INDIANEWSTop News

കർഷക പ്രതിഷേധ വേദിയിൽ യുവാവിനെ കെട്ടിത്തൂക്കി കൊന്ന കേസ്; ഒരാൾ അറസ്റ്റിൽ; പ്രതി കീഴടങ്ങുകയാണെന്ന് റിപ്പോർട്ട്

ഡൽഹി: സിംഗു അതിർത്തിയിലെ കർഷക പ്രതിഷേധ വേദിയിൽ കൈത്തണ്ട മുറിച്ച് യുവാവിനെ കെട്ടിത്തൂക്കി കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. നിഹാങ്ക് സരബ്ജീത് സിംഗ് ആണ് അറസ്റ്റിലായത്. കൊലപാതകം നടത്തിയത് താനാണെന്ന് അറിയിച്ച് സരബ്ജീത് സിംഗ് പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ പുലർച്ചെയാണ് കർഷക സമരപന്തലിൽ സമീപത്തെ പോലീസ് ബാരിക്കേഡിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് രക്തം താളം കെട്ടിയ നിലയിലായിരുന്നു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള നിഹാങ്കുകളുടെ വീഡിയോകൾ ഇന്നലെ പുറത്തുവന്നിരുന്നു. അതേസമയം കൊലപാതകത്തിൽ മറ്റ് നിരവധി പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. മരിച്ച യുവാവിന്‍റെ ശരീരത്ത് മര്‍ദ്ദനമേറ്റ നിരവധി മുറിവുകളുണ്ട്. ആൾകൂട്ട അക്രമമാണ് നടന്നിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അപഹേളിച്ചുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ആളുകള്‍ യുവാവിനെ കൊലപ്പടുത്തിയത് എന്നായിരുന്നു പ്രാഥമിക നിഗമനം. കൈത്തണ്ട വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് കര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പോലീസ് സ്ഥലത്തെത്തി കര്‍ഷകര്‍ തടയുകയും ചെയ്തു. പിന്നീട് പോലീസ് മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിഹാങ്കുകൾ ഈ യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ പാസ് ചോദിച്ചതിന് നിഹാങ്കുകൾ പഞ്ചാബ് പോലീസിലെ നാല് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ഇതിലുണ്ടായിരുന്ന എഎസ്ഐ ഹർജീത് സിങിന്റെ കൈ വെട്ടിമാറ്റി. ഇദ്ദേഹത്തിന് പിന്നീട് ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേർക്കുകയും പഞ്ചാബ് പോലീസ് പ്രമോഷൻ നൽകുകയും ചെയ്തിരുന്നു. ഒരു വർഷത്തിലേറെയായി സിംഗുവിൽ കർഷകർ സമരം ചെയ്യുകയാണ്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെയാണ് സമരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close