Breaking NewsKERALANEWSTrending

ലഹരി മരുന്ന് ഇടപാടിന്റെ ദൃശ്യങ്ങൾ പകർത്തി യുവതീയുവാക്കളെ ഭീഷണിപ്പെടുത്തും; പിന്നീട് ലഹരിക്കടത്തിനും ലൈം​ഗിക വേഴ്ച്ചക്കും ഇരകളാക്കും; കൊച്ചിയിലെ നക്ഷത്ര വേശ്യാലയത്തിൽ പല ഉന്നതരും പതിവുകാർ; സൈജു തങ്കച്ചൻ ചെറിയ മീനല്ലെന്ന് പൊലീസും

കൊച്ചി: മിസ് കേരളകൾ ഉൾപ്പെടെ മൂന്നുപേർ കാറപകടത്തിൽ മരിച്ച സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേരളത്തിൽ ആഢംബര ലഹരി പാർട്ടികൾ സംഘടിപ്പിക്കുകയും അത് റെക്കോഡ് ചെയ്ത് ഇരകളെ ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്യിക്കുകയുമാണ് സൈജു തങ്കച്ചന്റെ പ്രധാന പരിപാടിയെന്നാണ് റിപ്പോർട്ടുകൾ. ഇത് പൊലീസും സ്ഥിരീകരിക്കുന്നു. സൈജു തങ്കച്ചനെ കുറിച്ച് മോഡലുകൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഈ തിരിച്ചറിവിലാണ് മോഡലുകൾ ആഫ്റ്റർ പാർട്ടി ക്ഷണം നിരസിച്ച് കാറിൽ പാഞ്ഞത്. സൈജു തങ്കച്ചനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. നിശാപാർട്ടികളിൽ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി ലഹരി ഇടപാടുകൾക്ക് ഉപയോഗിക്കുകയും ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് സൈജു തങ്കച്ചൻ നേതൃത്വം നൽകുന്ന റാക്കറ്റിന്റെ രീതി.

നമ്പർ 18 ഹോട്ടലിൽ എത്തിയ മോഡലുകളേയും ഇയാൾ ഭീഷണിപ്പെടുത്തി. അഫ്റ്റർ പാർട്ടിക്ക് പങ്കെടുക്കാൻ നിർബന്ധം പിടിച്ചു. ഇതിനായുള്ള ശ്രമത്തെ എതിർത്തതാണു മിസ് കേരള മുൻ ജേതാക്കളായ മോഡലുകളെ ഭീഷണിപ്പെടുത്താനും രാത്രിയിൽ കാറിൽ പിന്തുടരാനും കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒക്ടോബർ 31നു രാത്രി ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ സൈജുവിന്റെ സാന്നിധ്യവും ഇടപെടലുകളും ശല്യമായപ്പോഴാണു പാർട്ടി അവസാനിക്കും മുൻപ് ഇവർ കാറിൽ പുറത്തേക്കു പോയത്. ഇവരെ പിന്തുടർന്ന സൈജു കുണ്ടന്നൂരിനു സമീപം കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. പിന്നെയും വിടാതെ പിൻതുടർന്നപ്പോഴാണു കാറിന്റെ വേഗം വർധിപ്പിച്ചത്. പീഡന ലക്ഷ്യത്തോടെയായിരുന്നു സൈജുവിന്റെ ഭീഷണികൾ.

ഉന്നതരുമായ ബന്ധങ്ങളായിരുന്നു സൈജു തങ്കച്ചനെയും കൂട്ടരെയും ഇത്രയും വളരാൻ സഹായിച്ചത്. ഇവരുടെ ഉന്നത സ്വാധീനവും ക്രൂരമായ പെരുമാറ്റവും ഭയന്ന് പലരും പരാതി നൽകാൻ പോലും തയാറായിട്ടില്ല. പ്രമുഖ സിനിമാ നിർമ്മാതാവിനും ഈ ഇടപാടുകളിൽ പങ്കുണ്ട്. കൊച്ചിയിൽ ഈ നിർമ്മാതാവിനും ഹോട്ടലും മറ്റു സൗകര്യവുമുണ്ട്. നമ്പർ 18 ഹോട്ടലിനൊപ്പം ഇവിടേയും സൈജു താവളം അടിക്കാറുണ്ട്. ഭീഷണി വീഡിയോകൾ ചിത്രീകരിക്കുന്നത് മയക്കുമരുന്ന് കടത്തിന് ഇവരെ ഉപയോഗിക്കാനാണ്. നായ്ക്കളേയും മറ്റും ഉപയോഗിച്ചുള്ള ലഹരി കടത്തിലും ഇയാൾക്ക് പങ്കുണ്ട്.

സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളടക്കം സംബന്ധിച്ച വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സ്ഥിരമായി ഡി.ജെ. പാർട്ടികളിൽ പങ്കെടുത്തിരുന്ന സൈജു, പാർട്ടിക്കെത്തിയിരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈജുവിന് ലഹരിമരുന്ന് കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘം ശേഖരിച്ചു. മദ്യപിച്ചുള്ള യാത്ര തടയുക ലക്ഷ്യമിട്ടാണ് താൻ മോഡലുകളുടെ കാറിനെ പിന്തുടർന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. അത് കളവാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു. ഈ ഫോണിൽ മറ്റ് ചിലർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്. പക്ഷേ ഇത് ചിത്രീകരിച്ചത് സൈജു തന്നെയാണ്. സൈജുവിന് ലഹരി ഇടപാടുകളുണ്ട് എന്നതും പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചവർ ആരൊക്കെയെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെയെല്ലാം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഇയാൾ മുമ്പ് പങ്കെടുത്ത ഡി.ജെ പാർട്ടികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ പാർട്ടികളിൽ പങ്കെടുത്തിട്ടുള്ള ചില യുവതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ഇയാൾക്കെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നടന്ന പല ഡിജെ പാർട്ടികളിലും ഇയാൾ പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സൈജു കൈവശംവെക്കുന്ന ആഡംബര കാറിൽനിന്ന് ഗർഭനിരോധന ഉറകളും കാമറയും പൊലീസ് കണ്ടെടുത്തിരുന്നു. കാറിൽ നക്ഷത്ര വേശ്യാലയത്തിന് സമാനമായ സംവിധാനങ്ങളും ഉണ്ടായിരുന്നു. കിടക്കയും ഡിജെ പാർട്ടിക്ക് വേണ്ട സംഗീത സംവിധാനവും ഉണ്ടായിരുന്നു. ഇതെല്ലാം വിഐപികൾക്ക് നഗരം ചുറ്റി പെൺകുട്ടികളെ ഉപയോഗിക്കാൻ വേണ്ടി ഒരുക്കിയതായിരുന്നു. വൻ തുകയാണ് ഔഡിയിലെ ലഹരി ആസ്വാദനത്തിന് ഇയാൾ വാങ്ങിയിരുന്നത്. സിനിമാക്കാർ അടക്കം ഈ സംവിധാനം ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന.

ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിൽനിന്ന് ഇറങ്ങിയ മോഡലുകളുടെ കാറിനെ ഇയാൾ പിന്തുടർന്ന് താമസസൗകര്യം വാഗ്ദാനം ചെയ്തതായാണ് വിവരം. മോഡലുകളെ കുടുക്കാൻ നടത്തിയ ഈ നീക്കം അവർ മനസ്സിലാക്കിയിരുന്നു. ഇതിൽനിന്ന് രക്ഷപ്പെടാൻ മോഡലുകൾ സഞ്ചരിച്ച കാർ അമിത വേഗത്തിൽ പായുന്നതിനിടെയാണ് അപകടമെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. ഒപ്പം കാർ ഡ്രൈവറുടെ അമിത മദ്യപാനവും അപകടത്തിലേക്ക് നയിച്ചു.

ലഹരി പാർട്ടികളിൽ പങ്കെടുത്തവരെ വരും ദിവസങ്ങളിൽ പൊലീസ് ചോദ്യംചെയ്യും. സൈജു മുമ്പ് പങ്കെടുത്ത ഡി.ജെ പാർട്ടികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇവരിൽനിന്ന് ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇതര സംസ്ഥാനത്തുനിന്ന് മാരകമയക്കുമരുന്നുകൾ കൊച്ചിയിൽ നടന്ന ഡി.ജെ പാർട്ടികളിലേക്ക് എത്തിച്ചിരുന്നതിലൂടെ വൻതുക ഇയാൾ നേടിയിട്ടുണ്ടെന്നും വിവരമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close