Breaking NewsINDIANEWSTop News

“എന്റെ അച്ഛൻ ഹിന്ദുവും അമ്മ മുസ്ലിമുമാണ്; എന്റെ വിവാഹത്തിന് മുസ്ലീം ആചാരങ്ങൾ പാലിക്കണമെന്ന് അമ്മ ആഗ്രഹിച്ചു; ഞാൻ മറ്റൊരു മതത്തിലേക്ക് മാറിയെങ്കിൽ തെളിവ് കാണിക്കണം”; നവാബ് മാലിക്കിന്റെ പോസ്റ്റിന് പ്രതികരണവുമായി സമീർ വാങ്കഡെ

മുംബൈ: നവാബ് മാലികിന്റെ പോസ്റ്റുകൾക്ക് പ്രതികരണവുമായി സമീർ വാങ്കഡെ. “ഞാൻ ജനനം മുതൽ ഒരു ഹിന്ദുവാണ്, ഞാൻ ഒരു ദളിത് കുടുംബത്തിൽ നിന്നാണ്. ഞാൻ ഇന്നും ഒരു ഹിന്ദുവാണ്. ഞാൻ ഒരിക്കലും ഒരു തരത്തിലുള്ള മതപരിവർത്തനത്തിന് വിധേയനായിട്ടില്ല. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു,” വാങ്കഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“എന്റെ അച്ഛൻ ഒരു ഹിന്ദുവാണ്, എന്റെ അമ്മ ഒരു മുസ്ലീമായിരുന്നു. ഞാൻ അവരെ രണ്ടുപേരെയും സ്നേഹിക്കുന്നു. എന്റെ വിവാഹത്തിന് മുസ്ലീം ആചാരങ്ങൾ പാലിക്കണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചു. എന്നാൽ അതേ മാസം, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം എന്റെ വിവാഹം രജിസ്റ്റർ ചെയ്തു. കാരണം രണ്ട് വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള ആളുകൾ വിവാഹിതരാകുന്നു, ഈ നിയമപ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നീട് ഞങ്ങൾ നിയമപരമായി വിവാഹമോചനം നേടി. ഞാൻ മറ്റൊരു മതത്തിലേക്ക് മാറിയെങ്കിൽ… നവാബ് മാലിക് സർട്ടിഫിക്കറ്റ്… തെളിവ് കാണിക്കണം. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം എന്റെ അച്ഛൻ വിവാഹ സർട്ടിഫിക്കറ്റ് കാണിക്കും,” എൻസിബി ഓഫീസർ കൂട്ടിച്ചേർത്തു.

നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ മാനേജർ സമീർ വാങ്കഡെക്കെതിരെ വീണ്ടും ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. വാങ്കഡെ മുസ്ലീമാണെന്നും എന്നാൽ ഐആർഎസ് പരീക്ഷയിൽ സംവരണം ലഭിക്കാൻ വേണ്ടി തന്റെ ജാതി മറച്ചുവച്ച് സർട്ടിഫിക്കറ്റ് തിരുത്തിയെന്നുമാണ് നവാബ് മാലിക്ക് ഉയർത്തുന്ന പുതിയ ആരോപണം. സമീർ ദാവൂദ് വാങ്കഡെയെന്നാണ് പേരെന്നും നവാബ് മാലിക് അവകാശപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെടുന്ന രേഖകളും നവാബ് മാലിക് പുറത്തുവിട്ടിരുന്നു.

വാങ്കഡെയുടെ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പെന്ന അവകാശപ്പെടുന്ന രേഖയാണ് മാലിക് ട്വിറ്ററിലൂടെ പങ്കുവച്ചത്. രേഖയിൽ പിതാവിന്റെ പേര് ദാവൂദ് കെ വാങ്കഡെയെന്നാണ്. ”സമീർ വാങ്കഡെയുടെ മതം പുറത്തുകൊണ്ടുവരലല്ല എന്റെ ഉദ്ദേശം. അദ്ദേഹത്തിന്റെ തട്ടിപ്പാണ് വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഐആർഎസ് ജോലി കിട്ടാൻ ഷെഡ്യൂൾ കാസ്റ്റ് എന്ന് കാണിച്ച് സംവരണം ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ് തിരുത്തി”- എന്നും മാലിക്ക് ട്വീറ്റ് ചെയ്തു.

2006 ൽ വാങ്കഡെയുടെ ആദ്യ വിവാഹം നടന്നതിന്റെ ചിത്രവും നവാബ് മാലിക്ക് പങ്കുവച്ചിട്ടുണ്ട്. വാങ്കഡെയുടെ നിക്കാഹ് ചടങ്ങിന്റേതെന്നാണ് മാലിക് ഇതിൽ വ്യക്തമാക്കുന്നത്. 26 മയക്കുമരുന്ന് കേസുകളിലായി നിഷ്കളങ്കരായ ആളുകളെ വാങ്കഡെ കുടുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ ഒരു ജീവനക്കാരൻ എഴുതിയ കത്തും നവാബ് മാലിക്ക് ഇതിനൊപ്പം ഉദ്ദരിച്ചു.

അതേസമയം മാലിക്കിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ച് വാങ്കഡെയുടെ രണ്ടാം ഭാര്യ ക്രാന്ദി റെഡ്കറും സഹോദരി ജസ്മീൻ വാങ്കഡെയും രംഗത്തെത്തി. നവാബ് മാലിക്കിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ അദ്ദേഹം കോടതിയിൽ പോകട്ടെ എന്നും തങ്ങളുടെ കുടുംബത്തെ മാലിക്ക് ഉന്നംവയ്ക്കുകയാണെന്നും അവർ ആരോപിച്ചു.

സമീർ വാങ്കഡെയ്ക്കെതിരെ ആരോപണവുമായി നവാബ് മാലിക്ക് ഇത് ആദ്യമായല്ല രംഗത്തെത്തുന്നത്. നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്‍തതു മുതലാണ് സമീർ വാങ്കഡ ചർച്ചകളിൽ നിറഞ്ഞിരിന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. ആര്യൻ ഖാനിൽ നിന്ന് പിടിച്ച ലഹരി മരുന്ന് എൻസിബി ഉദ്യോഗസ്ഥർ തന്നെ കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തൽ വന്നിട്ടുള്ളത്.

ഇന്ന് മുംബൈയിലെത്തുന്ന എൻസിബിയുടെ അഞ്ചം​ഗ വിജിലൻസ് സംഘമാണ് സമീറിൽ നിന്ന് നേരിട്ട് വിശദീകരണം തേടുക. ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് ഇന്നലെ ബോംബെ ഹൈക്കോടതിയിൽ ഉന്നയിച്ച കാരണങ്ങളിലൊന്നും സാക്ഷിയുടെ വെളിപ്പെടുത്തൽ തന്നെയായിരുന്നു. സാക്ഷികളെ ഷാരൂഖിന്‍റെ മാനേജ‌ർ സ്വാധീനിച്ചെന്നാണ് വാദം.

എന്നാൽ, ഇത് നിഷേധിച്ച ആര്യൻ സാക്ഷികളെ അറിയില്ലെന്ന് കോടതിയിൽ പറഞ്ഞു. ലഹരിമരുന്ന് ആര്യനിൽ നിന്ന് കണ്ടെടുത്തിട്ടില്ലെന്നും ഉപയോഗിച്ചതിനും ശാസ്ത്രീയ തെളിവില്ലെന്നും ആര്യനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. തെളിവായി ചൂണ്ടിക്കാണിക്കുന്ന വാട്‍സ് ആപ്പ് ചാറ്റുകൾ പോലും മൂന്ന് വർഷം പഴക്കമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പേര് വെളിപ്പെടുത്താതെയാണ് എൻസിബി ഉദ്യോഗസ്ഥൻ സമീര്‍ വാങ്കഡയ്‍ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്കാണ് പുറത്തുവിട്ടത്.

സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി. നടി ദീപിക പദുകോൺ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടി. അഭിഭാഷകനായ അയാസ് ഖാൻ മുഖേനയാണ് പണം കൈപറ്റിയിരുന്നത്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയാരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീർ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങൾ കത്തിൽ പറയുന്നു. സമീർ വാങ്കഡെയ്‍ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന പേരിലാണ് കത്ത്. കത്ത് എൻസിബി തലവന് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു.

എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചത്. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്‍റെ മാനേജരെ കണ്ടു. കിരൺ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻഖാനെകൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്ത് വിട്ടിരുന്നു.

കിരൺ ഗോസാവിയുടെ അംഗരക്ഷകനാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ല. എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പിടീച്ച് സാക്ഷിയാക്കുകയായിരുന്നെന്നാണ് പ്രഭാകർ സെയ്‍ലിന്‍റെ വെളിപ്പെടുത്തൽ.

എൻസിബി ഓഫീസിനകത്ത് വച്ച് കിരൺ ഗോസാവിയെന്ന തന്‍റെ ബോസ് വലിയ അധികാരത്തോടെയാണ് പെരുമാറിയിരുന്നത്. ആര്യൻഖാനെ കൊണ്ട് ഇയാൾ ആരെയൊക്കെയോ ഫോണിൽ വിളിപ്പിക്കുന്നതിന്‍റെ വീഡിയോ ആണിത്. അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ ഈ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജരെ കാണാൻ പോയി. പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു.

25 കോടി ചോദിക്കാം, 18 കിട്ടും. അതിൽ 8 സമീർ വാംഗഡെയ്ക്ക് നൽകാം എന്നതായിരുന്നു സംസാരം. പിന്നെയൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തു. എന്നാൽ തൊഴിൽ തട്ടിപ്പ് കേസിൽ പ്രതിയായ ഗോവാസി ലുക്കൗട്ട് നോട്ടീസ് ഇറങ്ങിയതിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. പക്ഷെ സമീർ വാങ്കഡെയുടെ ഭീഷണി തനിക്കുണ്ടെന്നും പ്രഭാക‍ർ പറഞ്ഞു. എന്നാൽ ആരോപണങ്ങളെല്ലാം തള്ളുകയാണ് എൻസിബി.

ആര്യൻ ഖാനെതിരായ കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കത്ത്. സാക്ഷിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച എൻസിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി വാർത്താക്കുറിപ്പും പുറത്തിറക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close