ആർ എസ് പി ഇടത് മുന്നണിയിലേക്ക് പോകുക ഉചിതമായ സമയത്ത്; തോൽവിയുടെ പേരിൽ മുന്നണി മാറുന്നത് മര്യാദയല്ലെന്നും വിശദീകരണം; ദക്ഷിണ മേഖലാ നേതൃയോഗത്തിലും ഉയർന്നത് യുഡിഎഫ് വിടണമെന്ന വികാരം

കൊല്ലം: ഉചിതമായ സമയത്ത് ഇടത് മുന്നണിയിലേക്ക് പോകുമെന്ന് അണികൾക്ക് ഉറപ്പു നൽകി ആർഎസ്പി നേതൃത്വം. ഇന്ന് ചവറയിൽ നടന്ന ദക്ഷിണ മേഖലാ നേതൃയോഗത്തിലാണ് മുന്നണി മാറ്റം ഉചിതമായ സമയത്തെന്ന് നേതാക്കൾ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മുന്നണി വിടുന്നത് മര്യാദയല്ലെന്നായിരുന്നു നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ചവറയിലെ ബേബിജോൺ സ്മാരക മന്ദിരത്തിൽ ചേർന്ന ദക്ഷിണ മേഖലാ നേതൃയോഗത്തിൽ സംസ്ഥാന സെക്രട്ടറി എ എഅസീസ്, എൻ കെ പ്രേമചന്ദ്രൻ എംപി, ഷിബു ബേബിജോൺ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സംസ്ഥാന–- ജില്ലാകമ്മിറ്റി അംഗങ്ങൾ, മണ്ഡലം–- ലോക്കൽ സെക്രട്ടറിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
അനുയോജ്യമായ സമയത്ത് മുന്നണി മാറ്റം എന്ന സന്ദേശമാണ് നേതൃത്വം നൽകുന്നത്. അതിന് മുന്നോടിയായി സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം. തിരിച്ചടികളിൽ തകർന്നു പോകുന്ന പോരാട്ട വീര്യമല്ല തങ്ങളുടെ പാരമ്പര്യം എന്നും നേതാക്കൾ ഓർമ്മപ്പെടുത്തി. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങൾക്ക് തുടക്കമിടാനും തീരുമാനമായി. നവംബർ മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും. വരുന്ന സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയുടെ നയങ്ങളും നിലപാടുകളും വ്യക്തമാക്കും എന്നാണ് നേതാക്കൾ നൽകുന്ന സൂചന.
തെരഞ്ഞെടുപ്പു തോൽവിക്കുശേഷം നിശ്ചയിച്ച സംസ്ഥാന സ്പെഷ്യൽ നേതൃസമ്മേളനവും മേഖലാ പ്രവർത്തക യോഗങ്ങളും നേതൃത്വം ഉപേക്ഷിച്ചിരുന്നു. പ്രവർത്തകരുടെ അതിരൂക്ഷമായ എതിർപ്പിനെ തുടർന്ന് യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ആർഎസ്പി തീരുമാനിച്ചു. എന്നാൽ, പിന്നീട് കോൺഗ്രസുമായി നടന്ന ഉഭയകക്ഷി ചർച്ചയെത്തുടർന്ന് പങ്കെടുത്തു. ഇതിനെതിരെ ശൂരനാട്, കുന്നത്തൂർ മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടെ രൂക്ഷവിമർശനവും ഉയർന്നിരുന്നു.
അതേസമയം, ആർ എസ് പിയെ ഇടത് മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് സിപിഎമ്മിൽ രണ്ടഭിപ്രായമുണ്ട്. ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് തെറ്റ് തിരുത്തി വന്നാൽ ആർഎസ്പിയെ ഒപ്പം കൂട്ടാൻ തയ്യാറാണന്നും എൽഡിഎഫ് പൂർണ പിന്തുണയോടെ സ്വീകരിക്കുമെന്നും നേരത്തേ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി വ്യക്തമാക്കിയിരുന്നു. ‘ആർഎസ്പി ഒരു തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽവെച്ച് യാതൊരു തരത്തിലുള്ള രാഷ്ട്രീയമോ സംഘടനാപരമോ ഉള്ള ന്യായീകരണം ഇല്ലാതെ എൽഡിഎഫിനെ വഞ്ചിച്ച് പോയവരാണ്. അത് എപ്പോഴും ഓർത്തിരിക്കുന്നവരല്ല ഞങ്ങൾ. തെറ്റ് തിരുത്തി ശരിയായ രാഷ്ട്രീയ നിലപാട് എടുക്കുകയാണെങ്കിൽ അതിനെക്കുറിച്ച് നേതൃത്വം ചർച്ച ചെയ്യാൻ കഴിയും. എന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം.
ഇതോടെ ആർഎസ്പിയിലും സിപിഎമ്മിലും ആർഎസ്പിയുടെ മുന്നണിമാറ്റം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. യുഡിഎഫിൽ തുടരാം എന്നായിരുന്നു കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ ആർഎസ്പി എടുത്ത തീരുമാനം. ആർ എസ് പി നേതാക്കൾ പരസ്യമായി മുന്നണി മാറ്റം സംബന്ധിച്ച പ്രസ്താവനകൾ നടത്തിയിട്ടും സിപിഎം നേതൃത്വം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് യുഡിഎഫിൽ തുടരാൻ ആർഎസ്പി തീരുമാനിച്ചത്. എന്നാൽ, ആ യോഗത്തിന് പിന്നാലെ സിപിഎമ്മിനും ആർഎസ്പിക്കും ഇടയിലെ മഞ്ഞുരുക്കാൻ പ്രേമചന്ദ്രൻ എംപി നടത്തിയ നീക്കങ്ങൾ ശ്രദ്ധേയമായിരുന്നു.
ഇതിന് പിന്നാലെ ആർ എസ് പിയെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നിരുന്നു. ആര് എസ് പിയെ പരിഹസിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് രംഗത്ത്. ആര്‍എസ്പി ഇപ്പോള്‍ നില്‍ക്കുന്നിടത്ത് നില്ക്കട്ടയെന്നും കോണ്‍ഗ്രസിനൊപ്പം നിന്ന് കാര്യങ്ങള്‍ പഠിക്കട്ടയെന്ന് കോടിയേരി ബാലകൃഷ്ണന് പരിഹസിച്ചു. ആര്‍എസ്പിയുമായി നിലവില്‍ യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും അവര്‍ ഇപ്പോള്‍ സംപ്യൂജ്യരാണെന്നും കോടിയേരി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെയാണ് ആർ എസ് പിയിൽ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. ആർ എസ് പി സ്ഥാനാർത്ഥികളുടെ തോൽവി ഉറപ്പാക്കിയത് കോൺഗ്രസുകാരായിരുന്നു എന്ന ആക്ഷേപം നേതാക്കൾ പോലും ഉയർത്തി. ഇതിന് പിന്നാലെ ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷിബു ബേബിജോണിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം ആർഎസ്പിക്കാർ യുഡിഎഫ് വിടണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ, എൻ കെ പ്രേമചന്ദ്രന്റെ തന്ത്രങ്ങളിൽ ആർ എസ് പി, യുഡിഎഫിൽ ഉറച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
ആർ എസ് പി പിളർത്തിയാണെങ്കിലും ഇടത് പാളയത്തിൽ എത്തണമെന്ന വികാരമാണ് ഭൂരിപക്ഷം പ്രവർത്തകർക്കുമുള്ളത്. എന്നാൽ, താൻ മുൻകൈ എടുത്ത് ഒരിക്കൽ പാർട്ടി പിളർത്തിയതിന്റെ തിരിച്ചടി പാർട്ടിക്കുണ്ടെന്നും ഒരു പിളർപ്പിനെ കൂടി പ്രസ്ഥാനം താങ്ങില്ലെന്നുമാണ് ഷിബു ബേബിജോണിന്റെ നിലപാട്. ഷിബു ബേബിജോൺ പൂർണമായും പാർട്ടിക്ക് വിധേയനായി നൽക്കാൻ തീരുമാനിച്ചതോടെയാണ് അദ്ദേഹത്തിനൊപ്പം നിന്നിരുന്ന അണികൾ പാർട്ടി വിടാൻ ഒരുങ്ങുന്നത്.
കൊല്ലത്തെ പരമ്പരാഗത തൊഴിലാളിമേഖലകളിലാണ് ആർ.എസ്.പിയുടെ കരുത്തും വീര്യവും. ആ മേഖലയിലിപ്പോൾ കടുത്ത നിരാശയാണ്. ഇടതുചേരിയാണ് ആർ.എസ്.പിക്ക് പഥ്യമെന്ന് ചിന്തിക്കുന്നവരേറെയാണ്. മാനസികമായി യു.ഡി.എഫിനോട് പൊരുത്തപ്പെടാനാവാത്തവരാണ് മുന്നണിമാറ്റം ആഗ്രഹിക്കുന്നത്.ഇടതുചേരിയിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരേറെയാണ് ആ പാർട്ടിയിൽ.
തൊണ്ണൂറുകളുടെ ഒടുക്കം വരെയും കേരളത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയായിരുന്നു ആർ.എസ്.പി. ഇടതുമുന്നണിയിൽ സി.പി.എമ്മും സി.പി.ഐയും കഴിഞ്ഞാൽ പ്രബലകക്ഷി ആർ.എസ്.പിയായിരുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരം പിടിക്കുന്നതിന് തൊട്ടുമുമ്പ് വരെയും സി.പി.എം കഴിഞ്ഞാൽ കരുത്ത് ആർ.എസ്.പിക്കായിരുന്നു. കേരളത്തിൽ ബേബി ജോണിനെയും ശ്രീകണ്ഠൻ നായരെയും ടി കെ ദിവാകരനെയും കെ. പങ്കജാക്ഷനെയും പോലുള്ള കരുത്തന്മാർ ആർ.എസ്.പിയുടെ മുതൽക്കൂട്ടായിരുന്നു.
1999ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമന്ത്രിസഭയിൽ ജലസേചന മന്ത്രിയായിരിക്കെ ബേബി ജോൺ അപ്രതീക്ഷിതമായി അസുഖബാധിതനായതകോടെയാണ് ആർ എസ്പിക്ക് കഷ്ടകാലം ആരംഭിക്കുന്നത്. കേരള കിസിഞ്ചർ എന്നറിയപ്പെട്ട ബേബി ജോണിന്റെ കരുത്തിന്റെ ബലത്തിലാണ് പാർട്ടിക്കകത്തെ അന്തച്ഛിദ്രങ്ങളെ അടക്കിനിറുത്തിയിരുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങൾ. ബേബി ജോണിന്റെ വീഴ്ച പാർട്ടിയിൽ അടക്കിനിറുത്തപ്പെട്ടിരുന്ന അന്തച്ഛിദ്രങ്ങളെ മറനീക്കി പുറത്തെത്തിച്ചു. സംസ്ഥാനസെക്രട്ടറിയായിരുന്ന കെ. പങ്കജാക്ഷൻ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽസെക്രട്ടറിയാവുന്നത് ആയിടയ്ക്കാണ്. അദ്ദേഹം സംസ്ഥാനസെക്രട്ടറി പദമൊഴിഞ്ഞു. പുതിയ സെക്രട്ടറിയെ നിയോഗിക്കാൻ സംസ്ഥാനകമ്മിറ്റി ചേർന്നപ്പോൾ നേതാക്കൾ ചേരി തിരിഞ്ഞു. കെ.സി. വാമദേവനും പ്രൊഫ.ടി.ജെ. ചന്ദ്രചൂഡനും പരസ്പരം മത്സരിച്ചു. സിറ്റിംഗ് എം.എൽ.എമാരായ പ്രൊഫ.എ.വി. താമരാക്ഷനും ബാബു ദിവാകരനും ടി. നാണുമാസ്റ്ററുമടക്കം വാമദേവനായി നിലകൊണ്ടു. ഔദ്യോഗികചേരി ചന്ദ്രചൂഡനൊപ്പവും.
പിന്നീട് പാർട്ടി കൊല്ലം സമ്മേളനത്തിൽ ചന്ദ്രചൂഡനെ തോല്പിച്ച് വി.പി. രാമകൃഷ്ണപിള്ള പാർട്ടി സെക്രട്ടറിയായി. അപ്പോഴേക്കും ഭരണമാറ്റം സംഭവിച്ചിരുന്നു.ബേബിജോൺ കിടപ്പിലായപ്പോൾ പകരം മന്ത്രിസ്ഥാനത്തേക്ക് നാണുമാസ്റ്റർക്കും വി.പി. രാമകൃഷ്ണപിള്ളയ്ക്കും വേണ്ടി വടംവലികളുണ്ടായി. രാമകൃഷ്ണപിള്ളയ്ക്കാണ് നറുക്കുവീണത്. അതിലേറ്റ ക്ഷീണം മറികടക്കാനാണ് സെക്രട്ടറി തിരഞ്ഞെടുപ്പിൽ മറുചേരി ശ്രമിച്ചത്. രൂക്ഷമായ ചേരിപ്പോരിനൊടുവിൽ പാർട്ടി പിളർന്നു. ഒരു പക്ഷേ ബേബി ജോൺ അബോധാവസ്ഥയിലല്ലായിന്നെങ്കിൽ ആ പിളർപ്പ് സംഭവിക്കില്ലായിരുന്നെന്ന് കരുതുന്നവരാണ് പാർട്ടിയിലേറെയും. പിളർന്നുപോയവർ ആർ.എസ്.പി- ബോൾഷെവിക് രൂപീകരിച്ചു. കിടപ്പിലായിപ്പോയ ബേബി ജോണിനെ അവർ നേതാവാക്കി ഉയർത്തിക്കാട്ടി.
2001ലെ തിരഞ്ഞെടുപ്പാവുമ്പോഴേക്കും ആർ.എസ്.പി-ബി യു.ഡി.എഫിനൊപ്പമായി. ഇരവിപുരത്ത് വിജയിച്ച ബാബു ദിവാകരൻ അന്ന് മന്ത്രിയായി. ബാബു ദിവാകരൻ, പാർട്ടിയുടെ സ്ഥാപകനേതാവും പ്രഗല്ഭനുമായ പരേതനായ ടി.കെ. ദിവാകരന്റെ മകനാണ്. ബേബിജോണിന്റെ മകനായ ഷിബു രാഷ്ട്രീയത്തിൽ അച്ഛന്റെ പിൻഗാമിയായി സജീവമായിത്തുടങ്ങിയിരുന്നു. ഷിബു ബോൾഷെവിക് പക്ഷത്തായതിനാലാണ് ബേബിജോൺ അവരുടെ നേതാവായി അവരോധിക്കപ്പെട്ടതും. 2006ലെ തിരഞ്ഞെടുപ്പിൽ ചവറയിൽ ഷിബു ബേബിജോണിനെ മലർത്തിയടിച്ച് ഔദ്യോഗിക ആർ.എസ്.പിയുടെ കരുത്തായത് ബേബിജോണിന്റെ പ്രിയശിഷ്യൻ എൻ.കെ. പ്രേമചന്ദ്രനായിരുന്നു. പ്രേമചന്ദ്രൻ മന്ത്രിയുമായി.ഇതിനിടയിൽ ആർ.എസ്.പിയുടെ കരുത്ത് വലിയ തോതിൽ ചോർന്നുപോയിരുന്നു.
ഒരു ദശകം മുമ്പുവരെയും ഏഴ് സീറ്റുകളിൽ വരെ മത്സരിക്കുകയും നാലും അഞ്ചും എം.എൽ.എമാരെ വരെ വിജയിപ്പിച്ചെടുക്കുകയും ചെയ്ത ആർ.എസ്.പി നിയമസഭയിൽ രണ്ട് പേരിലേക്ക് ഒതുങ്ങി. ഇടതുമുന്നണിയിൽ ലഭിച്ചുവന്നിരുന്ന കൊല്ലം ലോക്സഭാ സീറ്റ് കൈവിടേണ്ടി വന്നു. 2014ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിലനില്പ് പോലും അപകടത്തിലാവുന്ന ഘട്ടത്തിലാണ് മുമ്പ് കൈവിട്ട കൊല്ലം ലോക്സഭാ സീറ്റ് ആർ.എസ്.പി തിരിച്ചുചോദിച്ചത്. ഉഭയകക്ഷി ചർച്ച നടക്കും മുമ്പേ എം.എ. ബേബിയെ കൊല്ലത്ത് സ്ഥാനാർത്ഥിയായി സി.പി.എം നിശ്ചയിച്ചു. അത് ആർ.എസ്.പിയുടെ ആത്മാഭിമാനത്തെ വല്ലാതെ മുറിവേല്പിച്ചു. ഇടതുമുന്നണി വിടുകയെന്ന കടുത്ത തീരുമാനത്തിലേക്ക് ആ പാർട്ടിയെ എത്തിച്ചു. തക്കസമയത്ത് ഇടപെട്ട് ആർ.എസ്.പിക്ക് യു.ഡി.എഫിലേക്കുള്ള പരവതാനി ഒരുക്കിയത് അന്ന് ആർ.എസ്.പി-ബിയുടെ മന്ത്രിയായിരുന്ന ഷിബു ബേബിജോൺ ആണ്.
ക്രമേണ ആർ.എസ്.പി-ബി, ഔദ്യോഗിക ആർ.എസ്.പിയിൽ ലയിച്ചു. എം.എൽ.എ ആയിരുന്ന കോവൂർ കുഞ്ഞുമോൻ ഔദ്യോഗിക ആർ.എസ്.പി വിട്ട് ആർ.എസ്.പി-ലെനിനിസ്റ്റ് ഉണ്ടാക്കി സ്വതന്ത്രനായി. പിന്നീട് നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആർ.എസ്.പിക്ക് നഷ്ടം മാത്രമാണുണ്ടായത്. 2016ലും 2021ലും അഞ്ചിടത്ത് വീതം യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ച അവർക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല.