
തെന്മല: പരപ്പാർ തടാകത്തിൽ ലക്ഷക്കണക്കിനു രൂപയുടെ മത്സ്യം ആർക്കും പ്രയോജനമില്ലാതെ പോകുമ്പോൾ അതിർത്തിക്കപ്പുറം ചെറു അണക്കെട്ടുകളിൽ നിന്നു മത്സ്യം വിറ്റു കാശാക്കി തമിഴ്നാട് സർക്കാർ. ഒരു പതിറ്റാണ്ട് മുൻപാണ് പരപ്പാർ തടാകത്തിൽ മത്സ്യഫെഡ് ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. എസ്ടി വിഭാഗത്തിൽപെട്ടവർക്കു തടാകത്തിൽ നിന്നു മത്സ്യം പിടികൂടി വിൽപന നടത്തി ഉപജീവന മാർഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച ശേഷം പിടികൂടാൻ എത്തിയപ്പോൾ തടാകം സ്ഥിതി ചെയ്യുന്നത് ശെന്തുരുണി വന്യജീവി സങ്കേതത്തിലാണെന്നു പറഞ്ഞു വനംവകുപ്പ് അനുമതി നിഷേധിച്ചു. മത്സ്യബന്ധനത്തിനായി ലക്ഷങ്ങൾ മുടക്കി വള്ളവും വലയും വാങ്ങിവച്ച എസ്ടി വിഭാഗത്തിൽപെട്ടവർ ഇതോടെ നിരാശയിലുമായി. വന്യജീവി സങ്കേതത്തിനുള്ളിലെ എസ്ടി വിഭാഗത്തിൽപെട്ടവർക്കു മാത്രമേ മത്സ്യബന്ധനത്തിന് അനുമതി നൽകാൻ സാധിക്കുള്ളൂവെന്നാണ് വനംവകുപ്പ് നിലപാട്.ഇതിൽ ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാൽ ശെന്തുരുണിയിൽ എസ്ടി വിഭാഗത്തിന്റെ കോളനികളൊന്നുമില്ല എന്നതാണ്.ഇതോടെ ലക്ഷങ്ങൾ മുടക്കിയ മത്സ്യക്കൃഷി ലക്ഷ്യസ്ഥാനത്തെത്താതെ പോയി.
എന്നാൽ ഇന്ന് ഈ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുന്നത് തമിഴ്നാടിനാണ്.വേനൽക്കാലത്ത് കൃഷിക്കായി ഈ വെള്ളം ഉപയോഗിക്കുന്നതിനൊപ്പം കേരള അതിർത്തിയായ പുളിയറ, കണ്ണംപള്ളിമേട്, മേക്കര, ഗുണ്ടാർ എന്നിവടങ്ങളിലെ ചെറു അണക്കെട്ടുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വളർത്തി വലുതാക്കി വിൽപന നടത്തുകയാണ് തമിഴ്നാട് സർക്കാർ.ഇവിടെ പിടികൂടുന്ന മത്സ്യത്തിന്റെ നല്ലൊരു ശതമാനവും കേരളത്തിലേക്കാണ് വിൽപനയ്ക്കായി എത്തുന്നത്. രാവിലെ പിടികൂടുന്ന മത്സ്യം 8ന് മുൻപ് ആര്യങ്കാവ് അതിർത്തി കടന്നെത്തുന്നതും. കിലോയ്ക്ക് 150 രൂപ മുതലാണ് അണക്കെട്ടിലെ മത്സ്യത്തിന് കച്ചവടക്കാർ വാങ്ങുന്നത്.