Breaking NewsKERALANEWSTop News

സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ യുവമോർച്ച നേതാവ്; അറസ്റ്റിലായ ജിഷ്ണു യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്; ജിഷ്ണുവും സന്ദീപും തമ്മിൽ ശത്രുത നിലനിന്നിരുന്നെന്നും റിപ്പോർട്ട്

തിരുവല്ല: സിപിഎം നേതാവ് പി ബി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത് യുവമോർച്ച നേതാവ് തന്നെയെന്ന് റിപ്പോർട്ട്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് ജിഷ്ണു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മറുനാടൻ മലയാളിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജിഷ്ണുവിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലും യുവമോർച്ച നേതാവ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ജിഷ്ണു ചാത്തങ്കേരി എന്നാണ് ഫെയ്‌സ് ബുക്കിലുള്ളത്.

ഈ അടുത്ത ദിവസം വരെ ജിഷ്ണു ഫെയ്‌സ് ബുക്കിൽ സജീവമായിരുന്നു. ഇതിൽ നിന്ന് തന്നെ ആർ എസ് എസുമായി ഇയാൾക്ക് അടുത്ത ബ ന്ധമുണ്ടെന്ന് വ്യക്തമാണ്. പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ്കുമാർ ഇന്നലെ രാത്രിയിലാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നു. ശരീരത്തിന്റെ പല ഭാഗത്തായി 11 കുത്തുകളേറ്റ സന്ദീപിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ ചാത്തങ്കരിയിൽ വച്ചാണ് സംഭവം. സന്ദീപും ജിഷ്ണുവും വലിയ ശത്രുക്കളായിരുന്നു.

കൊലപാതകത്തിൽ നാല് പ്രതികൾ കസ്റ്റഡിയിലായി. ജിഷ്ണു ചാത്തങ്കേരി, നന്ദു, പ്രമോദ്, ഫൈസി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഉൾപ്പെട്ട വേങ്ങൽ സ്വദേശി അഭി എന്നയാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. ആലപ്പുഴയിലെ കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ സംശയിക്കുന്നതായി എസ്‌പി ആർ നിശാന്തിനി പറഞ്ഞതായി ട്വന്റി ഫോർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ ഇന്ന് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവല്ല നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല മേപ്രാലിൽ വച്ച് സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമത്തിൽ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം കൊലപാതകം ആസൂത്രിതമെന്ന് സിപ ഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ക്രിമിനലുകളാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ സമാധാനം തകർക്കാനുള്ള ആർഎസ് എസ് ശ്രമത്തിന്റെ ഭാഗമാണിത്. ജനകീയ നേതാവിനെയാണ് അരും കൊല ചെയ്തതെന്ന് എ വിജയരാഘവൻ പറഞ്ഞു.

തിരുവല്ലയിൽ ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊന്ന സംഭവത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണിത്. ആർഎസ്എസിന്റെ കൊലക്കത്തിയാൽ സിപിഐ എം പ്രവർത്തകർ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമം.

ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആർഎസ്എസ് സൃഷ്ടിക്കുന്ന പ്രകോപനങ്ങളിൽ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയർത്തണം. സമഗ്രമായി അന്വേഷിച്ച് മുഴുവൻ പ്രതികളേയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close