Breaking NewsKERALANEWSTop News

കപ്പലിൽ വെച്ച് കാലൊടിഞ്ഞു; റഷ്യക്കാരനെ വിഴിഞ്ഞത്തെത്തിച്ചത് പ്രത്യേക സന്നാഹമൊരുക്കി

വിഴിഞ്ഞം: കപ്പലിൽ വെച്ച് ജോലിക്കിടെ കാലിൽ ഇരുമ്പ് പൈപ്പ് വീണ് കാലൊടിഞ്ഞ റഷ്യക്കാരനെ കരക്കെത്തിച്ചു. സീയെം സോക്രട്ടീസ് എന്ന ചരക്കുകപ്പലിലെ ശുചീകരണ തൊഴിലാളി ഡിമിത്രി ബൈറ്റെൻസ് കോ(25)യെയാണ് വ്യാഴാഴ്ച രാത്രി അടിയന്തിര ചികിത്സക്കായി കരയിലെത്തിച്ചത്. ജോർദാനിൽനിന്ന് സിങ്കപ്പുരിലേക്ക് വിഴിഞ്ഞം വഴി പോകുകയായിരുന്നു കപ്പൽ. വിഴിഞ്ഞം കടലിൽ പ്രത്യേക സന്നാഹമൊരുക്കിയാണ് ഇയാളെ കരയിലെത്തിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡിമിത്രി ബൈറ്റെൻസ് കോക്ക് അപകടമുണ്ടായത്. കപ്പലിൽ വെള്ളമുപയോഗിച്ച് ശുചീകരണം നടത്തുന്ന സമയത്ത് മുകളിൽനിന്ന് ഇരുമ്പ് പൈപ്പ് വീണായിരുന്നു പരിക്കേറ്റതെന്ന് കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കപ്പൽ ഏജൻസി മേധാവി ക്യാപ്റ്റൻ സന്തോഷ് പറഞ്ഞു.

പരിക്കേറ്റ ജീവനക്കാരന് അടിയന്തര ചികിത്സ നൽകുന്നതിന് കപ്പലിലെ ക്യാപ്റ്റൻ മാരിടൈംബോർഡിന്റെ വിഴിഞ്ഞം അധികൃതരോട് സഹായം ആവശ്യപ്പെടുകയായിരുന്നു. കപ്പലിന്റെ ഏജൻസിയുടെ പ്രതിനിധികളും തുറമുഖ പർസർ വിനുലാൽ, സൂപ്പർവൈസർ അജീഷ്മണി, ജീവനക്കാരൻ അജിത്, പോർട്ട് ഹെൽത്ത് ഓഫീസർ ശ്രാവൺ എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസ് അടക്കമുള്ള സന്നാഹം സജ്ജമാക്കി.

തുടർന്ന് മാരിടൈംബോർഡിന്റെ ടഗ്ഗ് കപ്പലിനടുത്തെത്തി പ്രത്യേക സംവിധാനത്തിലൂടെ ജീവനക്കാരനെ താഴെയിറക്കി. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇമിഗ്രേഷൻ അധികൃതർ ആശുപത്രിയിൽ തങ്ങുന്നതിന് മൂന്നുദിവസത്തെ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ശസ്ത്രക്രിയ നടക്കാത്തതിനെ തുടർന്ന് അനുമതി നീട്ടിക്കിട്ടാൻ ആവശ്യപ്പെട്ട് എഫ്.ആർ.ആർ.ഒ.യ്ക്ക് അപേക്ഷ നൽകുമെന്നും കപ്പൽ ഏജൻസി അധികൃതർ പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close