പാർലമെന്റ് ആകർഷകമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത്; പാർലമെന്റായാലും പുറംലോകമായാലും പെണ്ണുങ്ങൾ തരൂരിനൊപ്പം; സൈബർ ലോകത്തെ താരമായി ഇക്കുറി തിരുവനന്തപുരം എംപി മാറിയത് ഇങ്ങനെ

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കാർഷിക ബില്ലുകൾ പിൻവലിച്ചെങ്കിലും സൈബർ ലോകത്ത് ചർച്ചയാകുന്നത് കോൺഗ്രസ് നേതാവും തിരുവനന്തപുരത്തിന്റെ പ്രതിനിധിയുമായ ശശി തരൂർ എംപിയാണ്. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ വനിതാ എംപിമാർക്കൊപ്പമുള്ള ചിത്രമാണ് ശശി തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്. വനിതാ എംപിമാർ വ്യത്യസ്ത പാർട്ടികളിൽപെട്ടവരാണെന്നത് മാത്രമല്ല ചിത്രം ചർച്ചയാകാൻ കാരണം. ചിത്രത്തിന് തരൂർ നൽകിയിരിക്കുന്ന അടിക്കുറിപ്പാണ് ചർച്ചാ വിഷയം.
ആറു വനിതാ അംഗങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ്, രസകരമായ കുറിപ്പോടെ തരൂർ ട്വീറ്റ് ചെയ്തത്. പാർലമെന്റ് ആകർഷകമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത് എന്നാണ് ചിത്രത്തിന് തരൂർ നൽകിയ ക്യാപ്ഷൻ. എൻസിപിയിലെ സുപ്രിയ സുലെ, കോൺഗ്രസിന്റെ പാട്യാല അംഗം പ്രണീത് കൗർ, ഡിഎംകെയിലെ ഡോ. തമിഴച്ചി തങ്കപാണ്ഡ്യൻ, തൃണമൂൽ കോൺഗ്രസ് അംഗങ്ങളും നടിമാരുമായ മിമി ചക്രബർത്തി, നുസ്രത് ജഹാൻ, കോൺഗ്രസ് അംഗം ജ്യോതിമണി എന്നിവരുമൊത്തുള്ള ചിത്രമാണ് തരൂർ പോസ്റ്റ് ചെയ്തത്.
തരൂർ കൗതുകത്തോടെ പങ്കുവച്ച ചിത്രത്തെ അനുകൂലിച്ചും എതിർത്തും ഒട്ടേറെപ്പേർ രംഗത്തെത്തി. നെഹ്രുവിന്റെ ആത്മാവ് ഒപ്പമുണ്ട് എന്നാണ് കമന്റുകളിൽ ഒന്ന്. പാർലമെന്റിലെ സ്ത്രീകൾ ആരുടെയും തൊഴിലിടം ആകർഷമാക്കാനുള്ളവരല്ലെന്ന വിമർശനവും പോസ്റ്റിനു താഴെ ഉയർന്നു.