KERALANEWS

ഹലാൽ ഭക്ഷണ സമ്പ്രദായത്തിനെതിരെ പ്രചാരണം ശക്തമാക്കി യുവമോർച്ച; കേരളത്തിലുടനീളം മതരഹിത ഭക്ഷണ ശാലകൾ സംഘടിപ്പിക്കും; വൈറൽ ആയി #സേ നോ ടു ഹലാൽ

തിരുവനന്തപുരം : ഹലാൽ ഭക്ഷണ സമ്പ്രദായത്തിനെതിരെ പ്രചാരണം ശക്തമാക്കി യുവമോർച്ച. ഹലാൽ സമ്പ്രദായത്തിനെതിരെ കേരളത്തിലുടനീളം യുവമോർച്ച മതരഹിത ഭക്ഷണ ശാലകൾ സംഘടിപ്പിക്കും. മതം ഇല്ലാത്ത വൃത്തിയുള്ള ഭക്ഷണം ആവശ്യപ്പെടുന്ന മതേതര സമൂഹത്തോടൊപ്പം നിലകൊള്ളുമെന്നും യുവമോർച്ച അറിയിച്ചു.

#saynotohalal എന്ന ഹാഷ്ടാഗോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് യുവമോർച്ച മതരഹിത ഭക്ഷണ ശാലകൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചത്. നേരത്തെ ഹലാൽ ഭക്ഷണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് പരിപാടി നടത്തിയിരുന്നു. ഇതിന് ശക്തമായ മറുപടി നൽകുകയാണ് മതേതര ഭക്ഷണ ശാലകൾ സംഘടിപ്പിക്കുന്നതിലൂടെ യുവമോർച്ച ലക്ഷ്യമിടുന്നത്. നേരത്തെ പാലക്കാട് ജില്ലയിൽ യുവമോർച്ച മതരഹിത ഭക്ഷണ ശാല സംഘടിപ്പിച്ചിരുന്നു.

അതേസമയം #saynotohalal എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് ഹലാൽ ഭക്ഷണത്തോട് എതിർപ്പ് പ്രകടിപ്പിച്ച് #saynotohalal എന്ന ഹാഷ്ടാഗോടെ രംഗത്ത് വന്നിരിക്കുന്നത്. യുവമോർച്ചയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും #saynotohalal ഹാഷ്ടാഗുകൾ നിറഞ്ഞിട്ടുണ്ട്.

വളരെപ്പെട്ടെന്ന് സാമൂഹ്യ മാധ്യമം ഏറ്റെടുത്ത വിഷയമായിരുന്നു ഇത്. കുറച്ച് നാളുകളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ഭക്ഷണത്തെ കുറിച്ചുള്ള വിവാദങ്ങൾ. ഇവിടുത്തെ പ്രധാന വിഷയം ഭക്ഷണം ഹലാലാണോ അല്ലയോ എന്നതാണ് തര്‍ക്കം. ഇതുവരെയില്ലാത്ത വിധത്തിലാണ് കേരളത്തില്‍ ഇപ്പോള്‍ ‘ഭക്ഷണത്തിലെ മത’ത്തെ ആളുകള്‍ തിരയുകയാണെന്ന് ചിലര്‍ പരാതി പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ ദിനംപ്രതി എഴുതപ്പെടുന്ന കുറിപ്പുകളും ഇതിന് തെളിവായി നിരത്തുന്നു. ചിലര്‍ക്ക് ബീഫ് കഴിക്കുന്നതാണ് വിഷയമെങ്കില്‍ മറ്റ് ചിലര്‍ക്ക് പന്നി ഹറാമാണ്. ആവശ്യമുള്ളവര്‍ ആവശ്യമുള്ളത് കഴിക്കുകയും മറ്റുള്ളവരെ സമാധാനത്തോടെ കഴിക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക് ആരെന്ത് എപ്പോള്‍ കഴിക്കണമെന്ന് തീരുമാനിക്കാന്‍ ഈ രാജ്യത്ത് ആരും ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്ന കാര്യം മാത്രം പലരും മറന്ന് പോകുന്നു.

ഇതിനിടെ വിഷയത്തിലിടപെട്ട് ഡിവൈഎഫ്ഐ ഭക്ഷണത്തില്‍ മതം കലര്‍ത്തരുതെന്ന് പറഞ്ഞ് ‘ഫുഡ് സ്ട്രീ’റ്റെന്ന പേരില്‍ കോഴിക്കോടും എറണാകുളത്തും ഭക്ഷണം വിളമ്പി. എറണാകുളത്തെ പരിപാടിയില്‍ ബീഫും ഒപ്പം പന്നിയും വിളമ്പി.

ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ആണ് ജില്ലാ കേന്ദ്രങ്ങളിൽ ‘ഫുഡ് സ്ട്രീറ്റ്’ നടത്തുന്നതെന്ന് ഡിവൈഎഫ് ഐ പ്രഖ്യാപിച്ചിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നും നാടിനെ വിഭജിക്കുന്ന ആർഎസ്എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം ആവശ്യപ്പെട്ടിരുന്നു. ബിജെപി ചർച്ചയാക്കുന്ന ഹലാൽ ഭക്ഷണ വിവാദത്തെ തുടർന്നാണ് ഡിവൈഎഫ്ഐ ഈ വേറിട്ട പരിപാടി. പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും സംസ്ഥാന സർക്കാർ നിരോധിക്കണമെന്നു ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.

ഇതോടെ ട്രോളന്മാരും രംഗത്തെത്തി. ട്രോളന്മാരില്‍ കൂടുതല്‍ പേരും ‘സുഡാപ്പി’യെയും ‘സംഘി’യെയും ഒരുപോലെ അക്രമിച്ചു. എന്നാൽ മറ്റു ചിലരുടെ മാർഗം വേറെയുമായിരുന്നു

എറണാകുളത്ത് ബീഫും പന്നിയും വിളമ്പിയ ഡിവൈഎഫ്ഐ പക്ഷേ കോഴിക്കോട് വിളമ്പിയത് ഹലാല്‍ ഭക്ഷണമാണെന്നും കോഴിക്കാട് മാത്രം എന്താണ് ഡിവൈഎഫ്ഐക്ക് ഭക്ഷണം ഹലാലായതെന്നുമാണ് ട്രോളന്മാരുടെ ചോദ്യം. അതോടൊപ്പം വളരെ പെട്ടെന്ന് തന്നെ ‘എയറിലായ’ ചിലരെയും കാണാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close