KERALANEWSTrending

‘ഉമ്മൻചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും കൊതിക്കെറുവ്’; പ്രശ്നങ്ങള്‍ പക്വമായി പരിഹരിക്കുന്നതിനു പകരം സ്വയം ചെറുതാകും വിധമുളള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകുന്നതെന്ന് ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും കൊതിക്കെറുവെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പ്രശ്നങ്ങള്‍ പക്വമായി പരിഹരിക്കുന്നതിനു പകരം സ്വയം ചെറുതാകും വിധമുളള പ്രവര്‍ത്തനങ്ങളാണ് ഇരുനേതാക്കളില്‍ നിന്നും ഉണ്ടാകുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇരുവരും യുഡിഎഫ് യോഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

യുഡിഎഫില്‍ എക്കാലത്തും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ഷിബു ഇതാദ്യമായാണ് അദ്ദേഹത്തെ കടുത്ത ഭാഷയില്‍ തളളിപ്പറയുന്നത്. വി ഡി സതീശന്‍റെയും കെ സുധാകരന്‍റെയും നേതൃത്വത്തിന് പൂര്‍ണ്ണ പിന്തുണ പ്രകടിപ്പിക്കുകയാണ് ആര്‍എസ്പി നേതാവ്. സംഘടനാപരമായും പ്രതിപക്ഷം എന്ന നിലയില്‍ നിയമസഭയിലും മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിനിടെ ഉമ്മന്‍ ചാണ്ടിയും രമേശും അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്ന പൊതുവികാരം മറ്റ് ഘടകക്ഷി നേതാക്കളിലും ഉണ്ടെന്നാണ് സൂചന. ഷിബുവിന്‍റെ തുറന്ന് പറച്ചിലിന് പിന്നാലെ കൂടുതല്‍ ഘടകക്ഷി നേതാക്കള്‍ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ പക്ഷം പിടിച്ച് രംഗത്തെത്താനും സാധ്യത ഏറെയാണ്.

അതേ സമയം കോൺഗ്രസിലെ കലഹത്തിൽ മുതിർന്ന നേതാക്കൾക്കെതിരായ തുറന്ന പോരിൽനിന്ന് തന്ത്രപൂർവം പിന്മാറി നേതൃത്വം. യുഡിഎഫ് യോഗം ബഹിഷ്കരിച്ച ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാൻഡിന് നേരിട്ട് പരാതി നൽകുന്നിൽ നിന്നാണ് പിന്മാറ്റം.

ഗ്രൂപ്പുകളുടെ സമ്മർദം അതിജീവിക്കാൻ പുതിയ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് ഹൈക്കമാൻഡ് വിലയിരുത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് തൽക്കാലം തുറന്നപോരു വേണ്ടെന്ന് നേതൃത്വം തീരുമാനിച്ചത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉയർത്തുന്ന ഭീഷണികളെ വകവയ്ക്കാതെ തന്ത്രപരമായി മുന്നോട്ടു നീങ്ങാനാണ് കെ.സുധാകരൻ – വി.ഡി.സതീശൻ അച്ചുതണ്ടിന്റെ നീക്കം.

മുതിർന്ന നേതാക്കൾക്കെതിരെ ഹൈക്കമാൻഡിന് നേരിട്ട് പരാതി നൽകില്ലെങ്കിലും സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറെ അപ്പപ്പോൾ അറിയിക്കുകയും ചെയ്യും. എന്നാൽ, താരിഖ് അൻവറെ അംഗീകരിക്കാൻ തയാറാകാത്ത ഗ്രൂപ്പുകൾ, ഹൈക്കമാൻഡിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണ്.

അതേസമയം, തിങ്കളാഴ്ചത്തെ യുഡിഎഫ് യോഗത്തിൽനിന്ന് വിട്ടുനിന്ന ഉമ്മൻചാണ്ടിയുടെയും ചെന്നിത്തയുടെയും നടപടിയിൽ ഘടകകക്ഷികളിലെ ചില നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. പാർട്ടിക്കുള്ളിലെ തർക്കം ഇരുവരും മുന്നണിയിലേക്ക് വലിച്ചിഴച്ചത് ശരിയായ നടപടിയല്ലെന്ന നിലപാടാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്. സതീശനും സുധാകരനും ഷിബു ഉൾപ്പെടെ ചിലർ പിന്തുണ നൽകിയതാണ് വിവരം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close