഘടനാസംവിധാനം ശക്തിപ്പെടുത്തണം. ഇത്തരം കാര്യങ്ങളാണ് യു.ഡി.എഫിന് മുന്നിൽ ഉന്നയിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയും അറിയിച്ചു.

കോൺഗ്രസിനെ ഇഷ്ടപ്പെടുന്നവരിൽ അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് കപ്പലിനെ അവർ മുക്കുകയാണെന്ന് താൻ വിമർശിച്ചതെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഷിബു ബേബിജോൺ വിശദീകരിച്ചു. ഉച്ചി തൊട്ട കൈ കൊണ്ട് ഉദകക്രിയ നടത്താൻ ഇട വരുത്തരുതെന്നേ ഉദ്ദേശിച്ചുള്ളൂ. വിമർശനം സദുദ്ദേശ്യത്തോടെയായിരുന്നു.ബാബു ദിവാകരനും പങ്കെടുത്തു.സംസ്ഥാനകമ്മിറ്റി യോഗത്തിൽ കോൺഗ്രസിന്റെ പോക്കിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.

ആർഎസ്പി യുഡിഎഫ് വിട്ടാൽ ഉറപ്പായും ഇടത് മുന്നണിയിൽ എത്തുമെന്ന് പ്രേമചന്ദ്രന് നന്നായി അറിയാം. ദേശീയ നേതൃത്വത്തിന്റെ നിലപാടും ഇടത് ഐക്യവും മാർക്സിസ്റ്റ് പാർട്ടികളുടെ പുനരേകീകരണവുമാണ്. അതുകൊണ്ട് തന്നെ യുഡിഎഫ് പാളയം വിട്ടാൽ ഇടത് മുന്നണിയിലേക്ക് പാർട്ടി എത്താൻ പിന്നീട് വലിയ താമസമില്ല. ഇടത് മുന്നണിയിൽ ഒരു പാർട്ടിക്കും പ്രത്യേകിച്ച് സിപിഎമ്മിന് തന്നോട് മമതയില്ലെന്ന് മറ്റാരെക്കാളും നന്നായി പ്രേമചന്ദ്രനും തിരിച്ചറിയുന്നുണ്ട്. അതിനാലാണ് യുഡിഎഫ് ബന്ധം അവസാനിപ്പിക്കാനുള്ള പാർട്ടി തീരുമാനത്തെ തിരുത്താൻ പ്രേമചന്ദ്രൻ കളത്തിലിറങ്ങിയത്.

ആർഎസ്‌പിയുടെ ശക്തമായ കേന്ദ്രമായിരുന്നു ഒരുകാലത്ത്‌ കൊല്ലം ജില്ല.ചവറയിലും കുന്നത്തൂരിലും ജനങ്ങൾക്ക്‌ ഇടതുമുന്നണിയെന്നാൽ ആർഎസ്‌പി ആയിരുന്നു. പിന്നീട്‌ മുന്നണിയോട്‌ ഇടഞ്ഞ്‌ പാർട്ടി വലതുപാളയത്തിൽ എത്തിയെങ്കിലും ആർഎസ്‌പിയുടെ ചെങ്കൊടിക്കൊപ്പം തന്നെ ഇവിടുത്തെ ജനങ്ങൾ നില കൊണ്ടു.

എന്നാൽ കാര്യങ്ങൾ മാറിമറിയാൻ ഏറെ സമയം വേണ്ടി വന്നില്ല. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ പാർട്ടി പിളർക്കുന്നതിലേക്ക്‌ കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചു. കുന്നത്തൂരിലെ ജനപ്രതിനിധി വീണ്ടും ഇടതുപാളയത്തിലേക്ക്‌ ചേക്കേറി. പ്രത്യയശാസ്‌ത്രപരമായി വലത്‌ പക്ഷത്ത്‌ തുടരാനാകില്ലെന്ന്‌ ശേഷിച്ചവരും ചിന്തിച്ച്‌ തുടങ്ങി. പാർട്ടിയിലെ രണ്ട്‌ പ്രബലൻമാർ തമ്മിലുള്ള ശക്തിപരീക്ഷണത്തിലേക്കാണ്‌ ഇത്‌ ചെന്നെത്തിയത്‌.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്‌ പ്രതിഫലിച്ചു. ഫലമോ പാർട്ടിയുടെ ഈറ്റില്ലത്തിൽ തന്നെ നേരിടേണ്ടി വന്ന പരാജയമായിരുന്നു. പരാജയം നേരിടേണ്ടി വന്നതാകട്ടെ പാർട്ടിയിലെ അതികായൻമാരിൽ ഒരാൾക്ക്‌ തന്നെ എന്നതും പരാജയത്തിന്റെ ആഴം വർദ്ധിപ്പിച്ചു. തോൽക്കേണ്ടി വന്നതാകട്ടെ വെറുമൊരു പയ്യനോട്‌ എന്നതും എടുത്ത്‌ പറയേണ്ടതുണ്ട്‌.കോളജ്‌ വിദ്യാഭ്യാസകാലത്ത്‌ പോലും രാഷ്ട്രീയം എന്താണെന്നറിയാൻ മെനക്കെടാത്തൊരു പയ്യനോട്‌ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്‌ ബേബി ജോൺ എന്ന മഹാമേരുവിന്റെ തണലിൽ വളർന്ന്‌ രാഷ്ട്രീയം എന്തെന്ന്‌ കണ്ടും അറിഞ്ഞും വളർന്ന ഷിബുബേബിജോൺ എന്ന രാഷ്ട്രീയക്കാരന്‌ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഈ പരാജയത്തിന്‌ യുഡിഎഫിലെ ചക്കളത്തി പോരാട്ടങ്ങളും കാരണമായെന്ന്‌ പാർട്ടി വിലയിരുത്തി. ഈ തോൽവി കൂടി ആയപ്പോൾ മുന്നണി വിടുക എന്ന പാർട്ടിക്കുള്ളിലെ കുശുകുശുപ്പുകൾ അൽപ്പം ഉച്ചത്തിൽ തന്നെ പുറത്ത്‌ വന്ന്‌ തുടങ്ങി. പലഭാഗത്ത്‌ നിന്നും അനുകൂല സ്വരങ്ങൾ ഉയർന്നതോടെ അത്‌ തന്നെ നല്ലത്‌ എന്ന തീരുമാനത്തിലേക്ക്‌ നേതാക്കളും എത്തി. ഇതിന്റെ ഭാഗമായി യുഡിഎഫിനെതിരെ പല പരസ്യപ്രതികരണങ്ങളും നേതാക്കളുടെ ഭാഗത്ത്‌ നിന്നുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിൽ അടപടലം തോറ്റ്‌ നിൽക്കുന്ന യുഡിഎഫിന്‌ മുന്നണിയിൽ നിന്ന്‌ ഒരു പാർട്ടി വിട്ടുപോകുക എന്നത്‌ ചിന്തിക്കാൻ പോകും ആകില്ല.

ഇതിനിടെയാണ്‌ കോൺഗ്രസിന്റെ പുതിയ ജില്ലാ അധ്യക്ഷൻമാരെ നിയോഗിച്ചത്‌. അത്‌ പാർട്ടിക്കുള്ളിൽ ഉണ്ടാക്കിയിട്ടുള്ള പ്രശ്‌നങ്ങളും ചെറുതല്ല. ഇതോടെ ആർഎസ്‌പിക്ക്‌ മുന്നിൽ അടിയറവ്‌ പറയാൻ മുന്നണി തീരുമാനിച്ചു എന്ന്‌ വേണം കരുതാൻ. അതിന്റെ ഭാഗമായാകണം കഴിഞ്ഞ ദിവസം യുഡിഎഫ്‌ ചവറ മണ്ഡലം കമ്മിറ്റിയുടെ ചെയർമാനെ തത്സ്‌ഥാനത്ത്‌ നിന്ന്‌ നീക്കിയത്‌. ചവറ അരവിയെ മാറ്റി പകരം കോലത്ത്‌ വേണുഗോപാലിനെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌.

ആർഎസ്‌പിയുടെ ഷിബുബേബിജോൺ 1096 വോട്ടിനാണ്‌ ഇടതുമുന്നണി സ്വതന്ത്രനായി മത്സരിച്ച സുജിത്‌ വിജയൻപിള്ളയോട്‌ പരാജയപ്പെട്ടത്‌. തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിൽ നിന്ന്‌ വിട്ടുനിന്ന നേതാക്കൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന്‌ ആർഎസ്‌പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരുടെയും പേര്‌ എടുത്ത്‌ പറഞ്ഞ്‌ പരാതി നൽകിയിട്ടില്ലെന്നായിരുന്നു മുന്നണിനേതൃത്വത്തിന്റെ വിശദീകരണം. എന്നിട്ടും ചെയർമാനെ തന്നെ നീക്കി അനുനയ ശ്രമങ്ങൾ നടത്തുകയാണ്‌ ഇവർ.

പാർട്ടി യുഡിഎഫ് വിട്ട് ഇടതു മുന്നണിക്കൊപ്പം ചേരണമെന്നാണ് ആർഎസ്പിയിലെ വലിയൊരു വിഭാ​ഗം നേതാക്കളും പ്രവർത്തകരും ആവശ്യപ്പെടുന്നത്. എന്നാൽ, അതിന് എൻ കെ പ്രേമചന്ദ്രനും സംഘത്തിനും താത്പര്യമില്ലാത്തതാണ് ആർഎസ്പിക്കുള്ളിൽ വിഭാ​ഗീയത രൂക്ഷമാക്കിയത്. ഇതിനിടെ, ആർഎസ്പി പ്ലീനം പൊളിച്ച പ്രേമചന്ദ്രനും അസീസും മേഖലാ യോ​ഗങ്ങളും പൊളിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളും ജില്ലാ കമ്മിറ്റി അം​ഗങ്ങളും മണ്ഡലം ഭാരവാ​ഹികളും പങ്കെടുക്കുന്ന സമ്പൂർണ യോ​ഗം ആ​ഗസ്റ്റ് ഒമ്പതിന് കൊല്ലത്ത് വെച്ച് ചേരാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ പ്ലീനം നടത്തുന്നത് വേണ്ടെന്ന് വെച്ച് മൂന്ന് മേഖലകളിലായി പ്രവർത്തക യോ​ഗം ചേരാനായിരുന്നു തീരുമാനം. എന്നാൽ, അതും നടത്താൻ ആർഎസ്പി നേതൃത്വം തയ്യാറായില്ല. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതും തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close