KERALANEWS

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സോളാർ പ്ലാന്റ് സ്ഥാപിക്കും; 25 ലക്ഷം രൂപ ചെലവു വരുന്ന പ്ലാന്റിന്റെ പ്രാഥമിക റിപ്പോർട്ട് പൂർത്തിയായി

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ വൈദ്യുതി ആവശ്യങ്ങൾക്ക് സോളാർ പ്ലാന്റ് സ്ഥാപിക്കും. പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചു. അതോടൊപ്പം തന്നെ ആസ്ഥാന മണ്ഡപം ചെമ്പ് പൊതിയുന്ന പദ്ധതി നടപ്പിലാക്കാനും തീരുമാനമായി. ശബരിമലയിൽ സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനു പിന്നാലെയാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലും സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള മൈതാനത്താണ് സൗരോർജ പ്ലാന്റ് സ്ഥാപിക്കുക. വാഹന പാർക്കിങ്ങിനു തടസമില്ലാതെ പ്ലാന്റ് സ്ഥാപിക്കുമെന്ന് അധികാരികൾ അറിയിച്ചു.

ഇതിനു പുറമേ മാസ്റ്റർ പ്ലാനിലുള്ള തന്ത്രി മന്ദിരം, അതിഥി മന്ദിരം എന്നിവ പൂർത്തിയാകുന്നതോടെ പുരപ്പുറ സൗരോർജ പദ്ധതിക്കും ആലോചനയുണ്ട്. ദേവസ്വം ബോർഡ് വൈദ്യുതി വിഭാഗം 25 ലക്ഷം രൂപ ചെലവു വരുന്ന സോളർ പ്ലാന്റിന്റെ പ്രാഥമിക റിപ്പോർട്ട് തയാറാക്കിയെന്നു ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ പറഞ്ഞു. ബോർഡിനു പ്ലാന്റ് നിർമിക്കാനുള്ള സാമ്പത്തിക ശേഷിയില്ല. സ്പോൺസർമാർ വഴി ആവശ്യമായ ഫണ്ട് കണ്ടെത്താനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ആസ്ഥാന മണ്ഡപം ചെമ്പ് പൊതിയുന്നത് ഉൾപ്പെടെയുള്ള 13.5 കോടി രൂപയുടെ പദ്ധതി ഹൈക്കോടതി കമ്മിഷണർ എ.എസ്.പി. കുറുപ്പ് നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ളതാണ്. ക്ഷേത്രത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. അതിനാൽ വികസന പദ്ധതികളുടെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഏഴരപ്പൊന്നാന ദർശനം നടത്തുന്നത് ആസ്ഥാന മണ്ഡപത്തിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close