WOMEN

സ്ത്രീയെ ഉപഭോഗ വസ്തുവായി കാണാതെ ഒരു വ്യക്തിയായി കാണാൻ പഠിപ്പിക്കുക; വിവാഹത്തിനു വേണ്ടിയാണ് പെണ്‍കുട്ടിയെ വളര്‍ത്തുന്നത് എന്ന ചിന്ത മാറ്റണമെന്നും ഷാഹിദ കമാൽ

സ്ത്രീപുരോഗമനത്തിന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളത്തില്‍, ദിനംപ്രതിയെന്നോണം കേള്‍ക്കേണ്ടി വരുന്നകാര്യങ്ങളാണ് സ്ത്രീധന പീഡനവും മരണവുമെല്ലാം. ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുമ്പോഴും ഇനി സ്ത്രീധനത്തിന്റെ പേരില്‍ മരണമുണ്ടാകരുതെന്ന് എന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. പക്ഷേ, അതല്ല സംഭവിക്കുന്നത്. സ്ത്രീധനമെന്ന സമ്പ്രദായത്തെ നാടുകടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കേരളാ വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍.

1961-ല്‍ നിയമം മൂലം നിരോധിച്ചതാണ് സ്ത്രീധനം. സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന, പ്രബുദ്ധകേരളമെന്നും സാംസ്‌കാരികകേരളമെന്നും പറയുന്ന കേരളത്തില്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങളും മരണങ്ങളും കേള്‍ക്കേണ്ടി വരുന്നത് സങ്കടകരമായ കാര്യമാണ്. പല കാര്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. ലോകത്തിന്റെ മുന്നില്‍ പോലും പലകാര്യങ്ങളിലും കേരളത്തിന്റെ മുഖമാണ് ഉയര്‍ത്തിക്കാണിക്കുന്നത്. സ്ത്രീ സാക്ഷരത, സ്ത്രീവിദ്യാഭ്യാസം, സ്ത്രീ പുരോഗതി തുടങ്ങി അധികാരം പങ്കിടുന്നതിലടക്കം കേരളമാണ് മാതൃക. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായ കുടുംബശ്രീ പോലൊരു കൂട്ടായ്മയ്ക്ക് ജന്മം കൊടുത്ത മണ്ണാണ് കേരളം. മറ്റുസസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇങ്ങനെ സമൂഹവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും. ഇങ്ങനെയുള്ള ഒരിടത്ത് സ്ത്രീധനത്തിന്റെ പേരില്‍ ചര്‍ച്ച നടത്തുന്നുവെന്നത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്-ഷാഹിദ പറഞ്ഞു.

സ്ത്രീധനം സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തേണ്ടത് കുടുംബങ്ങളില്‍ നിന്നാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ രാജ്യത്ത് ഒരു നിയമം ഉണ്ട്. അത് അംഗീകരിക്കാനും അനുസരിക്കാനും നടപ്പിലാക്കാനും നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന സ്വയം തോന്നല്‍ വീടുകളില്‍ നിന്നു തന്നെ ആരംഭിക്കണം. പലപ്പോഴും സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ മര്‍ദിക്കുന്നു, പീഡിപ്പിക്കുന്നുവെന്ന് പറയുന്നു. കൊടുത്തിട്ടല്ലേ ഇങ്ങനെയൊരു പ്രശ്‌നമുണ്ടാകുന്നതെന്നാണ് ഞാന്‍ ചോദിക്കുന്നത്. ആദ്യം തന്നെ സ്ത്രീധനം കൊടുക്കില്ല എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനമെടുക്കണം. സ്ത്രീ എന്നു പറയുന്നത് ഒരു വ്യക്തിയാണ്. അവളുടെ അന്തസ്, അഭിമാനം, അവളുടെ വിദ്യാഭ്യാസം, വ്യക്തിത്വം, കഴിവ്, സാമൂഹിക അംഗീകാരം തുടങ്ങിയവയൊക്കെ മാനദണ്ഡമായി കാണാന്‍ കഴിയുന്ന, മനുഷ്യനായി കാണാന്‍ കഴിയുന്ന ഒരു വിശാലമായ മാനസിക ചിന്ത കുടുംബങ്ങളില്‍നിന്ന് ഉണ്ടാകണം. അത് ആദ്യമുണ്ടാകേണ്ടത് രക്ഷകര്‍ത്താക്കള്‍ക്കാണ്. അച്ഛനമ്മമാര്‍ തങ്ങളുടെ മകള്‍ക്ക് സ്ത്രീധനം കൊടുക്കില്ലെന്ന് പറയാനുള്ള ആര്‍ജവം കാണിക്കണം. രക്ഷകര്‍ത്താക്കള്‍ പെണ്‍കുട്ടികളെ ഒരുബാധ്യതയായി കാണുന്ന ഒരു സമൂഹമാണ് ഇന്നും കേരളത്തിലുള്ളത്. 18 വയസ്സുകഴിഞ്ഞാല്‍ എങ്ങിനെയെങ്കിലും പെണ്‍കുട്ടിയെ വിവാഹം ചെയ്തയച്ച് ബാധ്യത ഒഴിവാക്കിയാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം-അവര്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സും ആണ്‍കുട്ടികളുടെ വിവാഹപ്രായം 24 വയസ്സും ആക്കണമെന്ന് അഭിപ്രായമുള്ള ആളാണ് ഞാന്‍. കാരണം, ആ പ്രായത്തില്‍ എത്തുമ്പോള്‍ മാത്രമെ വിവാഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും വ്യക്തമായ ധാരണയും പക്വതയും കൈവരികയുള്ളൂ. കുടുംബജീവിതത്തില്‍ ലൈംഗികത ഒരു ഭാഗം മാത്രമാണെന്ന് അവര്‍ തിരിച്ചറിയണം. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കണമെന്ന് ഇടക്കാലത്ത് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നപ്പോള്‍ നിരവധി ഫോണ്‍കോളുകള്‍ വന്നിരുന്നു. 21 വയസ്സാക്കാന്‍ സാധ്യതയുണ്ടോ എന്ന് ചോദിച്ചായിരുന്നു കോളുകളൊക്കെയും. നല്ല കാര്യമല്ലേ, എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറയല്ലേ, മകള്‍ക്ക് 18 വയസ്സുകഴിയാന്‍ മൂന്നുമാസമേയുള്ളൂവെന്നും എങ്ങിനെയെങ്കിലും 18 വയസ്സ് പൂര്‍ത്തിയായി വിവാഹം കഴിപ്പിച്ച് തലയില്‍നിന്ന് ഭാരം ഒഴിവാക്കാന്‍ വേണ്ടി കാത്തിരിക്കുകയാണെന്ന് മറുപടിയാണ് ലഭിച്ചത്. 21 ആക്കിയാല്‍ ഞങ്ങള്‍ എത്രനാള്‍ ഈ കുട്ടികളെ വീട്ടില്‍നിര്‍ത്തും എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. രക്ഷാകര്‍ത്താക്കളുടെ ഈ മനോഭാവം ആണ് മാറേണ്ടത്. പെണ്‍കുട്ടികള്‍ എന്ന് പറയുന്നത് ബാധ്യതയല്ല, ആണ്‍കുട്ടികളെപ്പോലെ തന്നെ അവര്‍ക്കും ഈ സമൂഹത്തില്‍ ഇടമുണ്ട് എന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. വിവാഹത്തിനുവേണ്ടിയാണ് പെണ്‍കുട്ടിയെ വളര്‍ത്തുന്നത് എന്ന ചിന്ത ആദ്യം മലയാളികള്‍ മാറ്റണം. വിവാഹമല്ല തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് പെണ്‍കുട്ടികള്‍ മനസ്സിലാക്കണം. നല്ല വിദ്യാഭ്യാസം നേടി ജോലി സമ്പാദിക്കുക എന്നാണ് പരമപ്രധാനമായ കാര്യം. 18 വയസ്സുകഴിഞ്ഞാല്‍ ഉടന്‍ വിവാഹം കഴിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. വിവാഹമല്ല ജീവിതത്തിലെ അവസാനത്തെകാര്യമെന്ന് ഓരോ പെണ്‍കുട്ടിയും മനസ്സിലാക്കണം. ഈ ബോധ്യം സമൂഹവും മാതാപിതാക്കളും പെണ്‍കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്.

വിദ്യാഭ്യാസത്തിലൂടെയാണ് കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്താന്‍ കഴിയുകയെന്ന് അവര്‍ പ്രതികരിച്ചു. ജീവിതവിദ്യഭ്യാസം എന്നു പറയുന്നത് ഇന്നുള്ള കുട്ടികള്‍ക്ക് കിട്ടുന്നില്ല. ഇഷ്ടപ്പെട്ടൊരാളെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതില്‍ ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍, ആ പരാജയത്തിനൊപ്പം പോകുകയല്ല വേണ്ടത്. പകരം അതിനെ അതിജീവിക്കാനുള്ള ഉള്‍ക്കരുത്തും ആത്മവിശ്വാസവും നേടണം. മാനസികാരോഗ്യക്കുറവ് ഇതില്‍ വലിയൊരു വിഷയമാണ്. ഒരു പ്രശ്‌നമുണ്ടായാല്‍ ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. നമ്മള്‍ ഇല്ലാതായിട്ടല്ല നമ്മെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെടേണ്ടത്. മറിച്ച് നമ്മള്‍ ജീവിച്ചിരുന്നുകൊണ്ട് തന്നെ അവര്‍ക്ക് ശിക്ഷ മേടിച്ചു കൊടുക്കണം. അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ നീതി നടപ്പാകുന്നത്.-അവര്‍ വ്യക്തമാക്കി.

ഭര്‍ത്തൃവീട്ടില്‍ ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വന്തം വീട് അവള്‍ക്കുവേണ്ടി തുറന്നിട്ട് കൊടുക്കാന്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മനസ്സുകാണിക്കണമെന്ന് ഷാഹിദ പറഞ്ഞു. നാട്ടുകാര്‍ എന്തു വിചാരിക്കും എന്ന ചിന്താഗതിയില്‍നിന്ന് രക്ഷാകര്‍ത്താക്കളും പെണ്‍കുട്ടികളും മാറി നല്‍ക്കണം. അവരുടെ ചോദ്യങ്ങളെല്ലാം അപ്രസക്തമാകുന്ന കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും തിരിച്ച് കയറിവരാന്‍ പറ്റുന്ന ഒരു വീടാണ് താന്‍ ജനിച്ചു വളര്‍ന്ന വീട് എന്ന ചിന്തയും ബോധ്യവും പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കള്‍ പകര്‍ന്നുകൊടുക്കണം. വിവാഹത്തിനൊപ്പം വിവാഹമോചനം എന്നൊരു വാക്കുകൂടി ഉണ്ട്. രണ്ടുകൂട്ടര്‍ക്കും ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യം വരുമ്പോള്‍ അതില്‍നിന്ന് ഇറങ്ങിപ്പോരാന്‍ കഴിയണം. അതിനെ നാണക്കേടായും കുറ്റമായും കാണേതില്ല. വിവാഹമോചനം നടത്തികഴിയുമ്പോള്‍ പെണ്ണിനെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. ആണ്‍കുട്ടികള്‍ എപ്പോഴും സുരക്ഷിതരാണ്. ഈ കാഴ്ചപ്പാടില്‍മാറ്റം വരുത്തണം. ഇതൊക്കെ കുടുംബത്തിലെ രക്ഷാകര്‍ത്താക്കളില്‍നിന്നാണ് മാറേണ്ടത്.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി അവരുടെ മനസ്സില്‍ അതിര്‍വരമ്പുകള്‍ കെട്ടാതെയുള്ള വിദ്യാഭ്യാസം അവര്‍ക്കുകൊടുക്കാന്‍ ശ്രദ്ധിക്കണം. എല്ലാറ്റിനുമുപരിയായി മനുഷ്യരാണെന്നും പരസ്പരം സഹകരിക്കുകയും ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു സമൂഹമാണെന്നുമുള്ള ബോധ്യം കുട്ടികള്‍ക്കു പകര്‍ന്നു നല്‍കുക. സ്ത്രീയെ ഒരു ഉപഭോഗ വസ്തു എന്നതിലപ്പുറം അവളെ ഒരു വ്യക്തിയെന്ന നിലയില്‍ കാണാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണം. അധ്വാനിക്കാതെ കിട്ടുന്ന പണവും സ്വര്‍ണവും വാഹനമുമെല്ലാം കൊണ്ട് ചെറുപ്പക്കാരെ മടിയന്മാരാക്കുകയാണ് ചെയ്യുന്നത്. ജോലിക്ക് പോകാതെ അലസ്സനായിത്തീരുകയാണ് ആണ്‍കുട്ടികള്‍. ഇത് തീര്‍ന്നുകഴിയുമ്പോള്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചു തുടങ്ങും. ജോലി ചെയ്ത് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് ഇന്ന് കേരളത്തിലുള്ളത്. ആ തരത്തിലേക്ക് അവരെ വാര്‍ത്തെടുക്കാന്‍ കഴിയണം. വിവാഹം നടക്കുമ്പോള്‍ ആ പന്തലിന് അല്ലെങ്കില്‍ ചടങ്ങ് നടക്കുന്ന സ്ഥലത്തിന് പുറത്തായി സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്ന് ബോര്‍ഡ് വയ്ക്കണം. ഇതൊരു വിപ്ലവമാണ്. അതിന് നേതൃത്വം നല്‍കാന്‍ രക്ഷാകര്‍ത്താക്കള്‍ സജ്ജരാകണം-ഷാഹിദ പറഞ്ഞു.

സ്ത്രീധനം എന്ന വിഷയം കുടുംബത്തില്‍ നിന്ന് മാറണം. അത് സമൂഹം ഏറ്റെടുക്കണം. പെണ്‍കുട്ടികളെ സ്വന്തം കാലില്‍ നിന്ന് ജീവിക്കാന്‍ പ്രാപ്തയാക്കുക. സ്ത്രീധനം കൊടുത്ത് ഞാന്‍ ഒരാളെ വിവാഹം കഴിക്കില്ലെന്ന് ഓരോ പെണ്‍കുട്ടിയും ഉറക്കെപ്പറയട്ടെ. സ്ത്രീധനം വാങ്ങുമ്പോൾ ആണ്‍കുട്ടികള്‍ക്കും ലജ്ജതോന്നണം. സ്ത്രീധനം കൊടുക്കുമ്പോള്‍ സത്യത്തില്‍ അവരെയാണ് വില കൊടുത്തു വാങ്ങുന്നത്. ഇക്കാര്യം കുട്ടിക്കാലത്തേ ആണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തികളാണ്. അവരിലൂടെയാണ് കുടുംബം മുന്നോട്ട് പോകുന്നത് എന്ന് രക്ഷിതാക്കള്‍ ബോധ്യപ്പെടുത്തികൊടുക്കണം. രക്ഷിതാക്കളാണ് ഇക്കാര്യത്തില്‍ മക്കള്‍ക്കു മാതൃകയാകേണ്ടത്-ഷാഹിദാ കമാൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close