തിരുവനന്തപുരം: ‘ആണായാൽ കരയല്ലേ, പെണ്ണായാൽ കുനിയല്ലേ ആരുണ്ടാക്കി ജൻഡർ റൂൾസ്’ എന്ന ഗാനം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിച്ചു. രണ്ടായിരത്തി ഇരുപത്തൊന്നിലും തുടരുന്ന ലിംഗ വിവേചനങ്ങൾക്കുള്ള ഉത്തമ ഉദാഹരണമാണ് കാർത്തിക് കൃഷ്ണൻ എന്ന യുവാവിന്റെ വൈറൽ ഗാനം.
ആണായാൽ തളരല്ലേ പെണ്ണായാൽ വളരല്ലേ ആരുണ്ടാക്കി ജെൻഡർ റോൾസ് എന്ന് തുടരുന്ന ഗാനം ഇതിനോടകം തന്നെ നിരവധി പേരാണ് പങ്കുവച്ചു രംഗത്തെത്തിയത്. പാട്ട് ചർച്ച ചെയ്യുന്ന രാഷ്ട്രീയം തന്നെയാണ് ഇവിടെയും കൃത്യമായി ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. വിഷമം വന്നാൽ കടിച്ചമർത്തണം, ആരോടും പറയാതെ പിടിച്ചു നിർത്തണം എന്ന് തുടരുകയാണ് ഗാനം. ഇന്നത്തെ കാലത്തും ഭൂരിഭാഗം വീട്ടിലും കുട്ടികൾ അനുഭവിക്കുന്ന ലിംഗ വിവേചനം തുറന്നു കാണിക്കുകയാണ് ഈ പാട്ട്. ഏതവനുണ്ടാക്കിയെ ഈ നിയമങ്ങളൊക്കെ എന്ന് ചോദിച്ചുകൊണ്ടാണ് യുവാവ് പാട്ട് അവസാനിപ്പിക്കുന്നതും.
ആണായത് കൊണ്ട് എന്ത് ചെയ്യണം, ചെയ്യണ്ട എന്നും പെണ്ണായത് കൊണ്ട് എന്ത് ചെയ്യണ്ട, എന്ത് ചെയ്യണമെന്നും തുടങ്ങി സമൂഹം വിലക്കിയ നിയമങ്ങളെ പൊളിച്ചെഴുതുകയാണ് യുവാവിന്റെ പാട്ട്.