Breaking NewsKERALANEWS

എഞ്ചിനീയറിം​ഗ് വിദ്യാർത്ഥികൾക്ക് 600 ഡോളർ സ്കോളർഷിപ്പ്; അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 22

തിരുവനന്തപുരം: എഞ്ചിനീയറിം​ഗ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തി അമേരിക്കയിലെ ഹൂസ്റ്റണിലെ മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍(എം.ഇ.എ.) കേരളത്തിലെ ഒന്നാംവര്‍ഷ എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്കാണ് അരലക്ഷം രൂപയോളം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

രക്ഷാകര്‍ത്താവിന്റെ വാര്‍ഷികവരുമാനം 1,50,000 രൂപയില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വര്‍ഷംതോറും 600 ഡോളറാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.meahouston.org. അവസാന തീയതി ഡിസംബര്‍ 22.

ചാക്കോയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പ് പിന്നീട് ജീവിച്ചത് കുവൈറ്റിൽ; വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ

ചെങ്ങന്നൂർ: കേരള പൊലീസ് എത്ര അന്വേഷിച്ചിട്ടും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടാൻ കഴിയാതിരുന്നത് സുകുമാരക്കുറുപ്പിന്റെയും ബന്ധുക്കളുടെയും പണവും പ്രതാപവും മൂലം. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നും ഒരു ശവശരീരം മോഷ്ടിച്ച് കത്തിച്ച് ​ഗൾഫിൽ നിന്നുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുക മാത്രമായിരുന്നു സുകുമാരക്കുറുപ്പിനുണ്ടായിരുന്ന ലക്ഷ്യം. എന്നാൽ, താൻ പോലും അറിയാതെ സുകുമാരക്കുറുപ്പ് കൊലക്കേസ് പ്രതിയായി മാറുകയായിരുന്നു എന്നാണ് ബന്ധുക്കൾ ഇപ്പോഴും പറയുന്നത്.

സുകുമാരക്കുറുപ്പിന്റെ കുടുംബം പ്രതാപശാലികളാണ്. അതുകൊണ്ട് തന്നെ ഒരിക്കൽ പൊലീസിന്റെ പിടിയിലായ കുറുപ്പിനെ വിട്ടയച്ചെന്ന മു മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തലും പ്രസക്തമാകുന്നത്. ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയുടെ കൊലപാതകത്തിൽ സുകുമാരക്കുറുപ്പിന് ഒരു പങ്കും ഉണ്ടായിരുന്നില്ലെന്നാണ് കുറുപ്പിന്റെ ബന്ധുക്കളും നാട്ടുകാരും ഇപ്പോഴും പറയുന്നത്. ഗൾഫിൽ നിന്ന് കിട്ടുമായിരുന്ന ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ഒരു മരണ നാടകം നടത്താനാണ് കുറുപ്പും ഭാര്യയുടെ അനിയനായ ഭാസ്‌കരപിള്ളയും ഡ്രൈവറായ പൊന്നപ്പനും ഗൾഫിൽ വച്ചുള്ള അടുത്ത സുഹൃത്തായ ചാവക്കാടുകാരൻ ഷാഹുലും പദ്ധതിയിട്ടത്. ഇതിനായി ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കുറുപ്പിനോട് സാമ്യം തോന്നുന്ന മൃതദേഹം സംഘടിപ്പിക്കാനായി നീക്കം. മോർച്ചറി കാവൽക്കാരൻ മധു കുറുപ്പിന്റെ സഹോദരീ ഭർത്താവായിരുന്നു.

മൃതദേഹം സംഘടിപ്പിച്ചു കൊടുക്കാമെന്ന് മധു ഏറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കുറുപ്പിന്റെ കാറിൽ പൊന്നപ്പനും ഭാസ്‌കരപിള്ളയും ഷാഹുവും മെഡിക്കൽ കോളജിൽ എത്തിയത്. അപ്പോഴേക്കും മൃതദേഹ മോഷണത്തിന്റെ വരും വരായ്കകൾ ചിന്തിച്ച മധു പിന്നാക്കം പോയി. കാവൽ ശക്തമാണെന്നും മൃതദേഹം എടുക്കാൻ കഴിയില്ലെന്നും മധു വന്നവരെ അറിയിച്ചു. കുറുപ്പ് ഇവരുടെ ഒപ്പമില്ലാതിരുന്നതും മധുവിനെ പിന്നാക്കം പോകുവാൻ പ്രേരിപ്പിച്ചു. മൂവർ സംഘം മടങ്ങാൻ തീരുമാനിച്ചു. വന്ന സ്ഥിതിക്ക് കുറച്ചു ക്ലോറോഫോമും പഞ്ഞിയും ഇവർ മധുവിനോട് ആവശ്യപ്പെട്ടു. മധു എടുത്തു നൽകി. അതു വാങ്ങി ഇവർ തിരികെ ഹൈവേ വഴി ചെറിയനാടിന് പുറപ്പെട്ടു.

സുകുമാരക്കുറുപ്പ് കൊണ്ടു വന്ന സ്‌കോച്ചും കാറിൽ കരുതിയാണ് മൂവർ സംഘം മെഡിക്കൽ കോളജിന് പോയത്. മൃതദേഹം കിട്ടാതെ വന്നപ്പോൾ തിരികെ വരുന്ന വഴി കാറിലിരുന്ന അത് അടിച്ചു തീർത്തു. ലഹരി പോരാന്ന് തോന്നിയപ്പോൾ കൽപ്പകവാടി ഹോട്ടലിൽ കയറി വീണ്ടും മദ്യപിച്ചു. യാത്ര തുടരുന്നതിനിടെയാണ് വഴിയരികിൽ വാഹനം കാത്തു നിൽക്കുന്ന ചാക്കോയെ മൂവർ സംഘം കാണുന്നത്. ഡ്രൈവർ പൊന്നപ്പന് ഒറ്റ നോട്ടത്തിൽ ചാക്കോയെ മനസിലായി. സനാതനം വാർഡിൽ പൊന്നപ്പന്റെ വിടിന് തൊട്ടടുത്താണ് ചാക്കോ താമസിക്കുന്നത്. എന്നാൽ, തന്റെ അയൽവാസിയാണ് ചാക്കോ എന്ന വിവരം പിന്നിൽ ഇരിക്കുന്നവരോട് പൊന്നപ്പൻ പറഞ്ഞില്ല.

പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ചാക്കോ കൊല്ലപ്പെടുമായിരുന്നില്ല. കുറുപ്പിനൊപ്പം ഉയരവും വണ്ണവുമുള്ള ചാക്കോയെ കൊല്ലട്ടെയെന്ന് പൊന്നപ്പനും കരുതിക്കാണണം. ഇതാണ് തങ്ങളുടെ ഇരയെന്ന് പിൻസീറ്റിൽ ഇരുന്ന ഭാസ്‌കരപിള്ളയും ഷാഹുവും തീരുമാനിച്ചു. അവർ ചാക്കോയ്ക്ക് മദ്യം ഓഫർ ചെയ്തു. താൻ കുടിക്കാറില്ലെന്ന് ചാക്കോ പറഞ്ഞു. സ്നേഹപൂർവം നിരസിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഭീഷണിയുടെ സ്വരത്തിൽ നിർബന്ധമുണ്ടായി. ഇതോടെ ഭയന്നു പോയ ചാക്കോ തന്റെ മോതിരം ഊരി ഇവർക്ക് കൊടുത്തിട്ട് തന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. പിന്നിലിരുന്ന നരാധമന്മാർ തോർത്ത് കഴുത്തിൽ മുറുക്കി ചാക്കോയെ കൊന്നു.

മൃതദേഹവുമായി വരുന്ന മൂവർ സംഘത്തെ കാത്ത് മാവേലിക്കരയ്ക്ക് സമീപം കൊച്ചാലുംമൂട്ടിൽ നിൽക്കുകയായിരുന്നു കുറുപ്പ്. മധുവിൽ നിന്ന് മൃതദേഹം കിട്ടിയില്ലെന്നും പകരം തങ്ങൾ ഒരുത്തനെ തട്ടിയെന്നും ഭാസ്‌കരപിള്ള കുറുപ്പിനോട് പറഞ്ഞു. ‘തന്തയ്ക്ക് പിറക്കാഴികയാണല്ലോടാ കാണിച്ചത്’ എന്നായിരുന്നു കുറുപ്പിന്റെ ആദ്യ പ്രതികരണം. നീയൊക്കെ എന്തെങ്കിലും ചെയ്യ് ഞാൻ പോകുന്നുവെന്നും പറഞ്ഞു. മൃതദേഹം കത്തിക്കാനായി വാങ്ങിയ കാറിലാണ് കുറുപ്പുണ്ടായിരുന്നത്. അപകടം മണത്ത കുറുപ്പ് സ്ഥലം കാലിയാക്കാൻ തീരുമാനിച്ചു.

ചാക്കോയുടെ കൊലപാതകത്തിന് ശേഷം പാലക്കാട് ഒരു ലോഡ്ജിലാണ് കുറുപ്പും ഡ്രൈവർ പൊന്നപ്പനും മുറിയെടുത്തിരുന്നത്. പത്രങ്ങളിൽ അതാത് ദിവസം വരുന്ന വാർത്തകൾ നിരീക്ഷിച്ചിരുന്ന കുറുപ്പിന് സംഗതി പന്തികേടാണെന്ന് മനസിലായി. പൊന്നപ്പനൊപ്പം നടന്നാൽ പിടി വീഴും. കാറുമായി നടക്കുന്നതും അപകടമാണ്. നാട്ടിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ ഡ്രൈവർ പൊന്നപ്പനെ കുറുപ്പ് പറഞ്ഞ് അയച്ചത് അങ്ങനെയാണ്. കാർ വീട്ടിൽ കൊണ്ടിട്ട ശേഷം കുറച്ച് ഡ്രസും എടുത്ത് വരണമെന്ന് പറഞ്ഞാണ് പൊന്നപ്പനെ വിട്ടത്.

കുറുപ്പിന്റേതെന്ന് കരുതുന്ന മൃതദേഹം സംസ്‌കരിക്കാൻ ഒരുങ്ങുമ്പോഴാണ് കാറുമായി പൊന്നപ്പൻ പ്രത്യക്ഷപ്പെടുന്നത്. പൊന്നപ്പനെ കണ്ട കുറുപ്പിന്റെ ബന്ധുക്കളിൽ ഒരാൾ ഇയാളെ കടന്നു പിടിച്ചു. നീ കുറുപ്പിനെ കൊന്നില്ലേടാ എന്നായിരുന്നു ചോദ്യം. ഇതോടെ പൊന്നപ്പൻ സത്യം പറഞ്ഞു. കുറുപ്പ് പാലക്കാട്ടുണ്ട്. ഈ കാർ പൊലീസ് സ്റ്റേഷനിൽ എത്തിക്കണം. അപകടം മണത്ത ബന്ധുക്കൾ പൊന്നപ്പനെ പിന്തിരിപ്പിച്ചു. കുറുപ്പിന്റെ സംസ്‌കാര ചടങ്ങിലും പങ്കെടുത്താണ് പൊന്നപ്പൻ തിരികെ പോയത്. കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ പ്രമാണികളായ ബന്ധുക്കൾ അദ്ദേഹത്തെ രക്ഷിക്കാൻ നീക്കം നടത്തി.

ഇതിന്റെ ഭാഗമായി ചെറിയനാട്ട് അമ്പലത്തിൽ ഉത്സവം നടക്കുന്ന സമയം കുറുപ്പ് നാട്ടിലെത്തി. മാവേലിക്കരയിൽ ട്രെയിൻ ഇറങ്ങി റെയിൽവേ പാളത്തിലൂടെ നടന്നാണ് കുറുപ്പ് നാട്ടിലെത്തിയത്. മൂന്നു ദിവസം അമ്മാവനായ വാസുദേവക്കുറുപ്പിന്റെ വീട്ടിൽ താമസിച്ചു. അടുത്ത ബന്ധുക്കളായ ഗോപാലകൃഷ്ണ കാരണവർ, അപ്പുക്കുട്ടൻ പിള്ള എന്നിവരും പുലിയൂർ സ്വദേശിയായ ഡ്രൈവർ മുരളി എന്നിവർ ചേർന്നാണ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ കുറുപ്പിനെ കൊണ്ടു വിട്ടത്. ഭോപ്പാലിൽ അമ്മാവന്റെ ഭാര്യയുടെ അനിയത്തിയും മറ്റു ബന്ധുക്കളുമുണ്ടായിരുന്നു. അവിടേക്കായിരുന്നു കുറുപ്പിന്റെ പോക്ക്.

അക്കാലത്ത് കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ക്രിമിനൽ വക്കീലായിരുന്നു ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്തിരുന്ന മഹേശ്വരൻ പിള്ള. ചെങ്ങന്നൂർ ഡിവൈ.എസ്‌പിയായിരുന്ന ഹരിദാസ് ബന്ധുക്കളോട് പറഞ്ഞത് കുറുപ്പിനെ ഹാജരാക്കണമെന്നായിരുന്നു. പൊലീസിൽ കീഴടങ്ങിയാൽ മഹേശ്വരൻ പിള്ള വക്കീൽ കുറുപ്പിനെ രക്ഷിച്ചു കൊടുക്കുമെന്നും ബന്ധുക്കൾ ഉറച്ചു വിശ്വസിച്ചു. ഇക്കാര്യം കുറുപ്പിനെ മനസിലാക്കാൻ ബന്ധുക്കൾ കഴിവതും ശ്രമിച്ചു. എന്നാൽ, കുറുപ്പിന് ഭയമായിരുന്നു.

പട്ടാളത്തിൽ നിന്ന് ഒളിച്ചോടി വന്നതായിരുന്നു കുറുപ്പ്. അവിടെ എന്തോ ഗൗരവമേറിയ കുഴപ്പം കുറുപ്പ് ഒപ്പിച്ചു വച്ചിരുന്നു. ഇവിടെ കൊലക്കേസിൽ കൂടി പെട്ടാൽ തനിക്ക് വധശിക്ഷ ഉറപ്പാണെന്നായിരുന്നു കുറുപ്പിന്റെ പക്ഷം. പേരു കേട്ട അഭിഭാഷകനെയും പൊലീസിനെയും വിശ്വാസത്തിൽ എടുക്കാൻ തയാറാകാതെയായിരുന്നു കുറുപ്പിന്റെ പലായനം.

കയ്യിൽ കിട്ടിയിട്ടും പൊലീസ് വിട്ടയച്ചു

സുകുമാരക്കുറുപ്പിനെ പിടികൂടാൻ സാധിക്കാതെ വന്നതോടെ അക്കാലത്തെ എല്ലാ പത്രമാധ്യമങ്ങളിലും വാരികകളിലും സുകുമാരക്കുറുപ്പിന്റെ ഫോട്ടോ അച്ചടിച്ച് വന്നിരുന്നു. എന്നിട്ടും കയ്യിൽ കിട്ടിയ സുകുമാരക്കുറുപ്പിനെ പൊലീസ് വിട്ടയച്ചു എന്ന മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തൽ കേരളം കേട്ടത് ഞെട്ടലോടെയാണ്.

1989 ജനുവരിയിലാണ് മാധ്യമങ്ങളിൽ സുകുമാരക്കുറുപ്പിന്റെ വിവിധ രൂപത്തിലുള്ള ഫോട്ടോകൾ പൊലീസ് പ്രസിദ്ധീകരിച്ചത്. അഞ്ചു വർഷം മുമ്പ് കരുവാറ്റക്കും തോട്ടപ്പള്ളിക്കും ഇടക്കുള്ള തൃക്കുന്നപ്പുഴ റോഡിൽ വെച്ച് ചാക്കോയെന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറിലിട്ട് ചുട്ടുകരിച്ച സംഭവത്തിന് പിന്നിലുള്ള സുകുമാരക്കുറുപ്പാണ് ചിത്രത്തിലെന്ന് പറഞ്ഞായിരുന്നു പരസ്യം. മലയാളവും ഇം​ഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കും, അ‍ഞ്ചടി ഒമ്പതിഞ്ച് ഉയരം, വെളുത്ത നിറം, ചിലപ്പോൾ താടിയുണ്ടാകും, ഇല്ലെങ്കിൽ കീഴ്ത്താ‌ടിയിൽ രണ്ട് കുഴികൾ കാണാം, ഇടത്തെ കവിളിൽ കറുത്ത മറുകുണ്ട് തുടങ്ങി എല്ലാ വിലവരങ്ങളും അടക്കമായിരുന്നു അക്കാലത്തെ പരസ്യങ്ങൾ. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ പൊലീസ് ഇൻസ്പെ‌ക്ടർ ജനറൽ, ക്രൈംസ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കണം എന്നായിരുന്നു പൊലീസിന്റെ നിർദ്ദേശം. ഇത്രയധികം ജാ​ഗ്രതയോ‌ടെ പൊലീസ് ഇടപെട്ട കേസിലാണ് കയ്യിലായ പ്രതിയെ എന്തെന്നോ ആരെന്നോ പോലും തിരക്കാതെ പറഞ്ഞ് വിട്ടതെന്ന വെളിപ്പെടുത്തലാണ് ജനങ്ങളെ അത്ഭുതപ്പെടുത്തുന്നത്.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലക്‌സാണ്ടർ ജേക്കബ് ആ കഥ പറഞ്ഞത്. അന്ന് കേസ് തെളിയിക്കുന്നതിന് ഇന്നത്തെപ്പോലെ ശാസ്ത്രീയ രീതികൾ കുറവാണ്. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ അയാളെ വിട്ടയയ്ക്കുകയായിരുന്നു എന്നും അലക്സാണ്ടർ ജേക്കബ് വ്യക്തമാക്കുന്നു.’പ്ലാസ്റ്റിക് സർജറി ചെയ്തിരുന്ന പ്രതിയെ തിരിച്ചറിയാൻ ശാസ്ത്രീയമായ വഴികൾ ഇല്ലാതിരുന്നതിനാലാണ് അന്നയാളെ വിട്ടയച്ചതെന്നും മുൻ ഡിജിപി പറയുന്നു. പൊലീസിന്റെ കൈയിൽ കിട്ടിയ സമയത്ത് തലമുടിയെല്ലാം വെട്ടി മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നു സുകുമാരക്കുറുപ്പ്.

മൂന്നുനാലു മണിക്കൂറോളം ഇയാൾ പൊലീസ്സ്‌റ്റേഷനിൽ ഉണ്ടായിരുന്നു. എന്നാൽ ആളെ തിരിച്ചറിയാൻ വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ, സുകുമാരക്കുറുപ്പ് അല്ല എന്ന് കരുതി വിട്ടയക്കുകയായിരുന്നു. ഇത് പൊലീസിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വലിയ പാളിച്ചയാണ്. ഇപ്പോഴാണെങ്കിൽ ഫിങ്കർ പ്ലിന്റ് എടുത്താൽ കംപ്യൂട്ടർ വഴി തിരുവനന്തപുരത്ത് അയച്ച് ആളെ തിരിച്ചറിയാൻ അഞ്ച് മിനിറ്റ് മതി. അന്ന് പക്ഷെ ഇത് സാധ്യമല്ലായിരുന്നു.

ഫിങ്കർ പ്രിന്റ് എടുത്ത് താരതമ്യം ചെയ്ത് ആളെ കണ്ടെത്താൻ മന്നുനാലു ദിവസമെടുക്കും. അന്ന് കസ്റ്റഡിയിലുണ്ടായിരുന്ന ആളെ പറഞ്ഞുവിട്ട്, മൂന്ന് ദിവസം കഴിഞ്ഞാണ് ഫിങ്കർ പ്രിന്റിന്റെ റിസൽട്ട് വരുന്നതും. സ്റ്റേഷനിൽ കൊണ്ടുവന്നയാൾ സുകുമാരക്കുറുപ്പ് ആയിരുന്നു എന്ന് പൊലീസുകാർക്ക് മനസിലായതും. ഇന്ന് ഇങ്ങനെ സംഭവിക്കില്ല’, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് വ്യക്തമാക്കി.

അതിനിടെ, കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പ് കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവജീവനിൽ അന്തേവാസിയായി കഴിയുന്നെന്ന സംശയത്തെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. കൊടും കുറ്റവാളിയായിരുന്ന സുകുമാരക്കുറുപ്പിന്റെ രൂപ സാദൃശ്യമുള്ള ആളെ അന്വേഷിച്ചാണ് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്​.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആർപ്പൂക്കരയിലുള്ള നവജീവൻ ആസ്ഥാനത്ത് എത്തിയത്. എന്നാൽ സംശയിച്ച വ്യക്തിക്ക് കുറുപ്പുമായി ചില രൂപസാദൃശ്യങ്ങൾ മാത്രമേ ഉള്ളെന്ന് അന്വേഷണത്തിൽ വ്യക്തമായി.

നവജീവനിൽ കഴിയുന്ന ജോബ് എന്ന ആളെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചെത്തിയത്. ഇയാൾ അടൂർ പന്നിവിഴ സ്വദേശിയെന്നാണ് പറയപ്പെടുന്നത്. നാല് വർഷം മുൻപ് ഉത്തർപ്രദേശിലെ ലഖ്​നോ കിങ്​ ജോർജ്​ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് ജോബ് നവജീവനിൽ എത്തിയത്. ആശുപത്രിയിലെ മലയാളി മെയിൽ നഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് അന്ന് ജോബിനെ അന്ന് ശുശ്രൂഷിച്ചത്. നാട്ടിലേക്ക് കൊണ്ടുവരാനും സഹായിച്ചു.

ജോബിനെ നാട്ടിലെത്താൻ സഹായിക്കാൻ അജേഷ് പത്തനംതിട്ട ഇലവുംതിട്ട സ്വദേശിയായ പ്രവാസി മലയാളി ജിബു വിജയനുമായി ചേർന്ന് ജോബിൻറെ കഥ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ, ആരും തേടിയെത്തിയില്ല. ഒടുവിൽ അജേഷ് നവജീവൻ ട്രസ്റ്റി പി.യു. തോമസുമായി ബന്ധപ്പെടുകയും സംരക്ഷണം ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്​തു. തുടർന്ന് രോഗവിമുക്തനായ ശേഷം ജോബിനെ 2017 ഒക്ടോബർ 19ന് ലഖ്​നോവിൽ നിന്ന് അജേഷിൻറെ സ്വന്തം ചെലവിൽ നവജീവനിലെത്തിക്കുകയായിരുന്നു.

കുറച്ചുനാൾ മുൻപ് ജോബിനെ ചികിത്സിച്ച ഡോക്ടർ അജേഷിനെ വിളിച്ച് ചോദിച്ച ഒരു സംശയമാണ് ഇപ്പോഴത്തെ പോലീസ് അന്വേഷണത്തിൽ വരെയെത്തിയത്. കിങ്​ ജോർജ്​ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ഓജയ്ക്ക് അന്ന് ചികിത്സിച്ച രോഗി കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ്​ ആയിരുന്നോ എന്നൊരു സംശയം തോന്നുകയായിരുന്നു. സുകുമാരക്കുറുപ്പിൻറെ തിരോധാനം സംബന്ധിച്ച് 45 മിനിറ്റ്​ നീളുന്ന ഒരു പ്രോഗ്രാം ഹിന്ദി ചാനലായ ആജ് തക്കിന്റെ ക്രൈം തക് എന്ന പരിപാടിയിൽ വന്നിരുന്നു. ഇതുകണ്ടപ്പോളാണ്​ ഡോക്​ടർക്ക്​ സംശയം തോന്നിയത്​. ഡോക്ടറിന്റെ ചോദ്യത്തോടെ അജേഷിനും ഇതേ സംശയമുണ്ടായി.

സുകുമാരക്കുറുപ്പിൻറെ ജീവീതവും ജോബിന്റെ ജീവിതവും തമ്മിൽ വിലയിരുത്തിയപ്പോൾ അജേഷിൻറെ സംശയം ഇരട്ടിക്കുകയും ചെയ്​തു. എയർഫോഴ്സിലായിരുന്നു ജോലിയെന്നാണ്​ ജോബ്​ പറഞ്ഞിരുന്നത്​. സുകുമാരക്കുറുപ്പും എയർഫോഴ്​സിൽ ജോലി ചെയ്​തിട്ടുണ്ട്​. 35 വർഷമായി അടൂർ പന്നിവിഴയിലുള്ള വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു, ലഖ്​നോവിലെ ഒരു സ്ത്രീക്കൊപ്പമായിരുന്നു താമസം, അവർ ഇറക്കി വിട്ടതിനെ തുടർന്ന് തെരുവിൽ താമസിക്കുന്നതിനിടയിലാണ്​ അപകടമുണ്ടായത്​ എന്നൊക്കെയാണ്​ ചികിത്സയിലിരിക്കെ ജോബ്​ പറഞ്ഞത്​. സുകുമാരക്കുറുപ്പ്​ ഉത്തരേന്ത്യയിൽ എവിടെയോ ആയിരുന്നെന്ന്​ പണ്ട്​ വാർത്തകളിൽ കണ്ടതും അജേഷിൻറെ സംശയം ഇരട്ടിച്ചു. ഇത്​ ചില ഓൺലൈൻ മാധ്യമങ്ങളുമായി അജേഷ്​ പങ്കുവെക്കുകയും വാർത്തയാകുകയുമായിരുന്നു. ഇത്​ കണ്ടാണ്​ കോട്ടയം ക്രൈംബ്രാഞ്ചിൻറെ സഹായത്തോടെ ആലപ്പുഴ ക്രൈംബ്രാഞ്ച്​ നവജീവനിൽ പരിശോധന നടത്തിയത്​.

2020 മാർച്ചിൽ സുകുമാരക്കുറുപ്പിൻറെ മകൻ ഫേസ്​ബുക്കിൽ ഒരു ഫോ​ട്ടോ പങ്കുവെച്ചിരുന്നു. ഒരു പെൺകുട്ടിയും പ്രായമുള്ള ഒരാളും ഇരിക്കുന്ന ഫോ​ട്ടോയായിരുന്നു അടിക്കുറിപ്പില്ലാതെ പങ്കുവെച്ചത്​. ആശുപത്രി കിടക്കയിൽ നിന്നെടുത്തതെന്ന്​ കരുതുന്ന ഈ ഫോ​ട്ടോയിലെ ആൾക്ക്​ നവജീവനിൽ കഴിയുന്ന ജോബിനുമായി സാമ്യം ഉണ്ടെന്ന്​ കണ്ടെത്തിയതും പൊലീസിൻറെ സംശയം വർധിപ്പിച്ചു. എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ പൊലീസിന് ഇയാൾ സുകുമാരക്കുറുപ്പ് അല്ലെന്ന് മനസ്സിലായി. ഇരുവരുടെയും ഉയരത്തിലും വ്യത്യാസമുണ്ട്. 172 സെ.മീ ഉയരമായിരുന്നു സുകുമാരക്കുറുപ്പിന്​. ജോബിന്റെ ഉയരം 162 സെ.മീറ്ററാണ്.

കുറുപ്പ് കുവൈറ്റിലായിരുന്നെന്ന് മാധ്യമ പ്രവർത്തകനും

കുവൈത്തിലെ മാധ്യമ പ്രവർത്തകനും കുവൈറ്റ് ന്യൂസ്‌ ഇൻഡെക്സ്‌ എഡിറ്ററുമായ ഇസ്മായിൽ പയ്യോളിയാണു നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്‌. 2016 ൽ വരാണസിയിൽ വെച്ച്‌ കുറുപ്പ്‌ മാരണമടഞ്ഞതായും ഗംഗാ നദി തീരത്താണ് കുറുപ്പിനെ അടക്കം ചെയ്തതെന്നുമാണ് ഇസ്മായിൽ വെളിപ്പെ‌ടുത്തുന്നത്.

കുറുപ്പിന്റെ ഭാര്യ സരസമ്മ കുവൈറ്റിലെ സബാഹ്‌ ആശുപത്രിയിൽ നഴ്സ്‌ ആയി ജോലി ചെയ്തിരുന്നതായും ഇവരുടെ രണ്ട്‌ ആൺ മക്കളിൽ ഒരാൾ ഇപ്പോഴും കുവൈറ്റിൽ കഴിയുന്നതായും അദ്ദേഹത്തിന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റിൽ വ്യക്തമാക്കുന്നു. മൂന്നര പാതിറ്റാണ്ട്‌ മുമ്പ്‌ നടന്ന സംഭവത്തിലേക്ക്‌ വെളിച്ചം ചൂണ്ടുന്ന മറ്റു നിർണ്ണായക വിവരങ്ങളും പറയുന്നുണ്ട്‌.

ഫേസ്‌ ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സുകുമാരകുറുപ്പിനെ കേന്ദ്ര കഥാ പാത്രമാക്കി നിർമ്മിച്ച ‘കുറുപ്പ് ‘എന്ന സിനിമ ഇന്ന് റിലീസ് ആയിരിക്കുകയാണല്ലോ. കുറുപ്പുമായി ബന്ധപ്പെട്ട് സത്യവും മിഥ്യയു മായ അനേകം കഥകളാണു സിനിമക്ക്‌ പുറത്ത്‌ പ്രചരിച്ചു കൊണ്ടിരിക്കുന്നത്‌. കുവൈത്തിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട്‌ എനിക്ക്‌ പൂർണ്ണ ബോധ്യമുള്ള ചില സത്യങ്ങൾ ഇവിടെ വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.

2017 ൽ ആണെന്ന് തോന്നുന്നു,ആലപ്പുഴ ജില്ലയിലെ ചെറിയനാട്‌ എന്ന പ്രദേശത്ത്‌ നിന്നുള്ള ഒരു വ്യക്തിയിൽ നിന്ന് എനിക്ക്‌ ഫേസ്‌ ബുക്ക്‌ മെസ്സെഞ്ചറിൽ ഒരു സന്ദേശം ലഭിക്കുന്നു. നല്ല വാർത്താ സാധ്യതയുള്ള ഒരു വിവരം കൈമാറാനുണ്ട്‌ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.. എഫ്‌. ബി. മെസ്സഞ്ചറിൽ നിരവധി തവണ ബന്ധപ്പെട്ടപ്പോഴാണു സന്ദേശം അയച്ച ആളുടെ നാട്ടിലെ നമ്പർ ലഭിക്കുന്നത്‌. കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചിട്ട്‌ അന്ന് ആറു മാസം പിന്നിട്ട അയാൾ വളച്ചു കെട്ടില്ലാതെ നേരെ ചോദിച്ചു.”ചാക്കോ വധക്കേസിലെ പ്രതിയായ സുകുമാര കുറുപ്പിനെ പറ്റി കേട്ടിട്ടുണ്ടൊ..?

ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു ചാക്കോ വധം നടക്കുന്നത്‌.. നന്നേ ചെറുപ്പം മുതലെ പത്ര പാരായണം ശീലമായതിനാൽ സംഭവത്തെ കുറിച്ച്‌ മനസ്സിൽ അന്നേ നല്ല ധാരണയും ഉണ്ടായിരുന്നു. പിന്നീട്‌ ഓരോ കാലങ്ങളിലും പ്രതി സുകുമാര കുറുപ്പുമായി ബന്ധപ്പെട്ട പല വാർത്തകളും പത്രങ്ങളിൽ വായിച്ചതിനാൽ കേസിന്റെ ഏതാണ്ട്‌ മുഴുവൻ ചരിത്രവും എനിക്ക്‌ ഹൃദ്യസ്ഥവുമായിരുന്നു. ഇത്‌ കൊണ്ട്‌ തന്നെ മറ്റൊന്നും ആലോചിക്കാതെ തന്നെ ഞാൻ അയാളോട്‌ അതെ എന്ന് മറുപടി നൽകുകയും ചെയ്തു. പിന്നീടാണു അയാൾ എനിക്ക്‌ മുന്നിൽ രഹസ്യങ്ങളുടെ കലവറ തുറക്കുന്നത്‌.

“കഴിഞ്ഞ വർഷം (2016 ൽ) വിഷു ദിനത്തിന്റെ പിറ്റേനാൾ കുറുപ്പ്‌ മരിച്ചു. കാശിയിൽ (വരാണസി) വെച്ച്‌ അർബുദ ബാ ധയെ തുടർന്നായിരുന്നു മരണം. ഗംഗാ നദിക്കരയിൽ ആണു അയാളെ അടക്കം ചെയ്തിരിക്കുന്നത്‌. ഇത്രയും കഴിഞ്ഞു അയാൾ പറഞ്ഞ മറ്റൊരു കാര്യമാണു എന്നെ ഏറെ അമ്പരിപ്പിച്ചത്‌. ” കുറുപ്പ്‌ ഏറെ കാലം കുവൈത്തിൽ ആയിരുന്നു കഴിഞ്ഞത്‌.. കുറുപ്പിന്റെ ഭാര്യ സബാഹ്‌ ആശുപത്രിയിലെ നഴ്‌ ആയിരുന്നു.. കഴിഞ്ഞ വർഷമാണു അവർ സർവ്വീസിൽ നിന്ന് വിരമിച്ചത്‌.. ഇപ്പോൾ മകനോടോപ്പം സാൽമിയയിലെ വീട്ടിൽ കഴിയുന്നു.

വരാണസിയിൽ വെച്ച്‌ നടന്ന കുറുപ്പിന്റെ മരണാനന്തര ചടങ്ങിൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ കുടുംബാംഗങ്ങൾ പങ്കെടുക്കുകയും ചെയ്തിരുന്നു. ” ഇത്രയും കേട്ടതോടെ എന്നിലെ ന്യൂസ്‌ സെൻസ്‌ ഉണർന്നു.. വലിയൊരു വാർത്തയാണു.. പിന്തുടർന്നാൽ ചിലപ്പോൾ കോളടിക്കും.. പ്രാഥമികമായി സോർസ്സ്‌ നൽകിയ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുക.. രണ്ട്‌ മൂന്ന് ദിവസത്തെ പരിശ്രമത്തിനു ഒടുവിൽ കുറുപ്പിന്റെ മകനെ ( അയാളുടെ പേരു മനപൂർവ്വം ഇവിടെ ചേർക്കുന്നില്ല ) സാൽമിയയിൽ സ്പോട്ട്‌ ചെയ്തു.. പിന്നെയും രണ്ടു മൂന്നു ദിവസത്തെ പരിശ്രമത്തിനു ശേഷം കുറുപ്പിന്റെ ഭാര്യ സബാഹ്‌ ആശുപത്രിയിൽ നഴ്സ്‌ ആയിരുന്നുവെന്നതിനും സ്ഥിരീകരണം ലഭിച്ചു.

ഞാൻ അന്ന് ഏഷ്യ നെറ്റ്‌ ന്യൂസിന്റെ കുവൈത്ത്‌ പ്രതിനിധി ആയിരുന്നു. ഇത്രയും വിവരങ്ങൾ ഞാൻ മിഡിൽ ഈസ്റ്റ്‌ ബ്യൂറോ ചീഫ്‌ ആയ Arun Raghavan നെ അറിയിച്ചു. എന്നാൽ എന്റെ കയ്യിലുള്ള വിവരങ്ങൾ ആധികാരികമായി വാർത്ത നൽകാൻ പര്യാപ്തമായിരുന്നില്ല. ഇതിനാൽ വീണ്ടും കുറച്ചു കൂടെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങിനെയിരിക്കെയാണു ഒരിക്കൽ കുവൈത്തിലെ ഇന്ത്യൻ സർക്കാറി ന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ അന്വേഷണ ഉദ്യോഗസ്ഥനുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ വിഷയം വീണ്ടും കടന്നു വന്നത്‌. ആ ഉദ്യോഗസ്ഥൻ ഒന്ന് മനസ്സ് വെച്ചാൽ ഇത് സംബന്ധിച്ച ആധികാരിക വിവരങ്ങൾ ശേഖരിക്കാൻ കഴിയും. മാത്രവുമല്ല പ്രമാദമായ ഒരു കേസിന്റെ അന്വേഷണത്തിൽ ഒരു വഴിത്തിരിവ്‌ ആകുകയും വാർത്ത പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് നല്ല ഒരു മൈലേജും ലഭിക്കും .

ഒരാഴ്ച കഴിഞ്ഞു അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥന്റെ ഫോൺ വന്നു. കുറുപ്പിന്റെ മകനെ ഓഫീസിൽ വിളിപ്പിച്ചു ചോദ്യം ചെയ്തു. ഞാൻ അറിയിച്ച വിവരങ്ങൾ കൃത്യമാണെന്ന് ചോദ്യം ചെയ്യലിൽ അയാൾ സമ്മതിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ അച്ഛനുമായി അയാളോ മറ്റു കുടുംബാംഗങ്ങളോ ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല എന്ന മറുപടിയാണു അയാൾ നൽകിയത്‌ എന്നാണു അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥൻ എന്നോട്‌ പറഞ്ഞത്‌.. പിന്നീട്‌ പലപ്പോഴും ഇത്‌ സംബന്ധിച്ച എന്റെ ചോദ്യങ്ങൾക്ക്‌ ഉദ്യോഗസ്ഥൻ ഒഴിഞ്ഞു മാറുക പതിവായി.. ഇക്കാര്യം ചോദിക്കുന്നതിൽ എനിക്കും പരിമിതികൾ ഉണ്ടായിരുന്നു.. ഇതിനിടയിൽ ഞാൻ ഏഷ്യാനെറ്റിൽ നിന്ന് മാറുകയും എന്റെ അന്വേഷണം എതാണ്ട്‌ അവസാനിക്കുകയും ചെയ്തു.. കുറുപ്പിന്റെ തിരോധാനം പോലെ തന്നെ എന്റെ മനസ്സിൽ ഇന്നും ഒരു പാട്‌ സംശയങ്ങൾ ഉയർത്തുന്നതാണു ഈ സംഭവം..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close