KERALANEWSTop News

കൊച്ചിയിലെ മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: കൊച്ചിയിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ച സംഭവത്തിൽ ഔഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിലെ രണ്ടാം പ്രതിയാണ് സൈജു. നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്.

സൈജു മോഡലുകളെ പിന്‍തുടര്‍ന്ന ഔഡി കാര്‍ കണ്ടെടുക്കേണ്ടത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. ഇതിനിടെ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് സൈജു സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

മോഡലുകൾ സഞ്ചരിച്ച കാറിനെ സംഭവദിവസം രാത്രി കുണ്ടന്നൂരിനു സമീപം വഴിയിൽ തടഞ്ഞു നിർത്തി സൈജു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. അതുവരെ മിതമായ സ്പീഡിൽ സഞ്ചരിച്ചിരുന്ന കാറിന്റെ വേഗം പിന്നീടു വർധിച്ചതായും തുടർന്ന് അപകടമുണ്ടായതായും റോഡരികിലുള്ള നിരീക്ഷണ ക്യാമറകളിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്. സൈജുവിന്റെ ഭീഷണിയെത്തുടർന്നു കാറിന്റെ വേഗം വർധിപ്പിച്ചത് അപകടത്തിനു വഴിയൊരുക്കിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടരുക, അപകടത്തിനു പ്രേരണയാകുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ചു നടക്കുന്ന രാസലഹരി ഇടപാടിന്റെ മുഖ്യകണ്ണി സൈജുവാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച മൊഴികളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുകൾക്കു വേണ്ടി സൈജു 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന മുംബൈ മലയാളി യുവതിയുടെ പരാതിയും കിട്ടി. സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ചു നർകോട്ടിക് കൺട്രോൾ ബ്യൂറോയും സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗവും വിവരം ശേഖരിക്കുന്നുണ്ട്.

മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചൻ ആളത്ര നിസ്സാരക്കാരനല്ല. ഇയാൾ കൊച്ചിയിലെ ലഹരി കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ബെംഗളൂരുവിൽനിന്നു സ്ഥിരമായി കേരളത്തിലേക്കു രാസലഹരിമരുന്നു കടത്തുന്ന സംഘത്തിന്റെ കൊച്ചിയിലെ വിതരണക്കാരനാണു സൈജുവെന്നാണ് ആരോപണം.

കോഴിക്കോട് കേന്ദ്രീകരിച്ചു കേരളത്തിലേക്കു ലഹരിയെത്തിക്കുന്ന റാക്കറ്റിലെ കണ്ണിയാണു സൈജു തങ്കച്ചനെന്നും ആരോപണമുണ്ട്. ഇതിനു തെളിവായി സൈജുവിന്റെ ഫോൺ സംഭാഷണങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. സൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

2021 മേയിൽ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടുകളെ സംബന്ധിച്ചു സംസ്ഥാന ഡിജിപിക്കു ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിലും സൈജുവിന്റെ ചിത്രവും നമ്പർ 18 കേന്ദ്രീകരിച്ചു നടക്കുന്ന ഇടപാടുകളും ഉൾപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ പല ഹോട്ടലുകളിലും നിശാപാർട്ടിയിൽ ലഹരി അനുവദിച്ചിരുന്നില്ല. ഇത്തരം പാർട്ടികൾക്കു ശേഷം ചെറുസംഘങ്ങളായി പിരിഞ്ഞു സമീപത്തെ മറ്റിടങ്ങളിൽ തുടരുന്ന ലഹരി പാർട്ടികളിലാണ് (ആഫ്റ്റർ പാർട്ടി) രാസലഹരി ലഭ്യമാക്കിയിരുന്നത്.

നിശാപാർട്ടിക്കു ശേഷം അതേ ഹോട്ടലിലെ മുറികളിൽ ആഫ്റ്റർ പാർട്ടിക്ക് സൗകര്യം ലഭ്യമാക്കിയിരുന്നതാണ് നമ്പർ 18 ഹോട്ടലിന്റെ പ്രത്യേകത. കോവിഡ് ലോക്ഡൗൺ കാലത്തു വളരെ പെട്ടെന്നാണ് ഇവിടത്തെ ‘ക്ലബ് 18’ പാർട്ടി കൂട്ടായ്മയിലേക്കു യുവാക്കൾ ഒഴുകിയെത്താൻ തുടങ്ങിയത്. അപകടദിവസം രാത്രി ചില ‘വിഐപി’കൾ മാത്രം പങ്കെടുക്കുന്ന ആഫ്റ്റർ പാർട്ടിയിലേക്കു മിസ് കേരള മോഡലുകളെ സൈജു ക്ഷണിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

അൻസി കബീറും അഞ്ജന ഷാജനും ഈ ക്ഷണം അവഗണിച്ച് 2 സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ വിട്ടുപോയതിൽ ക്ഷുഭിതനായ സൈജു കാറിൽ ഇവരെ പിന്തുടർന്നതായാണു പോലീസിന്റെ നിഗമനം. കുണ്ടന്നൂരിനും വൈറ്റിലയ്ക്കും ഇടയിൽ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയ സൈജു വിലകൂടിയ ലഹരിപദാർഥങ്ങൾ വാഗ്ദാനം ചെയ്ത് വീട്ടിലേക്കും ക്ഷണിച്ചതായി അപകടത്തിൽ രക്ഷപ്പെട്ട ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.

ഹോട്ടൽ മുതൽ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് വരെ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ ഇവരുടെ മരണ വിവരം അപ്പോൾ തന്നെ റോയിയെയും ജീവനക്കാരെയും ഫോണിൽ അറിയിച്ചിരുന്നു. ഇതിനു ശേഷമാണു പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ ജീവനക്കാർക്കു നിർദ്ദേശം ലഭിച്ചതെന്നാണു നിഗമനം. ഈ നീക്കത്തിലാണു പോലീസ് ഗൂഢാലോചന കാണുന്നത്.

നമ്പർ 18 ഹോട്ടലിനു ഉന്നതരുമായുള്ള ബന്ധം അന്വേഷണത്തിലുടനീളം നിഴലിക്കുന്നുണ്ട്. ഇനി ഈ കേസും കൈമറിഞ്ഞ് അന്വേഷണം എൻസിബിയിലേക്ക് എത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എൻസിബി എത്തിയാൽ സിനിമയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഗൂഢാലോചനയും തെളിയും. മുംബൈയിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് വഴിയൊരുക്കിയ സമീർ വാങ്കഡെയെ പോലൊരു ഉദ്യോഗസ്ഥൻ അന്വേഷിച്ചാലേ ഈ മരണത്തിലെ മയക്കുമരുന്ന് മാഫിയയെ കണ്ടെത്താൻ കഴിയൂവെന്നതാണ് വസ്തുത.

കേസിൽ സൈജു തങ്കച്ചൻ, ഹോട്ടലുടമ റോയ് ജോസഫ് എന്നിവരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട മോഡലുകളുടെ അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രിക്ക് ഉടൻ പരാതി നൽകും. ലഭ്യമായ വിവരങ്ങൾ മുഴുവൻ സംസ്ഥാന പൊലീസിനു കൈമാറിയിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണു മുഖ്യമന്ത്രിയെ കാണാൻ ബന്ധുക്കൾ ശ്രമിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close