MoviesNEWSTrending

ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള പെൺകുട്ടിയെ തേടുന്നു; മനസ്സിലെ ആഗ്രഹങ്ങൾ ഊതിക്കാച്ചിയ പെൺകുട്ടി, മീരാഭായി ചാനു; മീരയുടെ ജീവിതം മണിപ്പൂരിഭാഷയിൽ ഇനി സിനിമാ പ്രേമികൾക്കിടയിലേക്കും

ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടി അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ സിനിമയാവുന്നു. ചിത്രത്തിന്റെ ധാരണപത്രത്തിൽ ചാനുവിന്റെ ടീം ഒപ്പുവച്ചു. മണിപ്പൂരി ഭാഷയിലാണ് ചിത്രം. ശ്രുതി ഫിലിംസാണ് ചിത്രം നിർമ്മിക്കുക. ഇംഗ്ളീഷിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തുന്നുണ്ട്. ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള പെൺകുട്ടിയെ തേടുകയാണ് അണിയറ പ്രവർത്തകർ. ആറുമാസത്തിനുശേഷം ചിത്രീകരണം ആരംഭിക്കും. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരബായി ചാനു വെള്ളിമെഡൽ നേടിയത്.

മീരബായി ചാനുവിന് ഭാരോദ്വഹനത്തോട് അത്ര താൽപ്പര്യമൊന്നും ചെറുപ്പത്തിൽ ഇല്ലായിരുന്നു. പൊടി പറ്റുന്ന കളികളിൽ ഏർപ്പെടാത്ത ചാനുവിന് ഒരു അമ്പെയ്ത്തുകാരിയാകണം എന്നായിരുന്നു ആഗ്രഹം. അതിൽ ഉറച്ച് സായി സെലക്ഷനായി പതിമൂന്നാമത്തെ വയസിൽ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ എത്തി. ചാനു അന്നെ മനസിൽ ഉറപ്പിച്ചിരുന്നു സ്പോർടാണ് തൻറെ ഭാവി. എന്നാൽ ഇംഫാലിൽ എത്തിയതോടെ അമ്പെയ്ത്ത് എന്ന സ്വപ്നം പൊലിഞ്ഞു. അവിടുത്തെ സായി കേന്ദ്രത്തിൽ അതിനുള്ള പരിശീലനമില്ല. നിരാശയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചാനു ചെയ്തത്.

ആ സമയത്താണ് അന്നത്തെ മണിപ്പൂരിൻറെ ഹീറോയായിരുന്ന ഭാരോദ്വഹന താരം കുഞ്ചറാണിയെക്കുറിച്ചുള്ള ഒരു വീഡിയോ ചാനു കാണാൻ ഇടയായത്. ഇത് ശരിക്കും അവരിലെ ഭാരോദ്വഹകയെ പ്രചോദിപ്പിച്ചു. വീണ്ടും ഇംഫാലിൽ തിരിച്ചെത്തി. നേരെപോയി സന്ദർശിച്ചത് അന്ന് ഇന്ത്യൻ താരമായിരുന്ന അനിത ചാനുവിനെ, അവരായിരുന്നു പിന്നീട് ചാനുവിൻറെ കരിയറിലെ വിലയേറിയ ഉപദേശങ്ങൾ നൽകിയത്.

ടോക്കിയോയിലെ വെള്ളിത്തിളക്കത്തിലേക്കുള്ള യാത്ര കഷ്ടപ്പാടുകളും, പ്രാരാബ്ദ്ധങ്ങളും നിറഞ്ഞ കാലത്ത് നിന്നും ഈ രംഗത്തേക്ക് എത്തിപ്പെട്ടതിനേക്കാൾ കഠിനമേറിയതാണെന്ന് ചാനുവിൻറെ കരിയർ പരിശോധിച്ചാൽ മനസിലാകും. 2014ലെ ഗ്ലാസ്കോ കോമൺവെൽത്ത് ഗെയിംസിലെ മിന്നുംപ്രകടനമാണ് ചാനുവിനെ രാജ്യമെങ്ങും കേളികേട്ട താരമാക്കിയത്. ഇതോടെ 2016 റിയോ ഒളിംപിക്സിൽ ഇന്ത്യ മെഡലെന്ന് ഉറപ്പിച്ച് അയച്ച താരം ചാനുവായിരുന്നു. എന്നാൽ റിയോയിൽ സംഭവിച്ചത് ചാനു മറക്കാൻ ആഗ്രഹിക്കുന്ന ദുരന്തമായിരുന്നു.

സെലക്ഷൻ ട്രയലിൽ നടത്തിയ പ്രകടനം പോലും നടത്താൻ സാധിക്കാതെയാണ് ചാനു റിയോ വിട്ടത്. അതിന് പിന്നാലെ ദേശീയ മാധ്യമങ്ങൾ അടക്കം ഈ മണിപ്പൂരുകാരിക്കെതിരെ വിമർശനം ഉന്നയിച്ചു. എന്നാൽ വിമർശനത്തിനെ അതിൻറെ വഴിക്ക് വിട്ട് തൻറെ വഴി ടോക്കിയോ ആണെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് ചാനു പുറത്തെടുത്തത്. അടുത്തവർഷം യുഎസിൽ നടന്ന ലോകചാമ്പ്യൻഷിപ്പ്, 2018 കോമൺവെൽത്ത് ഗെയിംസ് എന്നിവിടങ്ങളിൽ സ്വർണ്ണ പ്രകടനം താരം പുറത്തെടുത്തു.

ടോക്കിയോയിലേക്കുള്ള പാത വെട്ടിത്തെളിച്ച് മുന്നേറുമ്പോൾ തന്നെ പരിക്ക് വില്ലനായി പലപ്പോഴും ചാനുവിൻറെ കരിയർ തടസ്സപ്പെടുത്തി. നടുവേദന വില്ലനായപ്പോൾ ചാനു തൻറെ ഇഷ്ടവിഭാഗമായ 48 കിലോ ഗ്രാം വിഭാഗം ഉപേക്ഷിച്ച് 49 കിലോഗ്രാം വിഭാഗത്തിലേക്ക് മാറി. അതിനിടയിൽ പരിക്ക് വീണ്ടും പിന്തുടർന്നപ്പോൾ അമേരിക്കയിലെ പ്രശസ്‌തനായ സ്പോർട്സ് ഫിസിയോ ഡോ. ആരൺ ഹോഷിഫിന് കീഴിൽ ചികിൽസയും തേടിയിരുന്നു ചാനു. ഈ ചികിൽസയ്ക്ക് ശേഷം ഒരു കൊടുങ്കാറ്റായി ചാനുവിൻറെ തിരിച്ചുവരവാണ് കണ്ടത്. ലോകറെക്കോഡ് തിരുത്തി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം.

ടോക്കിയോയിലേക്ക് പോയ ഏക ഇന്ത്യൻ വനിത ഭാരോദ്വഹകയാണ് മീരഭായി ചാനു. അതിനാൽ തന്നെ രാജ്യത്തിൻറെ പ്രതീക്ഷകൾ അവർ അസ്ഥാനത്താക്കിയില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close