അധ്യാപികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചു; സ്കൂൾ ഡയറക്ടർക്കെതിരെ കേസെടുത്തു

ബറേലി: സ്കൂൾ അധ്യാപികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. യുവതി പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളിന്റെ ഡയറക്ടറാണ് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
22 കാരിയായ അധ്യാപികയെ രണ്ട് മാസം മുമ്പ് സ്കൂളുമായി ബന്ധപ്പെട്ട ചില ജോലികൾ ചെയ്യാനായി ഡയറക്ടർ കൂടെ വരാൻ ആവശ്യപ്പെട്ടു. എന്നാൽ കുടിക്കാനുള്ള പാനീയത്തിൽ മയക്കമരുന്ന് കലർത്തി ബോധരഹിതയാക്കി ബലാത്സംഗം ചെയ്യുകയും കുറ്റകൃത്യത്തിന്റെ ദൃസ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. അന്നുമുതൽ, പ്രതി വീഡിയോ ക്ലിപ്പ് ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വീട്ടുകാർ ആരോപിച്ചു.
ജൂലൈ 26ന് മകൾ തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചതായി യുവതിയുടെ പിതാവ് പരാതിയിൽ പറയുന്നു. പിതാവ് പ്രതിയെ ബന്ധപ്പെടുകയും വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്നീടയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
പ്രതിക്കെതിരെ ഐപിസി സെക്ഷൻ 366 (തട്ടിക്കൊണ്ടുപോകൽ), 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇരയുടെ മാതാപിതാക്കളുടെ പരാതിയിലും ഐടി നിയമത്തിലെ വകുപ്പുകളും ചേർക്കുമെന്നും എസ്എസ്പി ഷാജഹാൻപൂർ എസ് ആനന്ദ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം, ബലാത്സംഗത്തിനിരയായ അധ്യാപികയെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവരെ കണ്ടുപിടിക്കാൻ നാല് പൊലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് ഖന്ന അധ്യാപികയുടെ വീട് സന്ദർശിച്ച് മകളെ ഉടൻ കണ്ടെത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.പ്രതിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. ഷാജഹാൻപൂരിലെ ഒരു ഹോട്ടലിൽ ചിത്രീകരിച്ച വീഡിയോ ഞങ്ങൾ കണ്ടെടുത്തു, അത് അന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്നും എസ്എസ്പി കൂട്ടിച്ചേർത്തു.