INDIANEWS

സ്കൂൾ തുറക്കണമെന്ന് പറയാൻ തങ്ങൾക്കാവില്ല, തീരുമാനം സംസ്ഥാന സർക്കാറിന്റേത് ; സുപ്രീം കോടതി

ന്യൂഡൽഹി : സ്കൂൾ തുറക്കുന്ന കാര്യത്തിൽ എത്രയും പെട്ടന്ന്​ തീരുമാനമെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക്​ നിർദേശം നൽകണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സ്കൂൾ തുറക്കണമെന്ന് പറയാൻ തങ്ങൾക്കാവില്ലെന്നും അതിനെ സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാർ ആണെന്നും കോടതി വ്യക്തമാക്കി. ജസ്​റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്​, ബി.വി. നാഗരത്​ന എന്നിവരടങ്ങുന്ന ബെഞ്ച്​ നിലപാട്​ വ്യക്തമാക്കിയത്​.

ജനാധിപത്യ രീതിയിൽ സ്​കൂളുകൾ തുറക്കാനുള്ള തീരുമാനം സംസ്​ഥാന സർക്കാരിനു വിടുകയാണ്​. ഭരണഘടന എന്തു പറയുന്നുവെന്ന്​ ജസ്​റ്റിസ്​ ചന്ദ്രചൂഡ്​ അഭിഭാഷകനെ ഉണർത്തി. ഭരണഘടനയുടെ 21എ അനുച്ഛേദ ഭേദഗതി വന്നശേഷം ആറിനും 14നും ഇടയിൽ പ്രായമുള്ള എല്ലാ വിദ്യാർഥികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ടത്​ ഭരണകൂടത്തിന്റെ ബാധ്യതയാണ്​. അത്​ എങ്ങനെയാണെന്ന്​ ഭരണകൂടം തീരുമാനിക്കും. സർക്കാറാണ്​ ആത്യന്തികമായി ഇതിന്​ ഉത്തരം പറയേണ്ടത്​. സ്​കൂളിലേക്ക്​ ക്രമേണ കുട്ടികളെ വിടേണ്ടതുണ്ട്​ എന്ന കാര്യത്തിലും സർക്കാറിന്​ ധാരണയുണ്ട്​. ഉണ്ടാകാനിടയുള്ള അപകടം വിസ്​മരിച്ച്​ നിങ്ങൾ കുട്ടികളെ സ്​കൂളിലേക്ക്​ അയക്കണം എന്ന്​ കോടതിവിധിയിലൂടെ സുപ്രീംകോടതിക്ക്​​ അടിച്ചേൽപ്പിക്കാനാവില്ല.

ഭരണഘടനാപരമായ പരിഹാരങ്ങൾ തേടുന്നതിനു പകരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹർജിക്കാരനായ വിദ്യാർഥിയോട്​ പറയാൻ കുട്ടിയുടെ അഭിഭാഷകനോട്​ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹരജിക്കാരനായ വിദ്യാർഥിക്ക്​ തന്റെ ആവലാതി വേണമെങ്കിൽ സംസ്​ഥാന സർക്കാറിനു​ മുന്നിൽ ​ബോധിപ്പിക്കാമെന്ന്​ ബെഞ്ച്​ ചൂണ്ടിക്കാട്ടി. ഹർജി ഇപ്പോൾ എത്തിയിരിക്കുന്നത് തെറ്റായ സ്ഥലത്താണ്. ഇത്തരം വിഷയങ്ങളിലൊന്നും വിദ്യാർഥികൾ ഇടപെടേണ്ട കാര്യമില്ല എന്നും ജസ്​റ്റിസ്​ ചന്ദ്രചൂഡ്​ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close