KERALANEWSTop News

ചിത്തിര ആട്ടവിശേഷ പൂജ; ശബരിമല നട തുറന്നു; ഭക്തർക്ക് ഇന്ന് മുതൽ പ്രവേശനം

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഇന്ന് പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്നു. തുടർന്ന് നിർമ്മാല്യദർശനവും പതിവ് അഭിഷേകവും നടത്തി. ശേഷം മഹാഗണപതി ഹോമം, ഉദയാസ്തമന പൂജ, കലശാഭിഷേകം, കളഭാഭിഷേകം തുടങ്ങിയവയും ഉണ്ടായിരുന്നു. പുലർച്ചെ മുതൽ ഭക്തരെ ദർശനത്തിനായി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നുണ്ട്. ഉച്ചക്ക് 1 മണിക്ക് നട അടയ്ക്കും. വൈകിട്ട് 5ന് നട തുറക്കുകയും 6.30ന് ദീപാരാധനയുമുണ്ടാകും.7 മണിക്ക് പടിപൂജ കഴിഞ്ഞ് രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. മണ്ഡലം – മകരവിളക്ക് ഉൽസവത്തിനായി നവംബർ 15ന് വൈകുന്നേരം നട തുറക്കും.

അതിനിടയിൽ ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മതിയാകുമെന്ന ഇളവാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്നത്. നേരത്തെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ഭക്തര്‍ക്ക് ഇത് രണ്ടും വേണമെന്നായിരുന്നു.

തുലാമാസ പൂജകൾക്ക് വെ‍ർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവസരം കിട്ടാത്തവർക്ക് ഇന്ന് ദർശനത്തിന് അനുമതിയുണ്ട്. അതേസമയം, കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യ സഹായ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ആരോ​ഗ്യ വകുപ്പിന്റെ പദ്ധതി. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ശബരിമലയിൽ വിന്യസിക്കും.

സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിൽ ഡിസ്‌പെന്‍സറികൾ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ഓപ്പറേഷന്‍ തിയറ്ററും പ്രവര്‍ത്തിക്കും. സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാൻ തയാറായതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അത് കൂടി കണക്കിലെടുത്താണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റേയും സ്റ്റേറ്റ് സ്‌പെസിഫിക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

എല്ലാ തീര്‍ത്ഥാടകരും, ജീവനക്കാരും രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവര്‍ക്കും കോവിഡ് വന്ന് മൂന്ന് മാസത്തിനുള്ളില്‍ ആയിട്ടുള്ളവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദര്‍ശനം ഒഴിവാക്കണം.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് വഴികളില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 5 സ്ഥലങ്ങളിലായാണ് സ്ഥാപിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close