
ദമ്മാം: എട്ടാമത് സൗദി ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീണു. കിങ് അബ്ദുൽ അസീസ് വേൾഡ് കൾച്ചറൽ സെന്റർ (ഇത്റ)യുടെ തിയറ്ററുകളിൽ കഴിഞ്ഞ എട്ടു ദിവസങ്ങളായി പ്രദർശിപ്പിക്കപ്പെട്ടത് നിരവധി ചിത്രങ്ങളാണ്. സൗദി സ്ത്രീശാക്തീകരണത്തിൻറെ നേരനുഭവങ്ങൾ ചിത്രീകരിച്ച ‘ഖവാരീർ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
അഞ്ച് വ്യത്യസ്ത കഥകളെ കൂട്ടിയോജിപ്പിച്ച് ഒരുക്കിയാണ് ‘ഖവാരീർ’ വിജയകിരീടം ചൂടിയത്. ഇതിലെ ഓരോ കഥയും സൗദിയിൽ താമസിക്കുന്ന ഒരു സ്ത്രീയുടെയോ പെൺകുട്ടിയുടെയോ യഥാർഥ ജീവിത പരിച്ഛേദങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ബിരുദപഠനത്തിൻറെ ഭാഗമായി അഞ്ച് പെൺകുട്ടികൾ കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രം സൗദിയുടെ സിനിമ ചരിത്രത്തിൽ പുതുയുഗം തുറക്കുന്നതായിരിക്കും എന്ന വിലയിരുത്തലാണ് ജൂറി നടത്തിയത്. സൗദിയുടെ സ്ത്രീശാക്തീകരണത്തിന് അടിവരയിട്ടുകൊണ്ട് മേളയിലുടനീളം അധീശത്വം പുലർത്തിയത് സ്ത്രീകളായിരുന്നു.
ഫീച്ചർ ഫിലിം, അഭിനയം, ഛായാഗ്രഹണം, ജൂറി പ്രൈസ് എന്നിവയിലെ മികവിനുള്ള അവാർഡുകൾ റഗീദ് അൽ-നഹ്ദി, നോറ അൽമോവാൾഡ്, റുബ ഖഫാഗി, ഫാത്മ അൽഹാസ്മി, നൂർ അലമീർ എന്നിവർ സ്വന്തമാക്കി. വിജയികൾക്ക് കാഷ് അവാർഡും ഗോൾഡൻ പാം അവാർഡുകളും സമ്മാനിച്ചു. ഹ്രസ്വ ഡോക്യുമെന്ററി, നടൻ, നടി, തിരക്കഥാകൃത്ത് എന്നിവയിലെ മികവിനാണ് മറ്റ് അവാർഡുകൾ.
അനുകൂലമായ അന്തരീക്ഷമായിരുന്നെങ്കിലും രാജ്യത്തെ ചലച്ചിത്രനിർമാണത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് സ്വപ്നം കാണാൻ ധൈര്യപ്പെടുന്നവരാണ് യഥാർഥ വിജയികളെന്ന് മികച്ച ഡോക്യുമെൻററി സിനിമയുടെ സംവിധായകൻ അൽ-ഹജ്ജാജ് പറഞ്ഞു. ഇത്റയിലെ സിനിമാനുഭവം പ്രതീക്ഷ നിറഞ്ഞ സ്വപ്നങ്ങളാണ് പലർക്കും നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.