KERALANEWSTop News

കിറ്റെക്‌സിനെതിരെ വിരോധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി; എന്റെ അച്ഛനെ നടുറോഡിലിട്ട് വെട്ടിയത് 70 തവണ; എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞു; ആരും അറിയാതെ പോയ കിറ്റെക്സിന്റെ വളർച്ചയുടെയും സിപിഎമ്മിന്റെ ശത്രുതയുടെയും കഥ ഇങ്ങനെ…

കേരളക്കരയിൽ നിരവധി പേർക്ക് തൊഴിൽ എന്ന സ്വപ്നത്തെ യാഥാർത്ഥ്യമാക്കി കൊടുത്തപ്പോഴും കിറ്റക്സ് എന്ന കമ്പനിയ്ക്കും അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബിനും നേരിടേണ്ടി വന്നത് കനത്ത അവ​ഗണന മാത്രം ആയിരുന്നു.ട്വിന്റി ട്വന്റി എന്ന രാഷ്ട്രിയ പാർട്ടിയുടെ നാശം മുന്നിൽ കണ്ട് സംസ്ഥാന സർക്കാർ ചെയ്തതൊക്കെ കിറ്റക്സിനെ നാമാവശേഷം ആക്കാനുള്ള പ്രവർത്തികൾ തന്നെയായിരുന്നു.അതിന്റെ ഫലമായി കേരളത്തിലെ വ്യവസായം അവസാനിപ്പിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറാൻ തയ്യാറായിരിക്കുകയാണ് സാബു ജേക്കബ്.ആരാണ് സാബു ജേക്കബ് ?എന്തുകൊണ്ടാണ് കേരളത്തിൽ ഈയൊരു വ്യവസായിയിക്ക് മാത്രം ഇത്തരത്തിൽ സർക്കാരിന്റെ ഭാ​ഗത്തു നിന്നും അവ​ഗണനകൾ നേരിടേണ്ടി വരുന്നത് എന്ന ചോദ്യത്തിന് ഉത്തരം സാബു ജേക്കബ് തന്നെ തുറന്നു പറയുന്നു.

തെലങ്കാനയിലേക്ക് 3500 കോടിയുടെ നിക്ഷേപവുമായി കിറ്റെക്‌സ് പോയതിൽ ഒരു ദുഃഖവുമില്ലെന്ന് പറയുന്ന സാബു ജേക്കബ് അതിനിടയാക്കിയ കാരണങ്ങൾ വിശദീകരിക്കുന്നു.കാരണം ഒന്നേയുള്ളൂ, അന്തസായി തല ഉയർത്തിപ്പിടിച്ച് ജീവിക്കാനാണ് എനിക്കിഷ്ടം. വ്യവസായികളോട് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കാശ് ചോദിക്കാറുണ്ട്. മിക്കവരും കാശ് കൊടുക്കാറുമുണ്ട്. അത് എല്ലായിടത്തും പതിവാണ്. കാശ് രണ്ട് രീതിയിൽ വാങ്ങിക്കാം. ചിലർ, കിട്ടുന്നത് വാങ്ങി സന്തോഷത്തോടെ പോകുന്നു. ‘തന്നില്ലെങ്കിൽ നിന്നെ ശരിയാക്കി കളയും’ എന്ന് പറയുന്നവരാണ് രണ്ടാമത്തേത്.

നിയമപരമായി ചെയ്യേണ്ടത് ചെയ്യാതെ പൈസ കൊടുത്ത് മാത്രം കാര്യങ്ങൾ നേടുന്നവരാണ് പലരും. ആ വ്യവസ്ഥിതിയാണ് പ്രശ്‌നം. ഇതിനോട് എനിക്ക് എതിർപ്പാണ്. എന്റെ പിതാവും (അന്ന കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകൻ എം.സി. ജേക്കബ്) അങ്ങനെയായിരുന്നു. ആരെങ്കിലുമൊക്കെ പ്രതികരിക്കാതെ ഈ വ്യവസ്ഥിതി നന്നാവില്ലല്ലോ.ഒരു മാസത്തിനിടെ കിറ്റെക്‌സിൽ നടന്നത് 12 പരിശോധനകൾ.പരിശോധനകൾക്ക് ഞങ്ങൾ ഒരിക്കലും എതിരല്ല. പക്ഷേ, പരിശോധിക്കാൻ വരുന്നവർ മാനദണ്ഡം പാലിക്കണം. ഇവിടെ ഒന്നും പാലിക്കപ്പെട്ടില്ല. പത്താമത്തെ പരിശോധനയ്ക്ക് ശേഷമാണ് ഞാൻ പ്രതികരിച്ചത്. ട്വന്റി20 സ്ഥാപിക്കപ്പെട്ടിട്ട് വലിയ കാലമായിട്ടില്ല.കിറ്റെക്‌സിനെതിരെ വിരോധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. രാഷ്ട്രീയത്തിന്റെ മറവിൽ ഇവർ തീർക്കുന്നത് വ്യക്തിവിരോധം കൂടിയാണ്.

1975 മുതൽ പലവർഷങ്ങളിലും പ്രതിഷേധമുണ്ടായി. 97ൽ എന്റെ അച്ഛനെ നടുറോഡിൽ വണ്ടിയിൽ നിന്നിറക്കി ഇവർ 70 വെട്ടാണ് വെട്ടിയത്. എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞിട്ടുണ്ട്. 2001ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് രാത്രി 200ലേറെ രാഷ്ട്രീയക്കാർ ഫാക്ടറി ആക്രമിച്ചു. അഞ്ച് വണ്ടി തീവച്ചു. സ്ത്രീകളുടെ ഹോസ്റ്റലിന്റെ ചില്ലുകൾ തകർത്തു. രണ്ടര മണിക്കൂർ അക്രമമായിരുന്നു. ഇത് കേരളത്തിന്റെ പൊതുസ്വഭാവമാണ്.

കൃഷിയിൽ നിന്നാണ് ഞങ്ങൾ വ്യവസായത്തിലേക്ക് വന്നത്. ഒരുപാട് പേർക്ക് തൊഴിൽ കൊടുക്കുകയായിരുന്നു ലക്ഷ്യം. കിറ്റെക്‌സിൽ ഇന്നുവരെ തൊഴിലാളി പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഓർക്കണം. ഞങ്ങൾക്ക് നേരെയുണ്ടായിട്ടുള്ളത് ഉദ്യോഗസ്ഥരാഷ്ട്രീയ അക്രമങ്ങളാണ്. മുൻകാലങ്ങളിൽ വലിയ പ്രതിസന്ധികളുണ്ടായെങ്കിലും കേരളം നന്നാകണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് പിടിച്ചുനിന്നത്. നിക്ഷേപം ഉപേക്ഷിക്കാനുള്ള തീരുമാനം വൈകാരികമല്ല. ആലോചിച്ചെടുത്തതാണ്. 1995 ലാണ് കിറ്റെക്‌സ് ഗാർമെന്റ്‌സ് തുടങ്ങിയത്. ഈ 26 വർഷം കമ്പനി പ്രവർത്തിച്ചത് തെലങ്കാനയിലോ തമിഴ്‌നാട്ടിലോ ആയിരുന്നെങ്കിൽ ഇതിന്റെ പത്തിരട്ടി വളർന്നേനെ. ഇന്ന് 15,000 പേർ ജോലിയെടുക്കുന്ന സ്ഥാപനത്തിൽ ഒന്നരലക്ഷം പേരുണ്ടായിരുന്നേനെ. അതുകൊണ്ട്, എന്റെ തീരുമാനത്തിൽ ദുഃഖമൊന്നുമില്ല.വ്യവസായ സൗഹൃദമെന്ന സംഗതി കേരളത്തിലില്ല. വ്യവസായ സൗഹൃദത്തിൽ 28ാം റാങ്കാണ് കേരളത്തിന്. ത്രിപുര മാത്രമാണ് കേരളത്തിന് പിന്നിലുള്ളത്. എന്തൊരു നാണക്കേടാണിത്. കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് രാഷ്ട്രീയക്കാരും മന്ത്രിമാരുമാണ്. കേരളത്തിലാണ് എന്റെ ഫാക്ടറി, പതിനായിരത്തിലേറെ പേർ ജോലി ചെയ്യുന്നു എന്ന് ഞാൻ പറയുമ്പോൾ മറ്റ് നാട്ടുകാർ അന്തംവിടുകയാണ്. പി.ടി. തോമസ് പറഞ്ഞു ഞങ്ങൾ മാലിന്യം ഉണ്ടാക്കുകയാണെന്ന്. മാലിന്യം യഥാർത്ഥത്തിൽ ആരാണ് ഉണ്ടാക്കുന്നതെന്ന റിപ്പോർട്ട് ഞങ്ങൾ ഉടൻ പുറത്തുവിടുന്നുണ്ട്. രാഷ്ട്രീയലാഭം മാത്രമാണ് ഇവിടെ എല്ലാവർക്കുമുള്ളത്.

202021 മുഴുവൻ കൊവിഡിന്റെ പിടിയിലായിരുന്നു. എങ്കിലും 67 ശതമാനം ഉത്പാദനവും വിറ്റുവരവും ഞങ്ങൾ നേടി. ലാഭം വരുമാനത്തിന്റെ അതേ അനുപാതത്തിൽ നിലനിറുത്താനും കഴിഞ്ഞു. ഈ വർഷം റെക്കാഡ് വിറ്റുവരവാണ് പ്രതീക്ഷ. 780 കോടി രൂപ നേടിയ 2020ലെ റെക്കാഡ് ഈ വർഷം മറികടക്കും. ഒന്നാംപാദത്തിൽ തന്നെ വലിയ പ്രതീക്ഷയാണ് ഞങ്ങൾക്കുള്ളതെന്നും സാബു ജേക്കബ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close