
തെന്നിന്ത്യൻ താരദമ്പതികളായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നു. ഇരുവരും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടു. ഏറെനാളായി ഇരുവരും പിരിയുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോൾ താരങ്ങൾ തന്നെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ്.
നാഗചൈതന്യയും സാമന്തയും സോഷ്യൽ മീഡിയ പേജുകളിൽ ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവച്ചു. “ഒരുപാട് ആലോചിച്ചും ചിന്തിച്ചും ചായും ഞാനും ഭാര്യയും ഭർത്താവും എന്ന ബന്ധം അവസാനിപ്പിച്ച് ഞങ്ങളുടെ വഴി പിന്തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെയായി ഞങ്ങൾ സൗഹൃദത്തിലായിരുന്നു, ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനവും അതുതന്നെയായിരുന്നു, ആ സ്പെഷ്യൽ ബോണ്ട് തുടർന്നും ഉണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു”, സാമന്ത കുറിച്ചു. കഠിനമായ ഈ സമയത്ത് പിന്തുണ വേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങൾ അഭ്യർഥിക്കുന്നുണ്ട്.
വേർപിരിയലിന്റെ പേരിൽ മാസങ്ങളായി തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്ന താര ദമ്പതികളായിരുന്നു നാഗചൈതന്യയും സാമന്തയും. സിനിമാപ്രേമികൾക്കിടയിൽ സോഷ്യൽ മീഡിയയിലും മറ്റും സാമന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതു മുതൽക്കേ താരദമ്പതികൾക്കിടയിലെ അസ്വാരസ്യത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു. പിന്നാലെ നടന്ന നാഗചൈതന്യയുടെ അച്ഛൻ നാഗാർജ്ജുനയുടെ പിറന്നാളാഘോഷത്തിൽ സാമന്ത പങ്കെടുക്കാത്തതും സിനിമാപ്രേമികൾക്കിടെയിലെ ചർച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു. 2010ൽ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017ലായിരുന്നു സാമന്തയും അക്കിനേനി നാഗചൈതന്യയും തമ്മിലുള്ള വിവാഹം.