KERALANEWS

ശബരിമല വെർച്വൽ ക്യൂ: ബുക്ക് ചെയ്തത് 12 ലക്ഷം ഭക്തർ, പ്രതിദിനം 30,000 പേർക്ക് ദർശനാനുമതി

പത്തനംതിട്ട: ശബരിമല ദർശനത്തിനായി ഇതുവരെ വെർച്വൽ ക്യൂ ബുക്ക് ചെയ്തത് 12 ലക്ഷം ഭക്തർ ആണ്. പ്രതിദിനം 30,000 പേർക്കാണ് ദർശനം അനുവദിക്കുക. അതുകൊണ്ട് തന്നെ ദർശനത്തിന് വരുന്നവരും പോകുന്നവരുമായി 60,000 പേർ ഉണ്ടായിരിക്കും എന്നാണ് മോട്ടർ വാഹന വകുപ്പിന്റെ കണക്കു കൂട്ടൽ. അതിന്റെ ഭാഗമായി സേഫ് സോൺ പദ്ധതി തയാറാക്കി. ശരണ വഴിയിൽ അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഇലവുങ്കലിൽ ചീഫ് കൺട്രോളിങ് ഓഫിസും എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ കൺട്രോളിങ് ഓഫിസും ഒരുക്കി. ശബരിമലയിലേക്കുള്ള പ്രധാന പാതകളായ മണ്ണാരക്കുളഞ്ഞി- പമ്പ, എരുമേലി- പമ്പ റോഡുകൾ സംഗമിക്കുന്നത് ഇലവുങ്കലാണ്. താൽക്കാലിക ഓഫിസ് ഇതിനായി കെട്ടി ഉയർത്തി.

നിലയ്ക്കൽ- പമ്പ, നിലയ്ക്കൽ- പത്തനംതിട്ട, നിലയ്ക്കൽ – എരുമേലി, എരുമേലി- പൊൻകുന്നം, കോട്ടയം- കുമളി, പുലിക്കുന്ന് വഴിയുള്ള എരുമേലി- മുണ്ടക്കയം എന്നീ റോഡുകളാണ് സേഫ് സോൺ പദ്ധതിയിൽ ഉൾപ്പെടുത്തി നിരീക്ഷണം നടത്തുന്നത്. ഇതിനായി പട്രോളിങ് സംഘത്തെയും നിയോഗിച്ചു. തിരക്കിന് അനുസരിച്ച് കൂടുതൽ വാഹനവും സംഘവും എത്തും. അപകടത്തിൽപെടുന്ന വാഹനങ്ങൾ വേഗത്തിൽ നീക്കുന്നതിന് ക്രെയിൻ, ചെയിൻ ബ്ലോക്ക്, റിക്കവറി വാൻ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

വാഹനങ്ങൾക്ക് തകരാർ ഉണ്ടായാൽ നന്നാക്കുന്നതിനായി മെക്കാനിക്കൽ വിഭാഗത്തെയും ഒരുക്കിയിട്ടുണ്ട്. പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളിൽ ഓരോ കിലോമീറ്റർ ഇടവിട്ട് ശബരിമലയിലേക്കുള്ള ദൂരം രേഖപ്പെടുത്തിയ സേഫ് സോൺ ബോർഡ് മോട്ടർവാഹന വകുപ്പ് സ്ഥാപിക്കും. ഉരുൾപൊട്ടി കാഞ്ഞിരപ്പള്ളി 26ാം മൈൽ പാലം അപകടത്തിലായതിനാൽ ഗതാഗതം തിരിച്ചുവിട്ട വഴികളിലും ബോർഡ് സ്ഥാപിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close