പത്തനംതിട്ട: പെരിങ്ങര സന്ദീപ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരുന്നു. ഇന്ന് അപേക്ഷ സമർപ്പിച്ചാൽ തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
പ്രതികളുടെ അറസ്റ്റിന് പിന്നാലെ ആദ്യം വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ പൊലീസ് എഫ്ഐആറിൽ പ്രതികൾ ബിജെപി പ്രവർത്തകരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്ക് സന്ദീപിനോടുള്ള മുൻ വൈരാഗ്യ മൂലം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയാണ് കൃത്യം നിർവഹിച്ചതെന്നും എഫ്ആആറില്‍ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എഫ്ഐആറിലെ മാറ്റം. പ്രതികൾ ബിജെപി പ്രവർത്തകാരാണെന്ന് രേഖപ്പെടുത്തിയതോടെ പെരിങ്ങര കൊലപാതകം വീണ്ടും സംസ്ഥാന തലത്തിൽ ചർച്ചയാകാനാണ് സാധ്യത.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്‍റെ നെഞ്ചിൽ ഒമ്പത് വെട്ടേറ്റു. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ നാല് പേർ പിടിയിലായി. ഇന്ന് അഞ്ചാമനെയും പിടികൂടിയോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ജിഷ്ണു രഘു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ, അഭി എന്നിവരാണ് കേസിലെ പ്രതികൾ.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരിൽ മൂന്ന് പേരെ ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്. എടത്വായിൽ നിന്നാണ് അബിയെ പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, പോലീസ് നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പോലീസ് ഏറ്റെടുക്കരുതെന്നും കോടിയേരി പറഞ്ഞു. സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. അതേസമയം, അറസ്റ്റിലായരിൽ മൂന്ന് പേർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി തിരിച്ചടിച്ചു.
പോലീസ് നടപടി സർക്കാർ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. സന്ദീപിൻറേത് ആസൂത്രിക കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കൊലക്ക് പകരം കൊലയല്ല സിപിഎം നയമെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം കൊലപാതകത്തിന് പിന്നാലെ ഉന്നയിച്ച ആരോപണം പൂർണമായും സംസ്ഥാന നേതൃത്വവും ഏറ്റെടുത്തു.
അതിനിടെ, സന്ദീപിന്റേത് ഹീനമായ കൊലപാതകമാണെന്നും പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. എന്നാൽ, സന്ദീപിൻറെ കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണം പത്തനംതിട്ട ജില്ലാ നേതൃത്വം നിഷേധിച്ചു. സിപിഎം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.
തിരുവല്ലയില്‍ ഇന്നലെ വെട്ടേറ്റ് മരിച്ച സിപിഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത് അപലപനീയമാണെന്ന് ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെകെ രമ. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെയും, സൗഹൃദങ്ങളെയും കൂടെയാണെന്ന് കെ കെ രമ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കൃത്യമായ അന്വേഷണം നടത്തി അക്രമിസംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന് കഴിയണം. ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കുന്നൊരു സമൂഹത്തിൻ്റെ മുന്നിലേക്കാണ് നരാധമൻമാർ വീണ്ടും വീണ്ടും വാളെടുക്കുന്നതെന്നും കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു. കൊലപാതകികളെ സംരക്ഷിക്കുകയും അവർ മഹാന്മാരാണെന്ന ബോധം സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് അവസാനിപ്പിച്ചാൽ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങൾ അവസാനിക്കുകയുള്ളു. സന്ദീപിന്റെ വിയോഗത്തിൽ ആ കുടുംബത്തിനും സുഹൃത്തുക്കൾക്കും നാടിനുമുണ്ടായ തീരാനഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, തിരുവല്ലയിൽ കുത്തേറ്റ് കൊല്ലപ്പെട്ട സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപിൻ്റെ മൃതദേഹം സംസ്കരിച്ചു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്ര അയച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. അഞ്ചരയോടെ ചാത്തങ്കേരിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, സജി ചെറിയാൻ, വീണ ജോർജ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. ഇന്നലെ രാത്രിയിൽ അതിക്രൂരമായി സന്ദീപിനെ കുത്തിക്കൊന്ന ശേഷം ഒളിവിൽ പോയ പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു പ്രമോദ് എന്നിവരെ പുലർച്ചെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂരിലുള്ള വാടക മുറിയിൽ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ മൊബൈൽ ഫോൺ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
മുഖ്യപ്രതി ജിഷ്ണു രഘുവിന് സന്ദീപ് നോട് മുൻവൈരാഗ്യം ഉണ്ടായിരുന്നവെന്നും ഇത് തീർക്കാൻ വേണ്ടിയാണ് സുഹൃത്തുക്കളെ കുട്ടി ആസൂത്രണം ചെയ്ത കൊലപാതകം നടപ്പിലാക്കി എന്നുമാണ് പോലീസ് ഭാഷ്യം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിഷ്ണു ജയിലിൽ വച്ചാണ് മറ്റു പ്രതികളെ പരിചയപ്പെടുന്നത്. വിവിധ സ്ഥലങ്ങളിലുള്ള പ്രതികൾക്ക് കൊലപാതകം ആസൂത്രണം ചെയ്യാൻ വേണ്ടി കുറ്റൂരിൽ മുറി വാടകയ്ക്കെടുത്തു നൽകി. ദിവസവും നാട്ടുകാർക്കൊപ്പം ചാത്തങ്കേരിലെ കൽബിൽ സന്ദീപ് ഉണ്ടാകും എന്ന് മനസ്സിലാക്കി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
അതേസമയം സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ക്രൂരമായ കൊലപാതകമാണ് സന്ദീപിന്റെതെന്നും കോടിയേരി പറഞ്ഞു. സന്ദീപ് ജനകീയനായ നേതാവായിരുന്നു. ആർ.എസ്.എസ് – ബി.ജെ.പി സംഘമാണ് കൊലപാതകത്തിന് പിന്നിൽ. എന്നാൽ കൊലക്ക് പകരം കൊല എന്നത് സി.പി.എം മുദ്രാവാക്യമല്ലെന്നും ആർ.എസ്.എസ് പ്രകോപനത്തിൽ പെട്ടുപോകരുത്തന്നും കോടിയേരി ഓർമ്മിപ്പിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി ചുമതലയിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. 2016 ന് ശേഷം 20സി.പി.എം കാർ കൊലപ്പെട്ടു. 15 പേരെ കൊന്നത് ആർ.എസ്.എസാണെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല കൊലപാതകത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പട്ടു. അന്വേഷണം പൂർത്തിയാകും മുമ്പുള്ള പൊലീസ് പ്രതികരണം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.