INSIGHTTrendingWOMEN

“ഈ കോവിഡ് കാലം ‘അടപടലെ’ എല്ലാം തിരിച്ചു മറിച്ചു”: ജോബിയുടെയും പ്രീതിയുടെയും തെളിഞ്ഞ ആകാശങ്ങള്‍; സപ്ന അനു ബി ജോർജ് എഴുതുന്നു

ജോബിയുടെയും പ്രീതിയുടെയും തെളിഞ്ഞ ആകാശങ്ങള്‍

മസ്‌ക്കറ്റിലെ മണല്‍ക്കാറ്റില്‍ ജീവിതം നട്ടുനനച്ച നാള്‍ മുതല്‍ ആഴ്ച്ചതോറും പള്ളിയില്‍ പോയി ആരാധന കൂടി മനസ്സിലെ ഭാരം അള്‍ത്താരയിലെ ക്രൂശിത രൂപത്തിനു മുന്‍പില്‍ ഏല്പിച്ച് തിരിച്ചുപോരുക പതിവായിരുന്നു.

അന്ന് പള്ളിയിലെത്തിയപ്പോള്‍ അല്പം വൈകി.പിന്നിലെ ബെഞ്ചില്‍ പതുക്കെ ഇരുപ്പുറപ്പിച്ചു. ഭാഗ്യം,കുര്‍ബാന തുടങ്ങിയില്ല. മുന്നില്‍ നിന്ന് അനുമ്മാമ്മ തിരിഞ്ഞ് ”മുന്നോട്ട് വന്നിരിക്ക്” എന്ന് ആഗ്യഭാഷയില്‍ വിളിച്ചു!”ഇവിടെയിരുന്നോള്ളാം”എന്നു തിരിച്ചും കൈകാണിച്ചുതലയില്‍ സാരി തുമ്പ് ഒന്ന് വലിച്ചിട്ട് ഇരുന്നപ്പോ പുറകില്‍ നിന്നൊരു തോണ്ടല്‍.തിരിഞ്ഞു നോക്കിയപ്പോള്‍ പ്രീതിയാണ്.
”ങ്ഹാ….നിങ്ങളീ പള്ളിയില്‍ ആന്നൊ വരുന്നത്?”അവളുടെ ചെവിയില്‍ അടക്കം പറയുംപോലെ ഞാന്‍ ചോദിച്ചു!

”അതേ ചേച്ചി.നമ്മളൊക്കെ ബാക്ക് ബെഞ്ചേഴ്‌സ് അല്ലെ പള്ളിയിലെ..”പ്രീതി പുറകോട്ടു വലിഞ്ഞു.മുന്നിലിരുന്ന അമ്മച്ചി ഞങ്ങളുടെ സംസാരം കേട്ട് തിരിഞ്ഞു നോക്കി.
പള്ളിയില്‍10 മിനിറ്റു മുന്‍പ് എത്തുക എന്നത് പതിവായിരുന്നു.പുറകിലത്തെ ബെഞ്ചുകളിലിരിുന്നാല്‍ വരുന്നവരാരൊക്കെയാണെന്ന് കാണാം. ചില പരിചയം പുതുക്കല്‍ കണ്ണ ്‌കൊണ്ടും കൈ കൊണ്ടും ഉള്ള വിശേഷം ചോദിക്കലും പറയലും. പ്രാര്‍ഥനയും കുര്‍ബാനയും തുടങ്ങുന്നതിനു മുന്‍പ് ഇതൊക്കെ കഴിയും.
പിറകിലിരുന്നാല്‍ പരിചയം ഉള്ളവര്‍ ഒന്ന് തോണ്ടിയിട്ട് ചിരിച്ചിട്ടു പോകുമായിരുന്നു.തിരുവനന്തപുരം നന്ദന്‍കോട് പള്ളിയിലും ഇതു സ്ഥിരം പരിപാടിയാണ്. ഇതൊക്കെ ആലോചിച്ച് ഒന്നുകൂടി പ്രീതിയെ തിരിഞ്ഞു നോക്കി.

ആംഗ്യഭാഷയില്‍ അടുത്തേക്ക് വിളിച്ചു,”നീ എന്നാ നാട്ടില്‍ പോകുന്നത്?”
”മറ്റന്നാള്‍,സണ്‍ഡേ പോകുംമെസ്സേജ് അയക്കാം ചേച്ചി!”
ഗ്യാങ്ങില്‍ ഏറ്റവും അവസാനം എത്തിച്ചേര്‍ന്നവരാണ് ജോബിയും പ്രീതിയും. പത്തനംതിട്ട സ്വദേശികള്‍.നമ്മളുമായി നന്നായി ചേര്‍ന്നുപോകാനും എല്ലാവരോടും ഒരു കുടുംബം പോലെ സ്‌നേഹിക്കാനും ഇഴുകി ചേരാനും അവര്‍ക്ക് അധികം സമയം വേണ്ടീവന്നില്ല.
വീട്ടില്‍ എത്തിയപ്പോള്‍ത്തന്നെ പ്രീതിയുടെ മെസ്സേജും എത്തി.”പിള്ളര്‍ക്ക് എന്തായാലും ഓണ്‍ലൈന്‍ ക്ലാസല്ലെ, പിന്നെ ജോബിയുടെ അപ്പന്റെയും അമ്മയുടെയും കൂടെ താമസിക്കുകയും ചെയ്യാമല്ലോ”
”അപ്പോ ജോബി വരുന്നില്ലേ?”
”ഇല്ല ചേച്ചി നമ്മുടെ തിരിച്ചുള്ള ഫ്‌ളൈറ്റ് എല്ലാം ബാന്‍ ചെയ്‌തേക്കുകയല്ലെ,ജോബിക്ക് ജോലി വര്‍ക്ക് ഫ്രം ഹൊം മാറ്റി,ഇപ്പോ ഓഫീസില്‍ പോകണമല്ലൊ…”

രാവിലെ മറക്കാതെ ജോബിയെ വിളിച്ചു.”ആ ചേച്ചി, പ്രീതിയും പിള്ളാരും നാട്ടിലാ…സാധാരണ സ്‌കൂള്‍ അവധിക്ക് ഏല്ലാവരും ഒരുമിച്ചാണ് പോകാറ്!എന്നാല്‍ ഇത്തവണ ഞാന്‍ പോകുന്നില്ല എന്ന തീരുമാനിച്ചു, കോവിടിന്റെ പ്രശ്‌നമല്ലെ?റിസ്‌ക് എടുക്കെണ്ട എന്ന് കരുതി.നമ്മുടെ തിരിച്ചുള്ള ഫ്‌ളൈറ്റ് തീരുമാനങ്ങള്‍ ഒന്നും ആയില്ലല്ലൊ?”
”അപ്പോ നിന്റെ ആഹാരം ഒക്കെ..?”എന്റെ ചോദ്യത്തിന് റെഡിമണിയായുള്ള ഉത്തരം എത്തി. ”ചിലപ്പോ തനിയേ കുക്ക് ചെയ്യും,അല്ലെങ്കില്‍ എന്തെങ്കിലും വാങ്ങിക്കും”

നാട്ടില്‍ എത്തിയതിന്റെ സന്തോഷം പീന്നീടങ്ങോട്ടുള്ള പ്രീതിയുടെ മെസ്സേജുകളില്‍ എത്തിത്തുടങ്ങി.
”എന്തായാലും മഴയും കാറ്റും ഒക്കെ കാണാമല്ലൊ.ഇടയ്ക്ക് മഴയുടെ ഫോട്ടോ ഗ്രൂപ്പില്‍ ഇടണം മറക്കരുത് കേട്ടോ..”ഞാനൊന്ന് ഓര്‍മ്മിപ്പിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടികള്‍ പുളിമരത്തിലും മറ്റും കയറുന്നതും പ്രീത പറമ്പിലുടേയും ആറ്റരികത്തുമൊക്കെ നടക്കുന്നതിന്റെയും ഫോട്ടോകളെത്തി.ഞാന്‍ നേരിട്ട് മെസ്സേജ് അയച്ചു,അതിനു മറുപടി അവളുടെ വോയിസ് ക്ലിപ്പയായി എത്തി.

”ചേച്ചി ജോബിച്ചായന്റെ വീട് ഒരു തോട്ടിനടുത്താണ്,അപ്പൊ വളരെ സുഖമാണ്. ഇപ്പൊ നല്ല മഴയും.പക്ഷേ തുണി നനച്ചു ഇടണ്ട താമസം, ദേ മഴയും തുടങ്ങും. മഴ പെയ്യുമ്പോള്‍ എടുക്കു ,മാറുമ്പോള്‍ തിരിച്ചിടുക അതാണ് സ്ഥിരം പണി!അവിടെത്തെപ്പോലെയല്ല, മസ്‌കറ്റില്‍ നമുക്ക് ഇന്നതിന്നതൊക്കെ മാത്രമല്ലേ ചെയ്യാനായുള്ളു..എല്ലാം ടൈം ടേബിള്‍ ക്രമത്തില്‍.നാട്ടില്‍ ഒന്നിനും സമയം ഇല്ല. എല്ലാം അന്നേരം അന്നേരം നോക്കിയും കണ്ടും ചെയ്യണം.രാവിലെ കഴിപ്പൊക്കെ കഴിഞ്ഞു ഉച്ചവരെ പിള്ളാര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുണ്ട്.പിന്നെ സന്ധ്യക്ക്,കുളിയും പ്രാര്‍ത്ഥനയും ഒക്കെ കഴിഞ്ഞ് പിള്ളാര് ഹോംവര്‍ക്കുകള്‍ക്കായി പോകും.”

”പ്രീതി…നീ പറയുന്നതു കേട്ടിട്ട് എനിക്ക് ഇവിടെയിരുന്ന് മഴകണ്ട് തിണ്ണയിലിരുന്ന് ഉപ്പും മാങ്ങയുംതിന്നുന്ന ഒരു ഫീലിംഗ്!”മനസ്സില്‍ ഓരോന്ന് ചിന്തിച്ച് ഞാന്‍ ദീര്‍ഘനിശ്വാസം കൊണ്ടു.
”മസ്‌കറ്റിലെ നമ്മുടെ റൂട്ടീന്‍ വ്യത്യാസമല്ലെ ചേച്ച? ലോക്ഡൗണിനു മുന്നെ! രാവിലെ എഴന്നേറ്റു പിള്ളാര്‍ക്ക് ടിഫിന്‍ ഉണ്ടാക്കി സ്‌കൂളില്‍ വിടും.ജോബിച്ചായന്‍ രാവിലത്തെ ബ്രേക്ക്ഫാസ്റ്റും കഴിച്ച് ഒഫീസിലേക്ക് പോകും.രാവിലെ പിന്നെ എനിക്ക് ‘സ്വര്‍ഗ്ഗം’ കിട്ടിയപോലെയാണ്. എന്റേത് മാത്രമായ സമയം.

കുറച്ചു നേരം ബൈബിള്‍ വായിച്ച് പ്രാര്‍ത്ഥിക്കും. പിന്നെ നാട്ടില്‍ ചേച്ചിമാരെയും അമ്മയെയും ഒക്കെ വിളിച്ചു സംസാരിക്കും.പിന്നെ അടുക്കളയില്‍ കയറിപാട്ടൊക്കെ വച്ച് ഉച്ചക്കത്തേക്കുള്ളതെല്ലാം റെഡിയാക്കും…ഇത്രയും സമയം കൊണ്ട് ജോബിച്ചായാന്‍ എത്തും, ഉണുകഴിച്ച് അച്ചായന്‍ തിരിച്ചു പോകാറാകുമ്പോള്‍ പിള്ളാരുടെ ബസ്സും വരും.പിന്നെ കുളിപ്പിരായി കഴിപ്പീരായി… ചോറൂണിന്റെ ഇടക്ക് തന്നെ രണ്ടൂംകൂടെ വഴക്കും തുടങ്ങും.അതിന്റെയും കൂടെ അന്നത്തെ സ്‌കൂളിലെ വിശേഷങ്ങളും പറഞ്ഞശേഷംഅവന്മാരുടെ മുറിയിലേക്ക് പോകും.വൈകിട്ട് ഹോം വര്‍ക്കായി.

നാളത്തെക്കുള്ള ടൈംടേബിള്‍ എടുത്തുവച്ച് യൂണിഫോമും ഞാന്‍ തന്നേ അവര്‍ക്ക് തേച്ച്‌കൊണ്ടുക്കൊടുക്കും. ഇപ്പോഴിപ്പോള്‍ മൂത്തവന്‍ പറയും ”അമ്മെ,ഞാന്‍ എന്റെതു തേച്ചോളം”എന്ന്.
”പിന്നെ വൈകിട്ട് ജോബിച്ചായന്റെ കൂടെ നടക്കാന്‍ പോകും. ഇടക്ക് ഞങ്ങള്‍ എല്ലാരും കൂടെ മാളിലും ഹൈപ്പര്‍ മാര്‍ക്കറ്റിലും ഒക്കെ പോകും. അങ്ങനെ ഒരു ‘സെയിഫ് മോഡ്’ ജീവിതമായിരുന്നല്ലോ മസ്‌കറ്റില്‍! നാട്ടിലേക്ക് ‘ഫോര്‍ ഗുഡ്’ പോകാന്‍ ജോബി എന്തായാലും പ്ലാന്‍ ചെയ്യുകയായിരുന്നു.”

”പിള്ളാര്‍ക്കും പ്രീതിക്കും,കുറച്ചു നാളെങ്കിലും അപ്പച്ചന്റെയും മമ്മിയുടെയും കൂടെ താമസിക്കാമല്ലോഅവരും പിള്ളാരെ നോക്കിയിരിക്കയായിരുന്നു,”. ജോബി എപ്പോഴൊ പറഞ്ഞതോര്‍ക്കുന്നു.

നാട്ടില്‍ പഠിക്കുന്ന പ്രീതിയുടെ ചേച്ചിയുടെ പിള്ളാര്‍ക്കും എന്റെ ചേട്ടന്മാരുടെ പിള്ളാര്‍ക്കും ഇങ്ങനെ കൂടെവന്ന് താമസിക്കാനൊക്കില്ലല്ലൊ!അപ്പച്ചനും മമ്മിക്കും ഇതുപോലെ സന്തോഷം ഇല്ല!ലോക്‌ഡൌണ്‍ ഒരു വിധത്തില്‍ അനുഗ്രഹമായി അവര്‍ക്ക്.

ആരോടും അധികം സംസാരിക്കാത്ത സ്വതവേ ‘സൈലന്റ്’ ആയ ജോബി ഇത്രയൊക്കെ പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. എന്നാല്‍ കൂടെ, എപ്പോഴും ചിരിച്ചു ചിരിച്ചിരിക്കുന്ന പ്രീതിയും അവളുടെ പ്രാര്‍ത്ഥനകളുമായിരിക്കാം ജോബിയുടെ നിശബ്ദ പ്രചോദം എന്നും മനസ്സിലൂടെ ഒരു ഫ്‌ളാഷ് പോകാതിരുന്നില്ല.

ജോബിയെയും പ്രീതിയെയും കൂടുതല്‍ അടുത്തറിഞ്ഞത്, ഞങ്ങള്‍ ‘ഗ്യാങ്’ എല്ലാവരും ചേര്‍ന്ന് ‘വഹീബാ സാന്‍ഡ്‌സി’ലേക്ക് പോയപ്പോഴാണ്. യാത്രയ്ക്കിടയില്‍ പലതവണ മണ്ണില്‍ പൂണ്ട ജോബിയുടെ ‘ഫോര്‍വീല്‍’ പലരും ചേര്‍ന്ന് തള്ളി ഉന്തി വെളിയില്‍ എടുത്തു.അതിനും വെറുതെ ചിരിച്ച് നോക്കി നില്‍ക്കുന്ന ജോബി!
വൈകിട്ടത്തെ സെഷനു വേണ്ടി ഡോര്‍മെട്രിയില്‍ എത്തിയപ്പോഴും ചീട്ട് റെഡിയാക്കാന്‍ ജേക്കബ് ഏല്‍പ്പിച്ചത് ജോബിയെയായിരുന്നു.മറ്റാരുടെയെങ്കിലും കയ്യില്‍ ചീട്ടു കണ്ടാല്‍ എല്ലാം പെണ്ണൂങ്ങളും ഒരുമിച്ച് ജേക്കബിനെ കൊല്ലും എന്ന് അവനറിയാമായിരുന്നു,സ്മാര്‍ട്ട് മൂവ് ജേക്കബേ!

ഇന്ന് പ്രീതിയും പിള്ളാരും നാട്ടിലാണ്. സമ്മര്‍ ഹോളിഡേ മെയ് ജൂണ്‍ മാസങ്ങളില്‍ തുടങ്ങിയ സമയത്ത് എന്തായാലും ഓണ്‍ലൈന്‍ ക്ലാസ്സ് മാത്രം ഉള്ള കുട്ടികളെയും കൂട്ടി പ്രീതി നാട്ടിലെത്തി.ഇടക്കിടക്ക് ഗ്യാങ്ങില്‍ വന്ന കുട്ടികളുടെയും മരങ്ങളുടെയും മഴ ചാറുന്നതും മറ്റുമായുള്ള ഫോട്ടോകള്‍ എല്ലാവരുടെയും മനസ്സ് കുളിര്‍പ്പിക്കുന്നുണ്ടായിരുന്നു.
ഇടക്കുള്ള സൂം ഗ്രൂപ്പ് കോളുകളില്‍ ആരോ ചോദിച്ചു,”പിള്ളാരും പ്രീതിയും തിരിച്ചുവരുന്നില്ലെ ജോബി?”

”എന്റെ അച്ചായാ ഞാന്‍ തന്നെ പത്തനംതിട്ടയ്ക്ക് പോയാലൊ എന്ന് ആലോചിച്ചു കൊണ്ടിരിക്കയാണ്.
ഈ ജോലിയൊക്കെ എത്ര നശ്വരം എന്ന് എല്ലാവരും ചിന്തിച്ചു തുടങ്ങാറായില്ലെ എന്നൊരു തോന്നല്‍.”

അവന്റെ വാക്കുകള്‍ എല്ലാവരുടെയും മനസ്സിലും ഉയര്‍ന്നു കാണണം.ജോലിയുടെ വരവും പോക്കും ശമ്പളത്തിന്റെ ഏറ്റക്കുറച്ചിലുകളുമൊക്കെ ഗള്‍ഫിന്റെ പതിവ് കഥകളാണ്.
എന്നാല്‍ ഈ കോവിഡ് കാലം ‘അടപടലെ’ എല്ലാം തിരിച്ചു മറിച്ചു. ജോബിയുടെ ചിന്തകള്‍ ഞങ്ങളോരുത്തരെയും എത്തിച്ചത്,”ഇനി എങ്ങോട്ട് എന്നതിലേക്കാണ്?്”
ഉള്ളസമയത്ത് നാട്ടിലേക്ക് പോയാലോ എന്ന് പലരും ഒരു ‘സേഫ്റ്റിക്ക്’ വേണ്ടി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
കോവിഡ് കാലമായതിനാല്‍ സ്ഥലപരിമിതി മൂലം ഓണ്‍ലൈന്‍ ജോലികള്‍ എന്നൊരു കണ്‍സെപ്റ്റ് എല്ലാ കമ്പനിക്കാര്‍ക്കും അനുസരിക്കാന്‍ നിര്‍ബന്ധിതരായിതീര്‍ന്നു.
കുട്ടികളുടെ ചെറുപ്രായം ഒരുപക്ഷെ, പ്രീതിക്കും ജോബിക്കും തീരുമാനങ്ങളെടുക്കാന്‍ സഹായമായിരുന്നിരിക്കാം.എന്നാല്‍ പതിനൊന്നിലും പന്ത്രണ്ടാം ക്ലാസ്സുകളിലുമെത്തി നില്‍ക്കുന്ന ജേക്കബിന്റെയും റേച്ചലിന്റെ മക്കളുടെ പഠിത്തത്തെക്കുറിച്ച് ആ പോവഴികളികളിലേക്ക്,അവരുടെ അടുത്ത ലക്കത്തിലെ കഥയിലൂടെ നമുക്കൊരുമിച്ച് ഒരു തീരുമാനത്തിലെത്താം..

ഗാം​ഗ് സ്റ്റോറിയുടെ മുൻ ഭാ​ഗങ്ങൾ ഇവിടെ വായിക്കാം.

മസ്‌കറ്റിലെ മരുപ്പച്ചയാകുന്ന സൗഹൃദങ്ങളുടെ കഥ

അവളുടെ മനസ്സിന്റെ ധൈര്യം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്

ഒരാപത്ത് വരുമ്പോള്‍ ആണല്ലോ അതെപറ്റി അറിവുള്ളവരെ ഓര്‍മ വരിക

ഓർമ്മകളും പറഞ്ഞ് ഇറങ്ങുന്നതോടെ അന്നത്തെ സഭയും പിരിയും

സപ്ന അനു ബി. ജോര്‍ജ്ജ്

കോട്ടയം ബേക്കര്‍ സ്‌കൂളിലും സി എം എസ് കോളജിലുമായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. കഥയും കവിതയും എഴുതുന്ന സപ്ന 20 കൊല്ലമായി ഒട്ടുമിക്ക പ്രവാസ പ്രസിദ്ധീകരണങ്ങളിലും തന്റേതായ ശൈലിയില്‍ കോളം എഴുത്തിലൂടെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്. കന്യക ദ്വൈവാരികയില്‍ എഴുതിയ’നിശാസുരഭികള്‍ വസന്ത സേനകള്‍ ‘ എന്ന സ്ത്രീപക്ഷ ലേഖനം നിരവധി അവാര്‍ഡുകള്‍ നേടി.

ചിത്രകാരി, പത്ര പ്രവര്‍ത്തക, പാചകവിദഗ്ധ, അഭിമുഖകാരി, ഫോട്ടോഗ്രഫര്‍ തുടങ്ങി ബഹുമുഖ മേഖലകളില്‍ തന്റേതായ കൈയ്യൊപ്പ് ചാര്‍ത്തി. ഗള്‍ഫ് എഡിഷന്‍ മനോരമ, മാതൃഭൂമി, കൂടാതെ, അമരിക്കയിലെയും ബ്രിട്ടനിലെയും മിക്ക പ്രവാസി പ്രസിദ്ധീകരണങ്ങളിലും സപ്നയുടെ കോളങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

6 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു ചെറുകഥാ സമാഹാരത്തിന്റെ പണിപ്പുരയിലാണ്. മക്കള്‍ശിക്ഷ, ദിക്ഷിത്ത്, ദക്ഷിണ് ,ബാല്യകാല സുഹൃത്തുമായ ഭര്‍ത്താവ് ബിജു ടീ ജോര്‍ജ് ഉം ഒപ്പം ഇപ്പോള്‍ മസ്‌കറ്റില്‍ താമസം.

Tags
Show More

Related Articles

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close