Breaking NewsINSIGHTKERALANEWS

വിഷപാമ്പുകൾ നിത്യസന്ദർശകരാകുന്ന സർക്കാർ സ്കൂളുകൾ

വിനയ് മൈനാ​ഗപ്പള്ളി

കേരളത്തിലെ സർക്കാർ സ്കൂൾ വളപ്പുകൾ വിഷപാമ്പുകളുടെ വിഹാര കേന്ദ്രമായി മാറിയിട്ട് നാളുകൾ ഏറെയായി. ജനപ്രതിനിധികളുടെ ഫണ്ടുകൾ ഉപയോ​ഗിച്ച് പണിയുന്ന കെട്ടിടങ്ങളും ചുറ്റുമതിലുകളുമെല്ലാം കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനല്ലെന്ന് ആവർത്തിച്ച് വ്യക്തമാകുന്നതാണ് ഇന്ന് വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലെ വിദ്യാർഥിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്.

സ്കൂൾ ബസിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലെ ആദേശ് എന്ന കുട്ടിയെ അണലി കടിച്ചത്. ഇത് കേരളത്തിലെ ആദ്യത്തെ സംഭവമല്ല. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ ക്ലാസ് മുറികളിലും പരിസരത്തും വിഷ പാമ്പുകളെ കാണുന്നത് നിത്യ സംഭവമാണ്.

2019 നവംബർ 20 നാണ് വയനാട് സുൽത്താൻ ബത്തേരിയിലെ സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനിയായ ഷെഹ്‍ല ഷെറിൻ (8) പാമ്പ് കടിയേറ്റ് മരിച്ചത്. ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാൽ ഭിത്തിയോട് ചേർന്നുള്ള പൊത്തിൽപ്പെട്ടതിനെ തുടർന്നാണ് പാമ്പ് കടിച്ചത്. സംഭവം സഹപാഠികൾ അറിയിച്ചെങ്കിലും, അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ അനാസ്ഥയാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചത്. ആശുപത്രിയിൽ കുട്ടിയെ സമയത്ത് എത്തിച്ചെങ്കിലും ആന്റിവെനം നൽകാൻ ആശുപത്രി അധികൃതർ തയ്യാറാകാതിരുന്നതും ഷെഹ്ലയുടെ മരണത്തിന് കാരണമായി.

2020 ജനവുരിയിൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലെ ഒരു സ്കൂളിലും ആറു വയസുകാരന് പാമ്പുകടി ഏറ്റിരുന്നു. 2021ൽ കണ്ണൂർ മയ്യിലെ ഐഎംഎൻഎസ് ഗവ.ഹയർസെക്കൻഡറി സ്‌കുളിലെ ക്ലസ് മുറിയിൽ കണ്ടെത്തിയത് മൂർഖൻ പാമ്പിനെയായിരുന്നു. ഇത്തരത്തിൽ ഒട്ടനവധി സംഭവങ്ങളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എന്തുകൊണ്ടാണ് ഇത്തരത്തിൽ സർക്കാർ സ്കൂളുകളിൽ വിഷപാമ്പുകൾ നിത്യസംഭവങ്ങലാകുന്നത്. സ്കൂളിനോട് ചേർന്നുള്ള കാടുകൾ സർക്കാർ സ്കൂളുകളിലെ സ്ഥിരം കാഴ്ച്ചകളാണ്. നല്ല കെട്ടിടങ്ങളും ചുറ്റുമതിലുകളും ഉണ്ടായിട്ടും ഇത്തരം കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കാൻ ആരും മെനക്കെടാറില്ല. ക്ലാസ് മുറികളിലെ പെയിന്റിം​ഗും വർണ ബലൂണുകളും സൗജന്യ ഭക്ഷണവും നല്ല കാര്യങ്ങളാണെങ്കിലും അതിനുമെല്ലാം അപ്പുറമാണ് അവർക്കൊരുക്കേണ്ട സുരക്ഷ. എന്നാൽ, അക്കാര്യത്തിൽ കേരളത്തിലെ സർക്കാർ സ്കൂളുകളും അവിടെ പ്രവർത്തിക്കുന്ന എസ്എംസികളും എത്രത്തോളം കാര്യക്ഷമമാണെന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിത്.

ഒരു ജീവൻ പൊലിയുമ്പോഴാണ് സർക്കാർ സംവിധാനങ്ങൾ ഉണരുകയും ഇടപെടുകയുമുള്ളൂ. ഇനിയുമൊരു ജീവൻ നഷ്ടമാകുന്നത് വരെ കാത്തിരിക്കാതെ സർക്കാർ സംവിധാനങ്ങൾ‌ അടിയന്തിരമായി ഉണർന്ന് പ്രവർത്തിക്കണം. നമ്മുടെ ഭാവി തലമുറയെ മരണഭയമില്ലാതെ പഠിക്കാനുള്ള അവസരമൊരുക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close