HEALTHINSIGHT

ജനിതക മാറ്റം വരുത്തിയ പന്നികൾ അവയവങ്ങളുടെ ഉറവിടം; ഇത് ചികിത്സ രംഗത്തെ നാഴികക്കല്ലോ …?

അവയവമാറ്റ ശസ്ത്രക്രിയയിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും പുതിയ പരീക്ഷണത്തിലേക്കാണ് ലോകം ഇപ്പോൾ ഏറെ പ്രതീക്ഷകളോടെ ഉറ്റു നോക്കുന്നത്. മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യുഎസ് സർജൻമാർ വിജയകരമായി പരീക്ഷിച്ചു. ന്യൂയോർക്കിലെ എൻവൈയു ലാംഗോൺ ഹെൽത്ത് ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. പന്നിയുടെ ജീനുകളിൽ മാറ്റം വരുത്തി, നിരസിക്കുന്നതിനുള്ള തന്മാത്രകളെ ഇല്ലാതാക്കിയാണ് ഇത് മനുഷ്യനിൽ പരീക്ഷിച്ചത്. മനുഷ്യ അവയവങ്ങളുടെ അഭാവം പരിഹരിക്കാൻ ഭാവിയിൽ സഹായിക്കുന്ന വലിയൊരു മുന്നേറ്റത്തിനാണ് ഇത് തുടക്കം കുറിക്കുന്നത്.

പിതാവ്, മാതാവ്, സന്താനങ്ങള്‍, കൂടപ്പിറപ്പ് എന്നിവര്‍ ഉള്‍പ്പെടെയുള്ള രക്തബന്ധത്തിലുള്ളവരില്‍ നിന്നും ഭാര്യ, ഭര്‍ത്താവ് എന്നിവരില്‍ നിന്നും വൈകാരികമായി അടുപ്പമുള്ള സുഹൃത്തുക്കളില്‍ നിന്നും വൃക്ക സ്വീകരിക്കാവുന്നതാണ്. ഇതിന് പുറമെ മസ്തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്തിയില്‍ നിന്നും ആ വ്യക്തിയുടെ ബന്ധുക്കളുടെ അനുവാദത്തോടെ വൃക്ക സ്വീകരിക്കാവുന്നതാണ്. 21 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് വൃക്ക ദാനം ചെയ്യാന്‍ ഏറ്റവും അനുയോജ്യരായിട്ടുള്ളത്. എന്നാൽ പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ വിജയകരമായി മാറ്റി വെക്കുക വഴി അവയവ മാറ്റ ശസ്ത്രക്രിയയിൽ നൂതന വഴികൾ തുറന്നിടുകയാണ് ശാസ്ത്ര ലോകം.

വൃക്കദാതാവായ പന്നിയുടെ ജീനുകളിൽ മാറ്റം വരുത്തിയതിനാൽ സ്വീകർത്താവിന്റെ ശരീരം വൃക്കയെ ഉടനെ തള്ളുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പുതിയ വൃക്ക സ്വീകർത്താവിന്റെ രക്തക്കുഴലുകളിലേക്ക് ഘടിപ്പിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ശരീരത്തിന് പുറത്ത് വെച്ചു നിരീക്ഷിക്കുകയായിരുന്നു. മൂന്ന് ദിവസത്തോളം ഇത്തരത്തിൽ നിരീക്ഷണം നടത്തിയതിൽ നിന്നും മാറ്റിവെച്ച വൃക്കയുടെ പ്രവർത്തന ഫലങ്ങൾ ”വളരെ സാധാരണമെന്നുള്ള നിഗമനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

വൃക്കരോഗം അതീവ ഗൗരവതരമായി മാറ്റപ്പെടുകയും സ്ഥായിയായി വൃക്കസ്തംഭനം എന്ന അവസ്ഥയിലെത്തിച്ചേരുകയും ചെയ്താല്‍ പിന്നീട് മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്ക് വലിയ പ്രാധാന്യമുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് വൃക്ക മാറ്റിവെക്കലിനെക്കുറിച്ച് ചിന്തിക്കേണ്ടതായി വരുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ചികിത്സാ രംഗത്തും ശസ്ത്രക്രിയാ രംഗത്തും സംഭവിച്ച നൂതനമായ പരിവര്‍ത്തനങ്ങള്‍ വൃക്കമാറ്റിവെക്കലിനെ സങ്കീര്‍ണ്ണതകള്‍ കുറഞ്ഞ രീതി എന്ന അവസ്ഥയിലേക്ക് മാറ്റിയെടുക്കുന്നതിന് സഹായകമായിട്ടുണ്ട്. വൃക്കമാറ്റിവെക്കലിന് തയ്യാറെടുക്കുന്നവരാണെങ്കില്‍ അനുബന്ധമായ നിരവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

സാധാരണ രീതിയിൽ മനുഷ്യരിൽത്തന്നെ ആരുടെ വൃക്കയും, ആർക്കും സ്വീകരിക്കുവാൻ സാധിക്കില്ല. പലപ്പോഴും സ്വീകർത്താവിന്റെ ശരീരം അത് നിരസിക്കാറാണ് പതിവ്. അപ്പോഴാണ് മറ്റൊരു ജീവിയുടെ വൃക്ക മനുഷ്യരിൽ നിരസിക്കാത്ത രീതിയിൽ മാറ്റുവാനുള്ള സംവിധാനം വികസിപ്പിക്കുന്നതിൽ ഭാഗീകമായെങ്കിലും വിജയിച്ചത്.

മാറ്റിവച്ച വൃക്കയുടെ പ്രവർത്തന ഫലങ്ങൾ “വളരെ സാധാരണമായി കാണപ്പെട്ടു,” പഠനത്തിന് നേതൃത്വം നൽകിയ ട്രാൻസ്പ്ലാൻറ് സർജൻ പറഞ്ഞു. മാറ്റിവച്ച മനുഷ്യ വൃക്കയിൽ നിന്ന് വൃക്ക ” ആവശ്യമായ അളവിൽ മൂത്രവും ഉണ്ടാക്കി.

മനുഷ്യരിൽ ഇത് പരീക്ഷിക്കുന്നതിനു മത വിദഗ്ധരുടെ അനുമതി, മെഡിക്കൽ എത്തിക്സ് എന്നീ കാര്യങ്ങൾ ഒരു കടമ്പ ആണ്. അത് ശരിയായാൽ മസ്തിഷ്കമരണം സംഭവിച്ച ആളുകളിൽ അവയുടെ ബന്ധിക്കളുടെ അനുവാദത്തോടെ പരീക്ഷണം നടത്തും. എന്നിട്ടു മാത്രമായിരിക്കും മനുഷ്യരിൽ വൃക്ക മാറ്റ ശസ്ത്രക്രിയ പരീക്ഷിക്കൂ.

മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയിൽ ആണ് വൃക്ക മാറ്റിവെക്കൽ പരീക്ഷിച്ചത്. അദ്ദേഹത്തിന്റെ വൃക്കയും പ്രവർത്തനരഹിതമെന്നുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങൾ മാറ്റുന്നതിന് മുൻപായി ഇത്തരമൊരു പരീക്ഷണത്തിന് ആ വ്യക്തിയുടെ കുടുംബം പരിപൂർണ്ണ സമ്മതം അറിയിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

വൃക്കയിലേക്കുള്ള രക്തക്കുഴലുകൾ ശരീരത്തിനു പുറത്തേക്ക് എടുത്താണ് പുതിയ വൃക്കയോട് ചേർത്തത്. തുടർന്ന് വൃക്ക സാധാരണ രീതിയിൽ പ്രവർത്തിക്കുകയും മൂത്രം ഉൽപാദിപ്പിക്കുകയും ചെയ്തുവെന്ന് എൻവൈയു ലാൻഗോൺ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. റോബർട്ട് മോണ്ട്‌ഗോമെറി അറിയിച്ചു. പ്രതീക്ഷിച്ചതിലും വിജയമായിരുന്നു ശസ്ത്രക്രിയ. ഇത് ശുഭസൂചനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനിതകമാറ്റം വരുത്തിയ പന്നികൾ അവയവങ്ങളുടെ ഉറവിടമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനെതിരേ ചില ഡോക്റ്റർമാർ രംഗത്തെത്തിയിട്ടുണ്ട്.

പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ വളർച്ച കൈവരിക്കാൻ പന്നികൾക്ക് 6 മാസം മതി. പന്നികളുടെ ഹൃദയവാൽവുകൾ മനുഷ്യരിൽ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ ചില പ്രമേഹരോഗികൾ പന്നികളുടെ പാൻക്രിയാസ് സെല്ലുകൾ സ്വീകരിച്ചിട്ടുണ്ട്. പൊള്ളലേറ്റവർക്ക് താൽക്കാലികമായി പന്നിയുടെ ചർമം ഗ്രാഫ്റ്റ് ചെയ്യാറുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close