NEWSTrendingWOMEN

ഞങ്ങൾഎല്ലാവരുടെ മനസ്സും വേദനിച്ചു തുടങ്ങി; അങ്ങനെ ഒമാൻ എന്ന രാജ്യവും കൂട്ടുകാരും ഞങ്ങൾക്കേറ്റവും പ്രിയപ്പെട്ടതായിത്തീർന്നിരിക്കുന്നു; സപ്ന അനു ബി ജോർജ് എഴുതുന്നു

ജേക്കബിന്റെയും റെയ്ച്ചലിന്റെയും ജീവിതമരീചികകൾ

മരുഭൂമിയിൽ ജീവിതം പച്ചപിടിച്ചു തുടങ്ങിയ കാലം. സൗഹൃദങ്ങളുടെ കൂടിച്ചേരൽ…പലരും പലർക്കും പരസ്പരം താങ്ങും തണലും ആയ നാളുകൾ.എങ്കിലും ജീവിതത്തിൽ നമ്മളോട് ‘ഗ്ലൂഡ്’ ആയി, കാര്യങ്ങൾ വളരെ തന്മയത്വത്തോടെ ചെയ്തുതീർക്കുന്ന ചില സൗഹൃദങ്ങൾ ഉണ്ടാകും.എന്തിനും ഏതിനും നമുക്കൊപ്പം എന്നും എപ്പോഴൂം ഉണ്ടാകുന്ന ചിലർ! ചിലപ്പോൾ സുഹൃത്തുക്കളാകാം അല്ലെങ്കിൽ ബന്ധുക്കൾ. ചിലപ്പോൾ ഒരു പരിചവും ഇല്ലാത്തവരും ആവാം.ആവശ്യത്തിന് ഉതകി കഴിഞ്ഞാൽ അവരെ നാം പിന്നീടൊരിക്കലും കാണാറുപോലും ഇല്ല!

ഖത്തറിൽ ജീവിതം തുടങ്ങിയ തൊണ്ണൂറുകളിൽ ‘തിരുവനന്തപുരം എൻജിനീയറിംഗ് കോളജ് അലുമ്‌നി’ നല്ലൊരു സൗഹൃദവലയം ഉണ്ടാക്കിത്തന്നിരുന്നു. മസ്‌കറ്റിലും വ്യത്യാസമൊന്നുമല്ലായിരുന്നു. ജേക്കബും റെയ്ച്ചലും അങ്ങനെ ‘നമ്മടെ ഗ്യാങിന്റെ ഭാഗമായി.
സംസാരത്തിലും സ്വഭാവത്തിലും പാചകത്തിലും തനി കോട്ടയംകാരിയായിരുന്നു റെയ്ച്ചൽ. ബിജുവിനും എനിക്കും ഏറ്റവും പ്രിയപ്പട്ടവരായി ജേക്കബും റെയ്ച്ചലും. തിരുവനന്തപുരം എൻജിനീയറിംഗ് കോളജ് ആലുമ്‌നി അങ്ങനെ ഒന്ന് രണ്ടായി രണ്ട് നാലായി നാല് ആറായി. ഇരുപത്തെട്ട് കളിക്കാൻ വേണ്ടത്ര ആൾബലമായി!
ചീട്ടുകളി!അതായിരുന്നു എല്ലാ ആഴ്ചവട്ടത്തിലും ഒരുമിച്ചുകൂടാനുള്ള പ്രചോദനം.
പിന്നീടങ്ങോട്ട് ജേക്കബാണ് കൂടിച്ചേരലുകൾക്ക് മെസ്സേജയയ്ക്കുന്നതും ആസൂത്രണം നടത്തുന്നതും!
ചീട്ടുകളിയുള്ള മിക്കവാറും ദിവസത്തെ വടയും പൊരിയും ചായയും സരസു ഉണ്ടാക്കും. ചിലപ്പോൾ ‘സൽമ ഇത്ത’യുടെ ബേക്കറിയിൽ നിന്ന് അശോക് ‘പഫ്‌സ്’ വാങ്ങിക്കൊണ്ടുവരും.
ഇന്നെവിടെ കളിക്കും എന്ന തീരുമാനത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഉത്തരം ബിജുച്ചേട്ടന്റെ വീട് എന്നാവും.
സ്ഥിരം ‘ഫേവറേറ്റ് വെന്യു’.
മിക്കവാറും ആ ചീട്ടുകളിയ്ക്കിടയിലാണ് ഓണത്തിനുള്ള അത്തപ്പൂക്കളത്തിന്റെ ഡിസൈൻ, എൻജീനിയറിംഗ് ഫൂഡ് സ്റ്റാളിനുവേണ്ടീ എന്തൊക്കെ തയാറാക്കും, അതാരൊക്കെ ഉണ്ടാക്കും, എന്തൊക്കെ ചെയ്യണം എന്നൊക്കെയുള്ള തീരുമാനങ്ങളുണ്ടാവുക. വീക്കെൻഡാണെങ്കിൽ പിള്ളാർക്ക് ട്യൂഷനും മറ്റും ഇല്ലെങ്കിൽ ഷീതയും, റെയിച്ചിയും എത്തും. കാര്യങ്ങൾക്ക് ഏതാണ്ട് നീക്കുപോക്കാവും.
”അശ്വതിയോടൊന്ന് വിളിച്ചു ചോദിച്ചേ,അവൾ ഫുഡ് സ്റ്റാളിനുവേണ്ടി എന്തെങ്കിലും ആലോചിച്ചു വച്ചിട്ടുണ്ടോ എന്ന്?” റെയിച്ചി ഓർമ്മിപ്പിച്ചു.
”അതിന് ക്രിക്കറ്റ് ടീമുകാരെല്ലാം കാണുമെന്നേ..”ജേക്കബ് ഓർമ്മിപ്പിച്ചു.
”നമ്മുടെ ക്രിക്കറ്റ് ടീമിന്റെ കാര്യം മാത്രം പറയരുത്. തിരിഞ്ഞാലും പിരിഞ്ഞാലും എഴു പേരെയുള്ളു”റെയിച്ചി പറഞ്ഞു.
അതിഭീകരമായ ഒരു ‘സ്ട്രാറ്റജി’ ക്രിക്കറ്റ് കളിയായിരുന്നു എന്നും അലുമ്‌നിയുടെത്.ബാക്കിയുള്ളവരെ എല്ലാം ‘അഡ്ജസ്റ്റ്’ ചെയ്യുന്നത് ഞങ്ങളുടെ തന്നെ കുട്ടികളെ വച്ചിട്ടായിരുന്നു.
ഏന്നെങ്കിലും നാട്ടിൽ പോകേണ്ടി വന്നാൽ ഇത്തരം കളികളും യാത്രകളുമാണ് എനിക്ക് ചെയ്യാനിഷ്ടമുള്ളത് എന്ന് ജേക്കബ് വീണ്ടൂം വീണ്ടും പറഞ്ഞു.യാത്രകളും ക്രിക്കറ്റുമായിരുന്നു ജേക്കബിന്റെ ഇഷ്ടങ്ങൾ.ജേക്കബ് പലപ്പോഴും പറയുംച”ബൈക്കിലോ,ട്രെയിനിലോ ഇന്ത്യ മുഴുവൻ ചുറ്റിനടന്ന് കാണുക.ഇത്രനാളും പോകാത്തതും കാണാത്തതും യാത്രക്കാരനായി നമ്മുടെ രാജ്യം ഉടനീളം കണ്ട്തീർക്കുക.അതാണ് എന്റെ റിട്ടയർമെന്റ് പ്ലാൻഒരു നൊമാഡിക് ടൂർ!”
ഒരു പക്ഷേ ഇതൊന്നും ആയിരിക്കില്ല എല്ലാവരും ആലോചിക്കാറ് എന്ന് തോന്നുന്നു.തന്റെ മനസ്സിലെ ആഗ്രഹങ്ങളും തീരുമാനങ്ങളും ജേക്കബ് തന്റെ ഒർമ്മകളിൽ നിന്നു ചികഞ്ഞ് അയവിറക്കിയതോർക്കുന്നു.
ഏതു പ്രശ്‌നത്തിനു നടുവിലും സമാധാനത്തിന്റെകൊടി പാറിക്കാനായി എന്നും എത്തുന്നത് ‘റെയിച്ചി’ എന്ന് ഞങ്ങൾ വിളിക്കുന്ന റെയ്ച്ചൽ ആയിരുന്നു.കോട്ടയം ഞങ്ങൾക്ക് രണ്ടുപേർക്കും സ്വന്തമാണെന്ന്മാത്രമല്ല അമ്മമാർ തമ്മിലുള്ള പരിചയവും ഞങ്ങൾ തമ്മിൽ ഒരു ഇഴയടുപ്പം സൃഷ്ടിച്ചു. മാത്രമല്ല അവളിൽ എന്തോ ഒരു പ്രത്യേകത,ശാന്തത ഞാനെന്നും കണ്ടു.രാത്രി രണ്ടു മണിയായിട്ടും ചീട്ടുകളി നിൽക്കുന്നില്ലെങ്കിൽ ചുവന്നകൊടി പാറിക്കാനായി ഞാൻ കൂട്ടുവിളിച്ചുകൊണ്ട് പോകുന്നത് റെയിച്ചിയെയായിരുന്നു.
”ജുനു ഒന്ന് നിർത്തിക്കെ നാളെ പള്ളിയുള്ളതാ…പിള്ളാർക്ക്സൺഡേ സ്‌കൂളും ഉണ്ട്”
ജുനു എന്ന് അവൾ മാത്രമെ വിളിക്കാറുള്ളു,ജേക്കബിനെ!
”നീ ചെല്ല്,എല്ലാം ചൂടാക്കി തുടങ്ങിക്കൊ സപ്ന, ഞങ്ങൾ ദാ വന്നു.”ജേക്കബ് പറഞ്ഞു.കൂടെ കൂട്ടുപിടിക്കാൻ ബിജുവും,”അവസാനത്തെ മൂന്ന് കളിയാണിത്.നിങ്ങൾ കറികൾ ചൂടാക്കിക്കോ.”
മിക്കവാറും ഞാനും റെയിച്ചിയും കറി ചൂടക്കുന്ന നേരത്ത്, നേരത്തെ ആഹാരം കഴിച്ച് മയങ്ങിയ സോനയും, ഷീതയും ഒക്കെ എഴുന്നേറ്റുവരും സഹായിക്കാൻ. അങ്ങനെ കഴിക്കാനിരിക്കുമ്പോൾ ഒരേറ്റുകൂടി മിക്കവാറും സോനയും ഷീതയും കൂടിക്കഴിക്കും.”ചേച്ചി, ഉഗ്രൻ ബീഫ്” എന്നും പറഞ്ഞ്!
ഒരു നല്ല പാചക്കാരികൂടെയായ റെയിച്ചിയുടെ മീൻ കറി ചിക്കൻ ബിരിയാണി എന്നിവയെല്ലാം എല്ലാവരുടെയും ഇഷ്ടവിഭവങ്ങളായിരുന്നു.ജേക്കബിന്റെ ആഹാരക്രമങ്ങൾ എല്ലാം റെയിച്ചി അധികം ഉപ്പും എരിവും ഉപയോഗിക്കാതെ ശ്രദ്ധിക്കാറുണ്ടെന്നുള്ളത് വ്യക്തമായിരുന്നു. എല്ലാക്കാര്യത്തിലും ശ്രദ്ധിച്ചു മാത്രം പെരുമാറുന്ന റെയിച്ചിയും ജേക്കബും ഏതാണ്ട് ഒരു വർഷം മുൻപാണ് ഒമാനിൽ നിന്ന് കുവൈറ്റിലേക്ക് പോയത്.ആ പറിച്ചുനടൽ ഗ്യാംഗിലെ എല്ലാവർക്കും താന്താങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചൂണ്ടുവിരൽ ആയിരുന്നു.
റെയിച്ചിയും ജേക്കബും കുവൈറ്റിലേക്ക് പോകുന്നതിലെ സങ്കടവും മനപ്രയാസവും അവർക്ക് മാത്രമായിരുന്നില്ല. ഞങ്ങൾഎല്ലാവരുടെ മനസ്സും വേദനിച്ചു തുടങ്ങി. സാധനങ്ങൾ പാക്ക് ചെയ്തു തുടങ്ങിയ സമയം കോവിഡിന്റെ തുടക്കത്തിലായതുകൊണ്ട് അവർക്കു ഒരു യാത്രയയപ്പു പോലും നടത്താൻ സാധിക്കാത്ത സങ്കടം വേറെ.
”ഒമാനിൽ ഞങ്ങൾ ഏതാണ്ട് 12 വർഷമായി സപ്ന.അങ്ങനെ ഒമാൻ എന്ന രാജ്യവും കൂട്ടുകാരും ഞങ്ങൾക്കേറ്റവും പ്രിയപ്പെട്ടതായിത്തീർന്നിരിക്കുന്നു.”ഒരിക്കൽ എന്നോട് ജേക്കബ് പറഞ്ഞു.
”കുവൈറ്റ് ഗൾഫ് തന്നെയായിരുന്നു എന്നാൽപ്പോലും എന്റെ പേടി പിള്ളാരെക്കുറിച്ചായിരുന്നു” റെയിച്ചൽ പിന്നൊരിക്കൾ പറഞ്ഞു.കുവൈറ്റിൽ എത്തുമ്പോൾ നിക്കി പതിനൊന്നിലും സാബി ഒൻപതിലും ആയിരുന്നു. വളരെ ക്രൂഷ്യൽ ആയ രണ്ട് ക്ലാസ്സുകൾ! അവരുടെ പുതിയ സ്‌കൂളും പഠിത്തവും പുതിയ കൂട്ടുകാരും പിന്നെ ഓൺലൈൻ ക്ലാസ്സുകളും. പിള്ളാര് എങ്ങനെ അഡ്‌ജെസ്റ്റ് ചെയ്യും എന്നോർത്ത് റെയ്ച്ചിക്ക് നല്ല പേടിയുണ്ടായിരുന്നു.എന്തായാലും പതുക്കെ പതുക്കെ അവർതന്നെ പുതിയ കൂട്ടുകാരോടും സ്‌കൂളുമായി ചേർന്നു പോകാൻതുടങ്ങി. സമയം എടുത്തെങ്കിലും വിചാരിച്ചതുപോലെ പ്രയാസം വന്നില്ല.ഫോൺ വിളികളുടെയും വാട്ട്‌സ് ആപ്പിലൂടെ റെയിച്ചി പല വിശേഷങ്ങളും പങ്കുവച്ചു കൊണ്ടിരുന്നു.
”കുവൈറ്റിൽ എത്തിക്കഴിഞ്ഞാണ് എന്റെ സ്‌പോണ്ടലൈറ്റിസ് വീണ്ടും വല്ലാതെയായത്. അങ്ങനെയൊക്കെയുള്ള സമയത്താണ് നമുക്ക് നമ്മുടെ കുടുംബത്തിന്റെ സപ്പോർട്ട് എത്ര വലിയകാര്യമാണെന്ന് മനസ്സിലാകുന്നത്! ജീവിതത്തിൽഅടുക്കളയിൽ കയറിട്ടില്ലാത്ത ജുനു,എല്ലാം നോക്കാനും അടുക്കാനും കഴിക്കാനുണ്ടാക്കാനും ഒക്കെ സഹായിച്ചു. പിള്ളാരാണെങ്കിലും എല്ലാം തന്നെ ചെയ്തു തുടങ്ങി.അതായിരുന്നു ഏറ്റവും വലിയ സമാധാനം, ചേച്ചി.
പിള്ളാര് ഒന്ന് ‘സെൽഫ് റിലൈന്റ്’ ആയിത്തുടങ്ങി.
പക്ഷേ അതിന്റെ തുടക്കം അമ്മക്ക് വയ്യാതെയായപ്പോ രണ്ട് മാസത്തോളം ഞാൻ നാട്ടിലായിരുന്ന സമയത്തായിരുന്നു. അന്ന് പിള്ളാര് കുറച്ചുകൂടി ചെറുതായിരുന്നു.ഇവിടെ നിങ്ങളൊക്കെ ഉണ്ടായിരുന്നല്ലോ സഹായിക്കാൻ.’സ്വയം പര്യാപ്തത’ എന്നൊരു കാര്യത്തിന് അന്ന് അങ്ങനെ തുടക്കം കുറിച്ചിരുന്നു.ആ പരിചയം അവർക്ക് ചെറുതായൊരു ‘സ്റ്റാർട്ട് അപ്പ്’ കൊടുത്തു കുവൈറ്റിലേക്കുള്ള മാറ്റത്തിൽ!അത്തരം കാര്യങ്ങളൊക്കെയാണ് നാട്ടിലുള്ള പിള്ളാരെവെച്ച് നോക്കുമ്പോൾ,നമ്മുടെ പിള്ളാർ അത്ര സ്മാർട്ട് അല്ല എന്നെനിക്ക് തോന്നിയിട്ടുള്ളത്.”
റെയിച്ച് ഫോണിലൂടെ വിശേഷങ്ങളും വിഷമങ്ങളും പങ്ക് വച്ചുകൊണ്ടിരുന്നു.
”പിള്ളാര് നാട്ടിലേക്ക് തനിച്ചുപോകുന്ന സമയം എന്താകും എന്നും ആലോചിച്ച് ഞാൻ ഒത്തിരി വിഷമിക്കാറുണ്ട് സപ്നചേച്ചി! അവരുടെ ജീവിതം മുന്നോട്ടെങ്ങനെ എന്ന തോന്നൽ എന്റെ മനസ്സിൽ നിന്ന് മാറുന്നില്ല.ഇത്തവണ ഞാൻ ശരിക്കും വിഷമിച്ചുപോയി ‘നിക്കി’ നാട്ടിലേക്ക് പന്ത്രണ്ട് കഴിഞ്ഞു പോയപ്പോൾ!
മനസ്സുകൊണ്ട് നമ്മൾ തയ്യാറെടുത്തു കഴിഞ്ഞിരുന്നു എങ്കിൽ പോലും അവൻ പോയിക്കഴിഞ്ഞപ്പോൾ നെഞ്ചു പിടക്കാൻ തുടങ്ങി.ആകെ ഒരു സമാധാനം അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്തോട്ടാണല്ലൊ പോയത് എന്നായിരുന്നു.പോയിക്കഴിഞ്ഞപ്പോ സാബിയും ഞങ്ങളെല്ലാരും ആകെ ഡൗണായി!അവന് കുഴപ്പം ഒന്നും ഇല്ലായിരുന്നു.പരീക്ഷയും പിന്നെതന്നെയുള്ള യാത്രയും എല്ലാം കൊണ്ട് അവനാകെ ത്രില്ലടിച്ചിരിക്കയായിരുന്നു.”
കോവിഡ് ഒരു കാരണം മാത്രമായിരുന്നു എല്ലാവർക്കും നാട്ടിലേക്കൊരു ‘ചെയിഞ്ച് ഓഫ് റെസിഡെൻസ്’ എന്ന് ആലോചിച്ചു തുടങ്ങാനായിട്ട്.എന്നാൽ നാട്ടിലേക്ക് നമ്മളെല്ലാവരുംകൂടി എത്തിപ്പെട്ടാൽ എന്തായിത്തീരും എന്നറിയില്ല.എങ്കിലും ഇനി നാട്ടിൽ പോയി എങ്ങനെങ്കിലും ജീവിക്കാമല്ലോ എന്നൊരു സന്തോഷത്താൽ മനസ്സ് നിറഞ്ഞു എല്ലാവർക്കും. ”

ആ സന്തോഷവും തീരുമാനങ്ങളും ആരെക്കാളും മുന്നെ ചെയ്തു തുടങ്ങിയത് ”ഒരു യഥാർത്ഥ ഈന്തപ്പഴ സ്‌നേഹിയായ” അശോകാണ് ഞങ്ങളുടെ ഗങ്ങിലെ മറ്റൊരു കുടുംബനാഥൻ!മരുഭൂ പ്രവാസത്തിന്റെ ഇനിയുള്ള കഥകളുടെ താളുകളിലേക്ക്,നമ്മുക്ക് അശ്വതിയുടെയും അശോകിന്റെ മനസ്സിലൂടെ എത്താം………

ഗാം​ഗ് സ്റ്റോറിയുടെ മുൻ ഭാ​ഗങ്ങൾ ഇവിടെ വായിക്കാം.

മസ്‌കറ്റിലെ മരുപ്പച്ചയാകുന്ന സൗഹൃദങ്ങളുടെ കഥ

അവളുടെ മനസ്സിന്റെ ധൈര്യം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്

ഒരാപത്ത് വരുമ്പോള്‍ ആണല്ലോ അതെപറ്റി അറിവുള്ളവരെ ഓര്‍മ വരിക

ഓർമ്മകളും പറഞ്ഞ് ഇറങ്ങുന്നതോടെ അന്നത്തെ സഭയും പിരിയും

ജോബിയുടെയും പ്രീതിയുടെയും തെളിഞ്ഞ ആകാശങ്ങള്‍

സപ്ന അനു ബി. ജോര്‍ജ്ജ്

കോട്ടയം ബേക്കര്‍ സ്‌കൂളിലും സി എം എസ് കോളജിലുമായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. കഥയും കവിതയും എഴുതുന്ന സപ്ന 20 കൊല്ലമായി ഒട്ടുമിക്ക പ്രവാസ പ്രസിദ്ധീകരണങ്ങളിലും തന്റേതായ ശൈലിയില്‍ കോളം എഴുത്തിലൂടെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്. കന്യക ദ്വൈവാരികയില്‍ എഴുതിയ’നിശാസുരഭികള്‍ വസന്ത സേനകള്‍ ‘ എന്ന സ്ത്രീപക്ഷ ലേഖനം നിരവധി അവാര്‍ഡുകള്‍ നേടി.

ചിത്രകാരി, പത്ര പ്രവര്‍ത്തക, പാചകവിദഗ്ധ, അഭിമുഖകാരി, ഫോട്ടോഗ്രഫര്‍ തുടങ്ങി ബഹുമുഖ മേഖലകളില്‍ തന്റേതായ കൈയ്യൊപ്പ് ചാര്‍ത്തി. ഗള്‍ഫ് എഡിഷന്‍ മനോരമ, മാതൃഭൂമി, കൂടാതെ, അമരിക്കയിലെയും ബ്രിട്ടനിലെയും മിക്ക പ്രവാസി പ്രസിദ്ധീകരണങ്ങളിലും സപ്നയുടെ കോളങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

6 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു ചെറുകഥാ സമാഹാരത്തിന്റെ പണിപ്പുരയിലാണ്. മക്കള്‍ശിക്ഷ, ദിക്ഷിത്ത്, ദക്ഷിണ് ,ബാല്യകാല സുഹൃത്തുമായ ഭര്‍ത്താവ് ബിജു ടീ ജോര്‍ജ് ഉം ഒപ്പം ഇപ്പോള്‍ മസ്‌കറ്റില്‍ താമസം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close