INDIANEWS

നവാബ് മാലിക്കിനെതിരെ പരാതിയുമായി സമീർ വാങ്കഡെയുടെ സഹോദരി; പരാതിയിൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്നും ആരോപണം

മുംബൈ: മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതിയുമായി സമീർ വാങ്കഡെയുടെ സഹോദരി രംഗത്ത്. വാങ്കഡെ കുടുംബത്തെ അപായപ്പെടുത്തും വിധം വ്യക്തിഹത്യ നടത്തിയെന്നും മന്ത്രിക്കെതിരെ നൽകിയ പരാതിയിൽ ഇതുവരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്നും ആരോപിച്ചാണ് വാങ്കഡെയുടെ സഹോരിയും അഭിഭാഷകയുമായ യാസ്മീൻ വാങ്കഡെ രംഗത്തെത്തിയത്.

നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ മാനേജർ സമീർ വാങ്കഡെക്കെതിരെ വീണ്ടും ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. വാങ്കഡെ മുസ്ലീമാണെന്നും എന്നാൽ ഐആർഎസ് പരീക്ഷയിൽ സംവരണം ലഭിക്കാൻ വേണ്ടി തന്റെ ജാതി മറച്ചുവച്ച് സർട്ടിഫിക്കറ്റ് തിരുത്തിയെന്നുമാണ് നവാബ് മാലിക്ക് ഉയർത്തുന്ന പുതിയ ആരോപണം. സമീർ ദാവൂദ് വാങ്കഡെയെന്നാണ് പേരെന്നും നവാബ് മാലിക് അവകാശപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെടുന്ന രേഖകളും നവാബ് മാലിക് പുറത്തുവിട്ടിരുന്നു.

വാങ്കഡെയുടെ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പെന്ന അവകാശപ്പെടുന്ന രേഖയാണ് മാലിക് ട്വിറ്ററിലൂടെ പങ്കുവച്ചത്. രേഖയിൽ പിതാവിന്റെ പേര് ദാവൂദ് കെ വാങ്കഡെയെന്നാണ്. ”സമീർ വാങ്കഡെയുടെ മതം പുറത്തുകൊണ്ടുവരലല്ല എന്റെ ഉദ്ദേശം. അദ്ദേഹത്തിന്റെ തട്ടിപ്പാണ് വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഐആർഎസ് ജോലി കിട്ടാൻ ഷെഡ്യൂൾ കാസ്റ്റ് എന്ന് കാണിച്ച് സംവരണം ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ് തിരുത്തി”- എന്നും മാലിക്ക് ട്വീറ്റ് ചെയ്തു. ഒരു വർഷത്തിനുള്ളിൽ വാങ്കഡെ ജയിലിൽ ആകുമെന്നും ജോലി നഷ്ടപ്പെടുമെന്നും മന്ത്രി പൊതുയോഗത്തിലും പ്രസംഗിച്ചിരുന്നു.

ആര്യൻ ഖാൻ കേസിനെ വഴിതിരിക്കാനാണ് ശ്രമം. ഏറെ തെളിവുകൾ കണ്ടെത്തിയ മികച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താനും മയക്കുമരുന്ന് കേസുകൾ ഇല്ലാതാക്കാനും മന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നു. വാങ്കഡെയുടെ സഹോദരി മുംബൈ പോലീസിൽ നൽകിയ പരാതിയിൽ ഒരാഴ്ച പിന്നിട്ടെന്നും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടി ല്ലെന്നതും യാസ്മീൻ ചൂണ്ടിക്കാട്ടി.

സമീർ വാങ്കഡെയുടെ കുടുംബത്തെ പ്രശ്‌നത്തിൽ വലിച്ചിഴച്ചത് മന്ത്രിയാണെന്നും മയക്കുമരുന്ന് മാഫിയയുടെ നിരന്തരമായ ഭീഷണിയിലാണ് നിലവിൽ കുടുംബമെന്നും യാസ്മീൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രി ട്വിറ്ററിലൂടെ തന്നെ അധോലോക നായികയായി ചിത്രീകരിച്ചത് തീർത്തും അപമാനകരവും ഒരു കുടുംബത്തിനേറ്റ കളങ്കവുമാണെന്നും യാസ്മിൻ പറഞ്ഞു.

ഒരു സ്ത്രീ എന്ന നിലയിൽ തന്റേയും തന്റെ സഹോദരന്റേയും കുടുംബത്തിന്റേയും രക്ഷ ഭരണകൂടത്തിന്റെ കയ്യിലാണ്. അതേ ഭരണകൂടത്തിന്റെ ഭാഗമായ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അപ്രതീക്ഷിതമായ നിയമലംഘനവും അപമാനവും ഭീഷണിയുമാണ്. അതിനെതിരെ വേണ്ട അടിയന്തിര നിയമ നടപടികൾ കൈക്കൊള്ളണമെന്നും യാസ്മിൻ പരാതിയിൽ പറയുന്നു.

പരാതി ലഭിച്ചെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടി പൂർത്തിയാക്കേണ്ട ഉദ്യോഗസ്ഥനായ സഞ്ജയ് ഭണ്ഡാലെ അവധിയിലായതിനാലാണ് കാലതാമസം നേരിടുന്നതെന്നുമുള്ള മറുപടി വിശ്വാസയോഗ്യമല്ലെന്നും യാസ്മിൻ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close