KERALANEWSTrending

‘സമൃദ്ധി കൊച്ചി’ പദ്ധതിക്ക് തുടക്കം; വിശപ്പു രഹിത സമൂഹത്തിനായി മഞ്ജു വാര്യരും

കൊച്ചി: കൊച്ചി നഗരത്തിൽ ഇനി ആരും വിശന്നിരിക്കണ്ട. സാമ്പാറും അച്ചാറും തോരനും കൂട്ടി ഇനി ഉച്ചഭക്ഷണം കഴിക്കാം. 10 രൂപയ്ക്ക് ഉച്ചഭക്ഷണവുമായി ‘സമൃദ്ധി കൊച്ചി’ പദ്ധതിക്ക് തുടക്കമായി. കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ടൽ സമൃദ്ധി@കൊച്ചി ചലച്ചിത്രതാരം മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്തു. താൻ രണ്ട് വർഷത്തിന് ശേഷമാണ് ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്നതെന്ന് മഞ്ജു വാര്യർ പറഞ്ഞു. മിതമായ നിരക്കിൽ പോഷക സമൃദ്ധമായ ഭക്ഷണം വിളമ്പുന്ന വനിതകൾക്കായുളള സംരംഭത്തിൽ തന്നെ ക്ഷണിച്ചതിൽ അഭിമാനമുണ്ടെന്നും മേയറോട് നന്ദിയുണ്ടെന്നും മഞ്ജുവാര്യർ അറിയിച്ചു.

വനിതകൾക്കായുളള സംരംഭം ഉദ്ഘാടനം ചെയ്യുവാൻ ഏറ്റവും അനുയോജ്യയായ വ്യക്തിയെയാണ് നമുക്ക് ലഭിച്ചതെന്ന് അദ്ധ്യക്ഷത വഹിച്ച മേയർ അഡ്വ. എം. അനിൽകുമാർ അഭിപ്രായപ്പെട്ടു. 14 കുടുംബശ്രീ പ്രവർത്തകരുടെ വരുമാന മാർഗ്ഗമായ ഈ സംരംഭത്തിന് തുടക്കം കുറിക്കുവാൻ മനസ്സ് കാണിച്ച് മഞ്ജു വാര്യർക്ക് മേയർ കൊച്ചി നഗരത്തിൻറെ ആദരവറിയിച്ചു.

ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച ‘വിശപ്പുരഹിത കൊച്ചി’ എന്ന ആശയത്തിന്റെ ഭാഗമായാണ് സമൃദ്ധി കൊച്ചി പദ്ധതി നടപ്പിലാക്കുന്നത്. നോർത്ത് പറവൂർ റോഡിലെ ലിബ്ര ഹോട്ടൽ കെട്ടിടത്തിന്റെ താഴെ നിലയിൽ വലതുവശത്താണ് ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നത്. 1500 പേർക്ക് ഭക്ഷണം തയ്യാറാക്കാവുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ കേന്ദ്രീകൃത അടുക്കളയാണ് ഹോട്ടലിൽ തയ്യാറാക്കിയിട്ടുള്ളത്.

കോവിഡ് കാലത്തെ സാമൂഹിക അടുക്കളയുടെ പ്രവർത്തനത്തിൽനിന്നാണ്‌ ഇത്തരമൊരു ആശയം മനസിലുദിച്ചത്. നഗരത്തിലെത്തുന്ന തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് പദ്ധതി. സെയിൽസ് ഗേൾസ്, ചുമട്ടുതൊഴിലാളികൾ, മറ്റ് ചെറിയ ജോലികൾ ചെയ്യുന്നവരടക്കമുള്ളവർ ദിവസ വേതനാടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ഇവരൊക്കെ ദൂര സ്ഥലങ്ങളിൽനിന്നു ഊണ്‌ പൊതിഞ്ഞ് കെട്ടി കൊണ്ടുവരും. ഒരു ദിവസം പുറത്തുനിന്ന് കഴിക്കേണ്ടി വന്നാൽ അത് അവരുടെ ആ മാസത്തെ സാമ്പത്തിക സ്ഥിതിയെ തന്നെ ബാധിക്കും. അപ്പോൾ അത്തരം സാഹചര്യങ്ങളിൽ പലരും ഭക്ഷണം കഴിക്കാതെ ഇരിക്കുകയാണ് ചെയ്യാറ്. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കുകയാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്ന് കൊച്ചി മേയർ എം അനിൽ കുമാർ പറഞ്ഞു.

നാശോന്മുഖമായിരുന്ന പഴയ കെട്ടിടമാണ് ഈ കൗൺസിൽ നവീകരിച്ച് ജനകീയ ഹോട്ടലാക്കി മാറ്റിയത്. ഹോട്ടലിൻറെ ഗുണഭോക്താക്കളിലും ഏറിയ പങ്ക് സ്ത്രീകളായിരിക്കും. നഗരത്തിൽ വസ്ത്രശാലകളിലും മറ്റും ചെറിയ വരുമാനത്തിന് തൊഴിലെടുക്കുന്ന വനിതകൾക്ക് കൂടി മിതമായ നിരക്കിൽ ഭക്ഷണം നൽകുക എന്ന ഉദ്ദ്യേശ്യത്തോടെയാണ് സംരംഭം ആരംഭിച്ചത്. ഇതേ കെട്ടിടത്തിൽ തന്നെ പണി പൂർത്തിയാകുന്ന ഷീ ലോഡ്ജിൽ താമസക്കാരായവർക്കും ഹോട്ടലിൻറെ പ്രയോജനം ലഭിക്കും. സംസ്ഥാന സർക്കാരിൽ പ്രചോദനമുൾക്കൊണ്ട് കൊണ്ടുളള ആശയം കേരളത്തിലെ മുഴുവൻ നഗരസഭകൾക്കും മാതൃകയായി മാറുമെന്ന് ഉറപ്പാണെന്നും അഡ്വ. എം. അനിൽകുമാർ പറഞ്ഞു.

നഗരസഭ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച വിശപ്പ് രഹിത കൊച്ചി എന്ന ആശയം എൻ.യു.എൽ.എം. പദ്ധതി വഴിയാണ് നടപ്പാക്കുന്നത്. കിച്ചനിലേക്കാവശ്യമായ 20 ലക്ഷം രൂപ ചെലവ് വരുന്ന സാമഗ്രികൾ തങ്ങളുടെ സി.എസ്.ആർ. ഫണ്ട് ഉപേയോഗിച്ച് മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പാണ് സംഭാവന ചെയ്തിട്ടുളളത്. സ്കൂൾ ഓഫ് ആർക്കിടെക്ട് (എസ്.സി.എം.എസ്.) ആണ് ഹോട്ടലിൻറെ രൂപകൽപ്പന ചെയ്തത്.

ആളുകളിൽ കൂടുതൽ സ്വാധീനം ചെലുത്തുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ. അത്തരത്തിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലെ നിരുപമ രാജീവ് എന്ന മഞ്ജുവിന്റെ കഥാപാത്രം. ചിത്രത്തിൽ മഞ്ജുവിന്റെ കഥാപാത്രം പച്ചക്കറിക്കൃഷി നടത്തി വിജയിക്കുന്നുണ്ട്. അതിന്റെ പ്രാധാന്യത്തെ സിനിമ ജനത്തിനുമുന്നിൽ കാട്ടിക്കൊടുക്കുന്നുമുണ്ട്. പ്രേക്ഷകരാകട്ടെ, കഥാപാത്രത്തെ വിട്ട് മഞ്ജുവിനെത്തന്നെ ജൈവകൃഷിയുടെ വക്താവായിക്കാണാനാണ് ഇഷ്ടപ്പെട്ടത്. വിഷരഹിത പച്ചക്കറി എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഹോർട്ടികോപ്പിന്റെ ബ്രാൻഡ് അംബാസിഡറായി മഞ്ജു വാര്യർ മാറിയത് ആ കഥാപാത്രം ജനങ്ങളിൽ ഉണ്ടാക്കിയ വലിയ ഒരു സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ്.

സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ക്യാൻസർ പരിശോധനയും നേരത്തെയുള്ള കണ്ടെത്തലും നടത്തുന്ന മികച്ച ആശുപത്രികളുടെ പിന്തുണയുള്ള, മികച്ച കാൻസർ സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടുന്ന ഫലപ്രദമായ റീച്ച് പ്രോഗ്രാമിലൂടെ ക്യാൻസർ രോഗങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു സംരംഭമാണ് കേരള ക്യാൻ. കേരളത്തിന് ക്യാൻസറിനെ ചെറുക്കാൻ കഴിയുമെന്ന് ചിത്രീകരിക്കുന്ന ലളിതമായ ഒരു ആശയമാണ് ലോഗോ ഡിസൈനിനുള്ളത്. ഇതിന്റെ മുൻ നിരയിലും മഞ്ജു വാരിയരെ കാണാൻ സാധിക്കും.

അല്പം മാറി നിന്നതിനു ശേഷം സിനിമയിലേക്കുള്ള മഞ്ജുവിന്റെ മടങ്ങി വരവ് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. കൂടാതെ നിരവധി ആളുകൾക്ക് പ്രചോദനം ആകുന്ന പല പരിപാടികളിലും മഞ്ജുവിന്റെ സാന്നിധ്യം എടുത്ത് പറയേണ്ടതാണ്. ഇത്തരത്തിൽ നിരവധി സംരംഭങ്ങളിൽ തന്റെ മുഖം കാണിക്കുന്നതിൽ ഒരു എതിർപ്പും കാണിക്കാത്ത താരം പ്രേക്ഷകർക്കിടയിൽ കൂടുതൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close