
ശാസ്താംകോട്ട: തുഗ്ലക്ക് പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാനൊരുങ്ങി ശാസ്താം കോട്ട താലൂക്ക് ആശുപത്രി. കൊറോണ മഹാമാരിക്കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയാണ് പുതിയപരിഷ്ക്കാരങ്ങള്ക്ക് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഒരുക്കങ്ങള്‍ നടക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടങ്ങളാണ് പൊളിച്ച് കളയുന്നത്. ലോക്ഡൗണ്‍ ഇളവിന് അനുസരിച്ച് നിര്‍മ്മാണങ്ങള്‍ ആരംഭിക്കാനാണ് നീക്കം. രണ്ട് വര്‍ഷം മുമ്പ് ഒരുകോടിയില്‍ ഏറെ രൂപ മുടക്കി നിര്‍മ്മിച്ച ഡെന്റല്‍ എക്സറേ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും മാവേലി മെഡിക്കല്‍ സ്റ്റോര്‍ കെട്ടിടവും ഒന്നരവര്‍ഷം മുമ്പ് നിര്‍മ്മിച്ച പാര്‍ക്കിംഗ് ഷെഡും ഹൈമാക്സ് ലൈറ്റുംപൊളിച്ച് നീക്കിയാണ് പുതിയനിര്‍മ്മാണം.
മൂന്ന് കോടി രൂപ ചെലവിട്ട് പുതിയ മാതൃ-ശിശു വിഭാഗം നിര്‍മ്മിക്കാനാണ് ഇടിച്ച് നിരത്തല്‍ എന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
ആശുപത്രിയിലേക്കുള്ള വഴി വരെ തടസപ്പെടുത്തി പുതിയ ബ്ലോക്ക് നിര്‍മ്മിക്കുമ്പോള്‍ നഷ്ടമാകുന്നത് വലിയ വില നല്കി മരുന്ന് വാങ്ങാന്‍ സാധിക്കാത്ത സാധാരണക്കാരന്റെ ആശ്രയമായ താലൂക്കിലെ ഏക മാവേലി മെഡിക്കല്‍ സ്റ്റോണ്‍.
ഇതിനിടെ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിലെ കാലതാമസം മൂലം ആധുനിക കെട്ടിട സമുച്ചയത്തിനായി അനുവദിച്ച അന്‍പത് കോടി രൂപ പാഴായി. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഈ തുക അനുവദിച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതില്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ വലിയ അനാസ്ഥയാണ് കാട്ടിയത്. ആശുപത്രിയോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയും ചന്തയുടെ ഒരു ഭാഗവും ഇതിനായി കണ്ടെത്താന്‍ തുടക്കത്തില്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് ശക്തമായ ഇടപെടലിന് എംഎല്‍എ അടക്കമുള്ളവര്‍ തയാറായില്ല. അടച്ചു പൂട്ടിയ കെഎസ്ആര്‍ടിസി ഡിപ്പോ നിന്നിടത്തേക്ക് ചന്ത മാറ്റി പകരം ഇപ്പോഴുള്ള ചന്തയുടെ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ആദ്യം ആലോചിച്ചിരുന്നു.
നേരത്തെ ചന്ത നിലനിന്നിരുന്ന സ്ഥലമാണ് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കായി ഏറ്റെടുത്തത്. എന്നാല്‍ പിന്നീട് ഡിപ്പോ റദ്ദാക്കി. അതോടെ ഈ സ്ഥലം വെറുതെ കിടക്കുകയാണ്.
നിലവില്‍ സ്ഥല പരിമിതി മൂലം വീര്‍പ്പ്മുട്ടുകയാണ് താലൂക്ക് ആശുപത്രി. 75 സെന്റ് വരുന്ന സ്ഥലത്ത് വിവിധ ബ്ലോക്കുകള്‍ ഉള്ളതിനാല്‍ രോഗികളും ജീവനക്കാരും നട്ടം തിരിയുന്നു.ഇതിനിടയിലേക്കാണ് പുതിയ ബ്ലോക്ക് വരുന്നത്.