
പഞ്ചാബ്: പഞ്ചാബിൽ തെരഞ്ഞെടുപ്പ് ചൂട് ശക്തമാകുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിനെതിരെ കടുത്ത ആരോപണവുമായി സഹോദരി. പണത്തിനോടുള്ള ആർത്തിക്കുമേൽ അമ്മയെ വൃദ്ധസദനത്തിൽ തള്ളിയവനാണ് സിദ്ദുവെന്ന് സഹോദരി സുമൻ തൂർ. ക്രൂരസ്വഭാവക്കാരനാണ് സിദ്ദുവെന്നും ഇവർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു ഈ സമയത്താണ് ചണ്ഡീഗഢിൽ വാർത്താസമ്മേളനം വിളിച്ച് 70കാരിയായ സഹോദരിയുടെ ആരോപണം. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ആരോപണം സിദ്ദുവിനെ പ്രതികൂലമായി ബാധിക്കാനുമിടയുണ്ട്. 1986ൽ അച്ഛൻ മരിച്ചതിനു പിന്നാലെയാണ് അമ്മയെയും തന്നെയും സിദ്ദു പെരുവഴിയിലാക്കിയതെന്ന് സുമൻ ആരോപിച്ചു. പിന്നീട് മൂന്നു വർഷം കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ കിടന്നാണ് അമ്മ മരിച്ചതെന്നും അവർ ആരോപിച്ചു.
”ഒരുപാട് പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോയിട്ടുള്ളത്. നാലു മാസത്തോളം ആശുപത്രിയിലായിരുന്നു അമ്മ. പെൻഷനു പുറമെ വീട് നിന്നിരുന്ന സ്ഥലത്തെ സ്വത്തുക്കളടക്കം ഉപേക്ഷിച്ചാണ് അച്ഛൻ മരിച്ചത്. ഈ സമയത്താണ് അമ്മയെ സിദ്ദു വൃദ്ധസദനത്തിൽ ഉപേക്ഷിച്ചത്. ഞാൻ പറയുന്നതിനെല്ലാം കൃത്യമായ തെളിവുകളുണ്ട് എന്റെ പക്കൽ..” സുമൻ കൂട്ടിച്ചേർത്തു.
1987ൽ ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് കള്ളം പറഞ്ഞ ക്രൂരനാണ് സിദ്ദുവെന്നും സുമൻ കുറ്റപ്പെടുത്തി. അച്ഛനെയും അമ്മയെയും കുറിച്ച് സിദ്ദു അവകാശപ്പെടുന്നതെല്ലാം തെറ്റാണെന്നും അവർ ആരോപിച്ചു. ദിവസങ്ങൾക്കുമുൻപ് നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും സിദ്ദു വഴങ്ങിയില്ലെന്നും സുമൻ തൂർ വെളിപ്പെടുത്തി.