Breaking NewsKERALANEWSTop News

ഇടതു പാളയത്തിലേക്ക് തന്നെ എന്ന സൂചനയുമായി ഷിബു ബേബിജോൺ; പാർട്ടിയുടെ നിലപാടിന് കോൺ​ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുമായി ബന്ധമില്ലെന്നും ആർഎസ്പി നേതാവ്; കോണ്‍ഗ്രസ് മുങ്ങുകയല്ല, നേതാക്കൾ തന്നെ മുക്കുകയാണ് എന്നും പരിഹാസം

കൊല്ലം: കോൺ​ഗ്രസിനെ കടന്നാക്രമിച്ച് ആർ എസ് പി നേതാവ് ഷിബു ബേബിജോൺ. യുഡിഎഫ് യോ​ഗത്തിൽ നിന്നും വിട്ടു നിൽക്കാനുള്ള പാർട്ടിയുടെ തീരുമാനത്തിന് ഇപ്പോഴത്തെ കോൺ​ഗ്രസിനുള്ളിലെ പ്രശ്നങ്ങളുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺ​ഗ്രസ് പാളയം പൂർണമായും വിടുന്നു എന്ന സൂചന നൽകിയാണ് ഷിബു ബേബിജോൺ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നിലപാടില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആര്‍എസ്പി യുഡിഎഫിനോട് ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയൊണ് ഷിബു ബേബി ജോണ്‍ നിലപാട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ്് യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. പുനഃസംഘടയ്ക്ക് ശേഷവും കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് വിധിയെഴുതുന്നില്ല, ഒരു കാര്യം മനസിലാക്കേണ്ടത് കോണ്‍ഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ്. അതില്‍ നിന്ന് നേതാക്കള്‍ പിന്തിരിയണം. മുക്കും എന്ന് നിലപാട് സ്വീകരിക്കരുത്. അത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും, ഒരു മുങ്ങുന്ന കപ്പലില്‍ അറിയാതെ എങ്കിലും നില്‍ക്കാം. മുക്കുന്നു എന്ന ബോധ്യപ്പെട്ടാല്‍ ആരെങ്കിലും നില്‍ക്കാന്‍ തയ്യാറാവുമോ. എന്നും ഷിബു ബേബി ജോണ്‍ ചോദിക്കുന്നു.

അസീസും ഷിബു ബേബിജോണിനൊപ്പം ചേർന്നതോടെ ഒറ്റപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ

രാജ്യത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടതിന്റെ ആശ്യകത തിരിച്ചറിഞ്ഞാണ് അവര്‍ക്കൊപ്പം നില്‍ക്കുന്നത്. അവരുടെ നേതാക്കള്‍ക്ക് ഇതൊന്നും ബോധ്യമാവുന്നില്ല. ഇന്ത്യയുടെ മറ്റിടങ്ങളില്‍ ആ പാര്‍ട്ടി സംവിധാനം എങ്ങനെയാണ് ഇല്ലാതായത് എന്ന് പഠിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയിട്ടും പഠിക്കാന്‍ തയ്യാറാവുന്നില്ല. താന്‍ പറയുന്നത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ, യുഡിഎഫിന് വോട്ട് ചെയ്യുന്നവരുടെ വികാരമാണ്. ഗ്രൂപ്പ് ചില നേതാക്കള്‍ക്ക് മാത്രമാണ്. മുക്കിയെ അടങ്ങൂ എന്ന് തീരുമാനിച്ചാല്‍ സ്വന്തം സുരക്ഷിതത്വം ആര്‍എസ്പിക്കും നോക്കേണ്ടിവരുമെന്നും ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയും മുന്നണിയില്‍ നേരിടുന്ന അവഗണനയും ആര്‍എസ്പിയെ അതൃപ്തി പരസ്യമാക്കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു ഇന്നലെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ശക്തി കേന്ദ്രമായ ചവറയിലെ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി നേരത്തെ യുഡിഎഫിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ 40 ദിവസമായിട്ടും ഒരു നടപടിയും ഉണ്ടാകാത്തതാണ് ആര്‍എസ്പിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ ആര്‍എസ്പിയുടെ നിലപാടും കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രതിസന്ധിയും കൂട്ടിവായ്‌ക്കേണ്ടിതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ന​ഗ്ന ഫോട്ടോകൾ വിറ്റ് കാശുണ്ടാക്കുന്നത് ജീസസ് പറഞ്ഞിട്ട്

യുഡിഎഫ് യോ​ഗങ്ങളിൽ ഇനി പങ്കെടുക്കേണ്ടതില്ലെന്ന് ആർ എസ് പി തീരുമാനിച്ചതോടെ പാർട്ടി ഇടത് പാളയത്തിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചതായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാൻ മുന്നണി മാറ്റം മാത്രമേ വഴിയുള്ളൂ എന്ന തിരിച്ചറിവ് വന്നതോടെയാണ് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസും പ്രേമചന്ദ്രനെ കൈവിട്ട് ഷിബു ബേബിജോണിന്റെ നിലപാടിനൊപ്പം ചേർന്നത്. അതേസമയം, ഇടത് മുന്നണിയിലേക്ക് തിരിച്ചെത്തുന്നതിന് കൊല്ലം എംപി കൂടിയായ എൻ കെ പ്രേമചന്ദ്രന് വലിയ താത്പര്യമില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കാതെ മുന്നണിയോ​​ഗം വേണ്ടെന്ന നിലപാടിലാണ് ആർഎസ്പി. തോൽവിയുടെ വിഷയങ്ങൾ ചർച്ച ചെയ്യാതെ യുഡിഎഫ് യോഗത്തിലേക്ക് ഇല്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് വ്യക്തമാക്കി. യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കേണ്ട എന്ന നിലപാട് ആർ.എസ്.പിയിൽ ഉയർന്നതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ശനിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ തീരുമാനമുണ്ടാകും. അതേസമയം, തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ഒരിക്കലും യുഡിഎഫിൽ ചർച്ച നടക്കില്ലെന്ന് ഏവർക്കും അറിയാമെന്നും കോൺ​ഗ്രസ് കൂടാരം വിടാനുള്ള ന്യായം മാത്രമാണ് ഇതെന്നും ആർ എസ് പി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

യു.ഡി.എഫിൽ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് ഇതുവരെ പരിഹാരമുണ്ടായില്ല. യുഡിഎഫിന് ഭരണം കിട്ടാതിരുന്നത് കയ്യിലിരുപ്പ് മൂലമെന്നും ഇന്നത്തെ നിലയിൽ പോകാനാകില്ലെന്ന് കാട്ടി കത്ത് നൽകിയെന്നും അസീസ് പറഞ്ഞു. യു.ഡി.എഫ് വിടുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്നും എ.എ അസീസ് പറഞ്ഞു.

ഒരു പ്രസ്താവന ഇറക്കി പോലും സാന്നിധ്യം അറിയിക്കാനാകാതെ പി ജെ ജോസഫ്

തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി കോൺഗ്രസിന് കത്തു നൽകിയിരുന്നു. എന്നാൽ കത്തു നൽകി 40 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും ഇല്ലെന്ന് ആർഎസ്പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.ഈ സാഹചര്യത്തിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ആർഎസ്പി നേതൃയോഗത്തിൽ തീരുമാനിച്ചത്. അതേസമയം നിലവിലെ സാഹചര്യത്തിൽ ആർഎസ്പി യുഡിഎഫ് മുന്നണി വിടണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യമടക്കം നേതൃയോഗത്തിൽ ചർച്ചയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മുന്നണി വിടുന്നത് സംബന്ധിച്ച ചർച്ചകൾ പാർട്ടിക്കുള്ളിലും അസ്വാരസ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. എൻ കെ പ്രേമചന്ദ്രനെതിരെ ശക്തമായ നിലപാടുകൾ പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഒരു വിഭാ​ഗം ഷിബുബേബി ജോണിനെയും പിന്തുണയ്ക്കുന്നു. ഏതായാലും എരി തീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന സ്ഥിതിയിലാണ് കോൺ​ഗ്രസും യുഡിഎഫും ഇപ്പോൾ.

ആർഎസ്പി മുന്നണി വിടണമെന്ന നിലപാടാണ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഷിബു ബേബിജോൺ സ്വീകരിക്കുന്നത്. എന്നാൽ, കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതോടെയാണ് ആർഎസ്പിയിൽ തർക്കം ഉടലെടുത്തത്. ഇതിനിടെ, സംഘടനാ പ്രവർത്തനത്തിൽ നിന്നും അവധിയെടുത്ത ഷിബു ബേബിജോൺ വീണ്ടും കോൺ​ഗ്രസിനെ വിമർശിക്കാൻ രം​ഗത്തെത്തിയത് ഇടതു മുന്നണി അനുകൂലികളായ ആർഎസ്പി പ്രവർത്തകർക്ക് വലിയ ആവേശമായിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽനിന്ന് കോൺഗ്രസ് പാഠം പഠിച്ചിട്ടില്ലെന്നായിരുന്നു ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പറഞ്ഞത്. തമ്മിൽ തല്ലുന്നവരെ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല. തമ്മിലടിച്ചവരെ കോൺഗ്രസ് വീണ്ടും പൊക്കിക്കൊണ്ടു വരികയാണ്. പിണറായി വിജയൻ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാർട്ടിയാണ് സിപിഎം എന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടിയിരുന്നു.

‘പാർട്ടിയ്ക്കുള്ളിലെ തമ്മിലടിയെ ഇന്നത്തെ തലമുറ ഏറ്റവും അവജ്ഞയോടെ കാണുന്നത്. പുതിയ തലമുറയ്ക്ക് തമ്മിൽ തല്ലുന്നവരെ ഇഷ്ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണം. തമ്മിൽ തല്ലുന്നവരെ വീണ്ടും പൊക്കിക്കൊണ്ടുവരിയാണ് കോൺഗ്രസ് ചെയ്യുന്നത്. ആ തമ്മിൽ തല്ലുന്നവരെ തന്നെ വീണ്ടും മുന്നിൽ നിർത്തുന്നത് ജനവിധി ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓർമ്മപ്പെടുത്തലാണ്. എഴുപത്തഞ്ചും എൺപതും വയസ്സുള്ളവരെയാണ് കോൺഗ്രസ് ഗ്രൂപ്പുകൾ റിസർച്ച് നടത്തി പാർട്ടിയെ നയിക്കാൻ കൊണ്ടുവരുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്നത് ഇതല്ല. ഇത്തരം കാര്യങ്ങൾ കോൺഗ്രസിനെ ഓർമ്മിപ്പിക്കാൻ തന്നെപ്പോലുള്ളവർ നിർബന്ധിതരാക്കുകയാണ്- ഷിബു ബേബി ജോൺ പറഞ്ഞു.

. പാർട്ടി യുഡിഎഫ് വിട്ട് ഇടതു മുന്നണിക്കൊപ്പം ചേരണമെന്നാണ് ആർഎസ്പിയിലെ വലിയൊരു വിഭാ​ഗം നേതാക്കളും പ്രവർത്തകരും ആവശ്യപ്പെടുന്നത്. എന്നാൽ, അതിന് എൻ കെ പ്രേമചന്ദ്രനും സംഘത്തിനും താത്പര്യമില്ലാത്തതാണ് ആർഎസ്പിക്കുള്ളിൽ വിഭാ​ഗീയത രൂക്ഷമാക്കിയത്. ഇതിനിടെ, ആർഎസ്പി പ്ലീനം പൊളിച്ച പ്രേമചന്ദ്രനും അസീസും മേഖലാ യോ​ഗങ്ങളും പൊളിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളും ജില്ലാ കമ്മിറ്റി അം​ഗങ്ങളും മണ്ഡലം ഭാരവാ​ഹികളും പങ്കെടുക്കുന്ന സമ്പൂർണ യോ​ഗം ആ​ഗസ്റ്റ് ഒമ്പതിന് കൊല്ലത്ത് വെച്ച് ചേരാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ പ്ലീനം നടത്തുന്നത് വേണ്ടെന്ന് വെച്ച് മൂന്ന് മേഖലകളിലായി പ്രവർത്തക യോ​ഗം ചേരാനായിരുന്നു തീരുമാനം. എന്നാൽ, അതും നടത്താൻ ആർഎസ്പി നേതൃത്വം തയ്യാറായില്ല. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതും തുടരുകയാണ്.

ഷിബു ബേബിജോൺ ആർഎസ്പി സംസ്ഥാന സെക്രട്ടറിയാകുമെന്നുമുള്ള ഭയമാണ് എ എ അസീസിനെയും എൻ കെ പ്രേമചന്ദ്രനെയും പാർട്ടി ജനറൽബോഡികൾ ചേരുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് എന്നായിരുന്നു പ്രവർത്തകരിൽ ഒരു വിഭാ​ഗം ആരോപിച്ചിരുന്നത്. ഇതിൽ പാർട്ടി അണികൾക്കും വലിയ അസംതൃപ്തിയുണ്ട്. ഷിബു ബേബിജോൺ പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്നും യുഡിഎഫ് വിടണമെന്നുമാണ് പ്രവർത്തകർക്കിടയിലെ പൊതു വികാരം.

പാർട്ടി പ്ലീനം വിളിക്കണം എന്ന നിർദ്ദേശം ഷിബു ബേബിജോൺ മുന്നോട്ട് വെച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഭൂരിപക്ഷവും പ്രേമചന്ദ്രനൊപ്പമാണ്. എന്നാൽ, മണ്ഡലം സെക്രട്ടറിമാരും ജില്ലാ കമ്മിറ്റികളിലും ഭൂരിപക്ഷവും ഷിബുവിനെ പിന്തുണയ്ക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പാർട്ടി സമ്മേളനങ്ങൾ നീളും എന്നത് കൊണ്ടു തന്നെ പുനസംഘടനയും ഈ യോ​ഗത്തിൽ ഉണ്ടാകുമെന്നായിരുന്നു ഷിബു ബേബിജോണിന്റെ കണക്കുകൂട്ടൽ. ഇതോടെ പാർട്ടി സംസ്ഥാന സെക്രട്ടറിയാകാനും പിന്നീട് ഉചിതമായ സമയത്ത് ഇടത് ചേരിയിലേക്ക് മാറാനുമാണ് ഷിബു ബേബിജോൺ പദ്ധതിയിട്ടിരുന്നത്.

ഒരിക്കൽ കൊല്ലം ജില്ല ആർഎസ്പിയുടെ ചുവപ്പ് കോട്ടയായിരുന്നു.കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാമത്തെ കക്ഷിയും. എന്നാൽ ഇന്ന് ആർഎസ്പി എന്ന പ്രസ്ഥാനം അതിന്റെ സ്വാഭാവിക മരണത്തിലേക്കുള്ള യാത്രയിലാണ്. തുടർച്ചയായ രണ്ട് നിയമസഭകളിൽ ആർഎസ്പിക്ക് പ്രാതിനിധ്യമില്ലാത്ത അവസ്ഥയാണ്. ഇതോടെ, ഇടതുപക്ഷം വിടാനുള്ള നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നോ എന്ന ചർച്ചകളും പാർട്ടി അണികളിൽ സജീവമാകുകയാണ്.

തുടർച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംപൂജ്യരാകാനായിരുന്നു ആർസ്പിയുടെ വിധി. ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, മട്ടന്നൂർ മണ്ഡലങ്ങളിലാണ്‌ ആർഎസ്‌പി മത്സരിച്ചത്‌. കൊല്ലം ലോക്‌സഭാ സീറ്റിന്‌ അവകാശവാദം ഉന്നയിച്ച്‌ 2014ൽ ആണ്‌ ആർഎസ്‌പി എൽഡിഎഫ്‌ വിട്ടത്‌. തുടർന്ന്‌ കൊല്ലത്ത്‌ ഒറ്റയ്‌ക്കു മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്ന്‌ യുഡിഎഫ്‌ പക്ഷത്തായിരുന്ന ഷിബു ബേബിജോൺ ആർഎസ്‌പിയെ യുഡിഎഫിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു‌. ഇതിനിടെ കോവൂർ കുഞ്ഞുമോൻ രാജിവച്ച്‌ ആർഎസ്‌പി (എൽ) രൂപീകരിച്ച്‌ എൽഡിഎഫിനൊപ്പം നിന്നു. പിന്നീട്‌ ആർഎസ്‌പിയും ആർഎസ്‌പി ബിയും ലയിച്ചതോടെ പാർടി ഷിബു ബേബിജോണിന്റെയും എൻ കെ പ്രേമചന്ദ്രന്റെയും കൈപ്പിടിയിലായി. എ എ അസീസിനെ മത്സരരംഗത്തുനിന്ന്‌ മാറ്റിനിർത്തുന്നതിൽ വരെ കാര്യങ്ങളെത്തി.

ഇരവിപുരം സീറ്റ് സംസ്ഥാന സെക്രട്ടറി കൂടിയായ എ എ അസീസിൻറെ സീറ്റാണ്. എന്നാൽ ഇത്തവണ അസീസിനെ ഒഴിവാക്കി ബാബുദിവാകരനെ മത്സരിപ്പിച്ചു. ദയനീയ പരാജയമായിരുന്നു ഇക്കുറിയും ഇരവിപുരത്ത് ആർഎസ്പി സ്ഥാനാർത്ഥി ഏറ്റുവാങ്ങിയത്. ആർഎസ്‌പിക്കു നൽകിയ ആറ്റിങ്ങലും കയ്‌പമംഗലവും വിജയസാധ്യതയില്ലാത്ത സീറ്റുകളാണെന്നും മാറ്റിനൽകണമെന്നുമുള്ള ആവശ്യത്തെ തുടർന്ന്‌ പകരം നൽകിയത്‌ മട്ടന്നൂരായിരുന്നു. ഷിബു ബേബിജോൺ ചവറയിൽ തുടർച്ചയായി രണ്ടാംവട്ടവും തോറ്റത്‌ കനത്ത തിരിച്ചടിയായി.പാർട്ടി മത്സരിച്ചമണ്ഡലങ്ങളിൽ കോൺഗ്രസിൽ നിന്ന്കാര്യമായ പിന്തുണ ഉണ്ടായില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

പാളയത്തിൽ പട കാരണം ആണ് ആർ എസ് പിക്ക് എൽഡിഎഫിൽ കൊല്ലം സീറ്റ് നഷ്ടമായത്. തുടർന്ന് രാജ്യസഭയിലേക്ക് ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രനെ ഇടതുമുന്നണി അയച്ചു. തുടർന്ന് വി എസ് അച്യുതാനന്ദൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന പ്രേമചന്ദ്രന് വീണ്ടും എംഎൽഎ ആകാൻ കഴിഞ്ഞില്ല. അധികാര പദവികളിൽ ഇല്ലാതെ അഞ്ചു കൊല്ലം നിൽക്കേണ്ടി വരുന്നതിന്റെ അസാസ്ഥ്യം താങ്ങാനാകാതെയാണ് എംപി സ്ഥാനത്തിനുവേണ്ടി യുഡിഎഫിലേക്ക് ചാടിയതെന്ന് ഇപ്പോൾ ആർഎസ്പി കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ. കേരളത്തിൽ ആർ എസ് പി യുടെ പ്രവർത്തനം ഇങ്ങനെയാണു പോകുന്നതെങ്കിൽ പാർട്ടിയിൽ നിൽക്കുവാൻ തങ്ങളില്ലെന്ന നിലപാടിലാണ് കൊല്ലം അടക്കമുള്ള ജില്ലയിലെ നേതാക്കളും അണികളും, എൽഡിഎഫിനൊപ്പം നിൽക്കുമ്പോൾ പാർട്ടി പ്രവർത്തകർക്ക് വിലയ അംഗീകാരമാണ് കിട്ടിയിരുന്നത്. എന്നാൽ ഇന്നും തികച്ചും വ്യത്യസ്തമാണ്. കേവലം ഒരു വ്യക്തിക്ക് മാത്രംഎംപി സ്ഥാനം മതിയോയെന്ന ചോദ്യം അണികൾ ചോദിച്ചു തുടങ്ങി.

പാർട്ടി സംഘടന നാൾക്കുനാൾ ദുർബലമാകുന്നു എന്നതാണ് താഴേ തട്ടിലുള്ള നേതാക്കളെയും അണികളെയും അസ്വസ്ഥരാക്കുന്നത്. സംസ്ഥാന നേതൃത്വത്തിൽ ഷിബു ബേബിജോൺ അല്ലാതെ പ്രവർത്തകരുടെ മനസ്സറിഞ്ഞ് ഒപ്പം നിൽക്കുന്ന മറ്റൊരു നേതാവില്ല. കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് ജയിച്ച പ്രേമചന്ദ്രന് സ്വന്തം പ്രതിച്ഛായ മാത്രമാണ് വലുത്. മറ്റ് നേതാക്കളുടെ കാര്യവും വിഭിന്നമല്ല. ഇങ്ങനെ എത്രനാൾ തുടരാനാകും എന്നതാണ് ആർഎസ്പി അണികൾ നേതൃത്വത്തോട് ഉയർത്തുന്ന ചോദ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close